HomeMake It Modernവിജയത്തിന്റെ മനഃശാസ്ത്രം ഇതാണോ ?

വിജയത്തിന്റെ മനഃശാസ്ത്രം ഇതാണോ ?

ഒരു കമ്പനി തങ്ങളുടെ തൊഴിലാളികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഒരു സെമിനാറാണ് വേദി. അവതാരകന്‍ പത്തു പേരെ വോളന്‍റിയര്‍മാരായി സ്റ്റെജിലേക്ക് ക്ഷണിച്ചു. പത്തു പേരുടെ കയ്യിലും ഓരോ ബലൂണുകള്‍ നല്‍കി -“എല്ലാവരും അവരവര്‍ക്കു കിട്ടിയ ബലൂണ്‍ ഊതിവീര്‍പ്പിച്ച ശേഷം നന്നായി കെട്ടുക.” ശേഷം എല്ലാവര്‍ക്കും ഓരോ ടൂത്ത് പിക്കുകള്‍ നല്‍കപ്പെട്ടു.

“ഇപ്പോള്‍ നിങ്ങളുടെ ഒരു കയ്യില്‍ ബലൂണും മറുകയ്യില്‍ ടൂത്ത്പിക്കുമുണ്ട്. നിങ്ങളുടെ പക്കല്‍ അഞ്ചു മിനിറ്റ് സമയമുണ്ട്, അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ ആരുടെ പക്കലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് – അവരായിരിക്കും വിജയി. ത്രീ, ടു, വണ്‍ – നിങ്ങളുടെ സമയം ഇതാ ആരംഭിക്കുന്നു”

അവതാരകന്‍റെ വിസില്‍ മുഴങ്ങിയതും വോളന്‍റിയര്‍മാര്‍ ഓരോരുത്തരും സ്വന്തം ബലൂണുകള്‍ സുരക്ഷിതമാക്കാന്‍ ശ്രമിച്ചു കൊണ്ട് തൊട്ടടുത്തു നില്‍ക്കുന്നയാളിന്‍റെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാനുള്ള ശ്രമം തുടങ്ങി. ബലൂണുകള്‍ പൊട്ടുന്ന ശബ്ദം ഹാളില്‍ മുഴങ്ങിത്തുടങ്ങി. സ്വന്തം ബലൂണ്‍ പൊട്ടിയവര്‍ കൂട്ടം ചേര്‍ന്ന് ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ച് അവരുടെ ബലൂണുകളും കുത്തിപ്പൊട്ടിച്ചു. ഒരു മിനിട്ടിനുള്ളില്‍ എല്ലാവരുടെയും കയ്യിലെ ബലൂണുകള്‍ പൊട്ടിത്തീര്‍ന്നു.

“ആരുടെയെങ്കിലും കയ്യില്‍ ബലൂണ്‍ പൊട്ടാതെ അവശേഷിച്ചിട്ടുണ്ടോ ?” പരിശീലകന്‍ ചോദിച്ചു. “ഇല്ല” എല്ലാവരും ഒരേസ്വരത്തില്‍ മറുപടി പറഞ്ഞു.
“മത്സരം തുടങ്ങും മുന്‍പ് ഞാനെന്താണ് പറഞ്ഞത് ?” പരിശീലകന്‍ അവരെ നോക്കി ചോദിച്ചു. “അഞ്ചു മിനിറ്റ് കയ്യിലുള്ള ബലൂണ്‍ പൊട്ടാതെ സൂക്ഷിക്കുന്നവര്‍ വിജയിക്കും” അവര്‍ പറഞ്ഞു.
“മറ്റുള്ളവരുടെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നോ ?”

“ഇല്ല”

“നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലേ ?”

“ഉണ്ടായിരുന്നു”

“എങ്ങനെ ?”

“ആരും പരസ്പരം ബലൂണുകള്‍ കുത്തിപ്പൊട്ടിക്കാതിരുന്നെങ്കില്‍”

“അതേ, ആരും ആരുടെയും ബലൂണുകള്‍ കുത്തിപ്പോട്ടിക്കാന്‍ ശ്രമിക്കാതിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാമായിരുന്നു.”

ഒന്നു നിര്‍ത്തിയശേഷം പരിശീലകന്‍ തുടര്‍ന്നു “വിജയിക്കുവാനായി മറ്റൊരാളെ പരായപ്പെടുത്തണമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. വിജയിക്കുവാനായി മറ്റൊരാള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തണമെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. എന്നിട്ടും നിങ്ങള്‍ പരസ്പരം ബലൂണുകള്‍ പൊട്ടിച്ചു. നമ്മുടെ മനശാസ്ത്രം അങ്ങനെയാണ്. ജയിക്കണോ, ആരെയെങ്കിലുമൊക്കെ തോല്‍പ്പിക്കണം. ആരുടെ കയ്യിലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് അവര്‍ വിജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ഓരോരുത്തരും അവരവരുടെ കയ്യിലെ ടൂത്ത്പിക്കുകള്‍ ഉപയോഗിച്ച് മറ്റേയാളുടെ കയ്യിലെ ബലൂണ്‍ പൊട്ടിച്ചു. ബലൂണ്‍ പൊട്ടിയവര്‍ ഒത്തു ചേര്‍ന്ന് പൊട്ടാത്ത ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ചു. ഇതുതന്നെയല്ലേ വീടുകളില്‍ നടക്കുന്നത്. ജോലിസ്ഥലങ്ങളിളിലും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിയിലും, രാജ്യങ്ങള്‍ക്കിടയിലും നടക്കുന്നത് ?”
“മറ്റുള്ളവരെ പരായപ്പെടുത്തുവാനുള്ള മത്സരത്തില്‍ ആരെങ്കിലും വിജയിക്കുന്നുണ്ടോ ? ഇല്ല, നമ്മളെല്ലാവരും ഒരുമിച്ചു പരാജയപ്പെടുന്നു. മറ്റു പാര്‍ട്ടികളെ കീഴ്പ്പെടുത്തുവാനുള്ള വ്യഗ്രതയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യത്തെയൊന്നാകെ പരാജയപ്പെടുത്തുന്നു.”

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അദ്ദേഹം തുടര്‍ന്നു. “നിങ്ങളെല്ലാവരും ഈയൊരു സത്യം മനസ്സിലാക്കണം –

ഒറ്റയ്ക്ക് നമ്മളൊരു തുള്ളിയാണെങ്കില്‍ ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു സമുദ്രമാണ് !

ഒറ്റക്ക് നമ്മളൊരു ദുര്‍ബലമായ നൂലാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മള്‍ മനോഹരമായൊരു പരവതാനിയാണ് !

ഒറ്റക്ക് നമ്മളൊരു കടലാസാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു പുസ്തകമാണ് !

ഒറ്റക്ക് നമ്മളൊരു കല്ലാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളീ ഭൂമിയാണ് !

പരസ്പരം തോല്‍പ്പിക്കാന്‍ ശ്രമിക്കാതെ ഒറ്റക്കെട്ടായി നിന്നാല്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാം !!”

സദസ്സ് ഒന്നടങ്കം ഹര്‍ഷാരവം മുഴക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു നിര്‍ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments