HomeSportsഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പര; ആദ്യ മല്‍സരം മഴ മൂലം ഉപേക്ഷിച്ചു

ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പര; ആദ്യ മല്‍സരം മഴ മൂലം ഉപേക്ഷിച്ചു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം മഴ മൂലം ഉപേക്ഷിച്ചു. ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടൂകെട്ടിന്റെ കരുത്തില്‍ തുടങ്ങിയ ഇന്ത്യയ്ക്ക് മഴയുടെ ഇടപെടല്‍ മൂലം 39.2 ഓവറില്‍ 199 റണ്‍സില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു. വിന്‍ഡീസ് വിജയലക്ഷ്യം 26 ഓവറില്‍ 194 എന്ന് നിശ്ചയിച്ചെങ്കിലും പിന്നാലെയെത്തിയ മഴ ഒരു പന്തു പോലും എറിയാന്‍ അനുവദിച്ചില്ല. തുടര്‍ന്നു മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. ഞായറാഴ്ച ഇതേവേദിയില്‍ നടക്കുന്ന രണ്ടാം ഏകദിനവും ഇതോടെ മഴഭീഷണിയുടെ നിഴലിലായി.

ശിഖര്‍ ധവാന്റെയും (87) അജിങ്ക്യ രഹാനെയുടെയും (62) ഓപ്പണിങ് ബാറ്റിങ് കൂട്ടുകെട്ട് ഇന്ത്യയ്ക്കു നല്‍കിയത് 132 റണ്‍സാണ്. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഇന്ത്യയെ ബാറ്റിങിനു വിളിക്കുകയായിരുന്നു. എന്നാല്‍ ഹോള്‍ഡറുടെ തീരുമാനം തെറ്റിപ്പോയി എന്ന രീതിയിലാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബാറ്റു വീശിയത്. ടീമിലേക്കു തിരിച്ചെത്തിയ രഹാനെ കരുതലോടെ കളിച്ചപ്പോള്‍ ധവാന്‍ ഇടയ്ക്കിടെയുള്ള ബൗണ്ടറികളിലൂടെ റണ്‍നിരക്ക് കാത്തു.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ 14-ാം ഓവറില്‍ ശൈലി മാറ്റി. നഴ്‌സിന്റെ ആ ഓവറില്‍ രണ്ടു ഫോര്‍ സഹിതം ഒന്‍പതു റണ്‍സ് പിറന്നു. 21-ാം ഓവറിലാണ് ഇന്ത്യ നൂറു കടന്നത്. കമ്മിന്‍സിന്റെ ഓവറിലെ അവസാന പന്ത് അതിര്‍ത്തി കടത്തി രഹാനെ അര്‍ധ സെഞ്ചുറിയും കടന്നു. രണ്ടാം സ്‌പെല്ലിനെത്തിയ അള്‍സാരി ജോസഫിനെ 23-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്‌സിനു പറത്തി ധവാനും അര്‍ധ സെഞ്ചുറി കടന്നു. അടുത്ത ഓവറില്‍ ജോസഫ് പകരം വീട്ടി. സ്ലോബോള്‍ മിഡോഫിലൂടെ ഉയര്‍ത്താന്‍ ശ്രമിച്ച രഹാനെയ്ക്കു പിഴച്ചു.

പന്തു പോയത് മിഡോണില്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറുടെ കയ്യിലേക്ക്. 78 പന്തില്‍ എട്ടു ഫോറുകള്‍ സഹിതമാണ് രഹാനെ 62 റണ്‍സെടുത്തത്. 25 ഓവറില്‍ 132 റണ്‍സ് ടീം ബോര്‍ഡിലെത്തിച്ചതിനു ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments