HomeMake It Modern"ഒരു ബാക്ക് ബെഞ്ചറുടെ കഥ.... ഒരു ടീച്ചറുടേയും"

“ഒരു ബാക്ക് ബെഞ്ചറുടെ കഥ…. ഒരു ടീച്ചറുടേയും”

(നിങ്ങള്‍ക്ക് സമയക്കുറവുണ്ട് എന്നറിയാം… എങ്കിലും കഴിയുമെങ്കില്‍ ഇത് വായിച്ച് തുടങ്ങുക…. കണ്ണ് നിറഞ്ഞില്ലേലും നിങ്ങളുടെ മനസ്സ് നിറയുമെന്ന്‍ എനിക്ക് ഉറപ്പ് തരാന്‍ കഴിയും)

“സുഷമ ടീച്ചറുടെ വീടല്ലേ ഇത്”
ചെറിയ വീടിന്‍റെ ഇടുങ്ങിയ മുറ്റത്ത് തന്‍റെ പുതിയ വിലകൂടിയ കാറ് പാര്‍ക്ക് ചെയ്ത് മുറ്റത്ത് കണ്ട കുട്ടിയോട് അയാള്‍ ചോദിച്ചു. “അതേലോ,… ചെറ്യമ്മേ,.. ഇതാ ആരോ വന്നിരിക്കുന്നു” എന്ന് ആ കുട്ടി അടുക്കളയിലോട്ട്‌ മുഖം തിരിച്ച് വിളിച്ചു പറഞ്ഞു. മണ്ണില്‍ ഏതു നിമിഷവും മുഖം കുത്തി വീഴാം എന്ന നിലയില്‍ നില്‍ക്കുന്ന ആ ചെറിയ കൂരയുടെ അടുക്കളയില്‍ നിന്നും കരിപിടിച്ചൊരു മുഖം ഉമ്മറത്തേക്ക് നടന്നടുത്തു. മുഷിഞ്ഞ സാരിത്തുമ്പ്‌ കൊണ്ട് ആ സ്ത്രീ തന്‍റെ മുഖം തുടച്ചു.
“ആരാ മനസ്സിലായില്ല”എന്ന് പറഞ്ഞ് അവര് വന്നയാളെ സൂക്ഷിച്ച് നോക്കി.
“പേരൊക്കെ പിന്നെപ്പറയാ ടീച്ചറെ.. ഞാന്‍ കൊലായത്ത്ക്ക് കേറി ഇരുന്നോട്ടെ”
അയാളുടെ മുഖത്ത് യാത്ര ചെയ്ത് ക്ഷീണിച്ച നിഴല്‍പാടുകള്‍ കാണാമായിരുന്നു.

“അയിനെന്താ കുട്ടീ,.. കേറി ഇരുന്നോളൂ” എന്നും പറഞ്ഞ് ടീച്ചര്‍ അടുക്കളയിലോട്ട്‌ നടന്നു. അടുക്കള വാതില്‍ക്കല്‍ എത്തിയപ്പോള്‍ അവര് ആ കുഞ്ഞിനെ വിളിച്ചു “അരുണേ.. നീ പോയിട്ട് ത്രേസ്യ ചേച്ചിയോട് കുറച്ച് ടാങ്കിന്‍റെ പൊടി വാങ്ങി വാ.. ഏതോ വല്യ വീട്ടിലെ കുട്ട്യാ.. ഒരു ഗ്ലാസ് വെള്ളം കൊടുക്കാതിരുന്നാ മോശല്ലേ”
“ഇപ്പൊ കൊണ്ടോരാ ചെറ്യമ്മേ” എന്നും പറഞ്ഞ് അവര് നീട്ടിയ ഉരിക്ലാസുമായി അരുണ്‍ ത്രേസ്യേടത്തിയുടെ വീട് ലക്ഷ്യമാക്കി ഓടി.

ടീച്ചര്‍ കലക്കിയ വെള്ളവുമായി മെല്ലെ കോലായിലേക്ക് നടന്നു. എത്ര ശ്രമിച്ചിട്ടും ഓര്‍മയില്‍ തെളിയാത്ത ഈ മുഖം ആരുടെയാണ്..എന്തിനാണ് ഈ കുട്ടി തന്നെ തിരഞ്ഞ് വന്നത്?,.. ഇനി വീട് വല്ലതും മാറി വന്നതായിരിക്ക്യോ? ചോദ്യങ്ങളൊക്കെ ആ മുഖത്ത് മറവിയുടെ മാറാലപറ്റിപ്പിടിച്ച് പല്ലിളിച്ച് കാണിച്ചു. അയാള്‍ കോലായിലെ പൊട്ടിയ കസാരയില്‍ ഇരിക്കുന്നുണ്ട്‌.നല്ല ഗള്‍ഫുകാരന്‍റെ അത്തറിന്‍റെ മണം കോലായില്‍ അലയടിക്കുന്നുണ്ട്.മുഷിഞ്ഞ ഈ കൂരയില്‍ ഇന്നുവരെ ഇങ്ങനെയൊരു വല്യ വീട്ടിലെ കുട്ടി വന്നിട്ടില്ല. എന്തായാലും ചോദിക്കുക തന്നെ. ടീച്ചര്‍ കോലായില്‍ എത്തിയ ഉടനെ അയാള്‍ ബഹുമാനപൂര്‍വ്വം ഇരുന്നിടത്ത് നിന്ന് എണീറ്റു. “ഇരിക്ക് കുട്ട്യേ… ദാ അല്‍പം വെള്ളം കുടിക്കൂ”എന്നും പറഞ്ഞ് സുഷമ ടീച്ചര്‍ വെള്ളം അയാളുടെ കയ്യില്‍ കൊടുത്തു.
ഒറ്റവെലിക്ക് മുഴുവനും കുടിച്ച്. അയാള്‍ ഒന്ന് കിതച്ചു. എന്നിട്ട് അമ്പരപ്പ് വിട്ടുമാറാതെ നില്‍കുന്ന ടീച്ചറുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“ടീച്ചര്‍ക്ക് ഇന്നേ മനസ്സിലായില്ലാലേ ഇപ്പോഴും… ഇങ്ങടെ പഴേ ഒരു വിദ്യാര്‍ഥിയാണ്… ടീച്ചര്‍ടെ കയ്യില്‍ നിന്ന് പൊതിരെ തല്ലും വാങ്ങിയിട്ടുണ്ട്.. ഒന്ന് ഓര്‍ത്ത് നോക്ക്യേ…ഞാങ്ങാട്ടിരി ഇസ്കൂളില് ഏഴ് വരെ ടീച്ചര്‍ ഇന്നേ പഠിപ്പിച്ചിട്ടുണ്ട്….” അത്രയും പറഞ്ഞ് നിര്‍ത്തിയപ്പോള്‍ ടീച്ചറുടെ മുഖത്ത് അമ്പരപ്പ് മാറി ചെറിയൊരു ചിരി വിടര്‍ന്നു. “ആഹാ… ഞാങ്ങട്ടിരി ഇസ്കൂളിലോക്കെ പഠിപ്പിച്ചിട്ട് കൊറെ കാലയില്ലേ കുട്ട്യേ,.. ഒന്നും ഒര്മയില്ലാതായിരിക്കുണൂ… വയസ്സായില്ലേ…”
“ആഹ് ശെരിയാ,.. ഞാന്‍ ടീച്ചറെ ഓരോ ലീവിന് വരുമ്പോഴും അന്വേഷിക്കാറുണ്ട്‌.. ഇന്നലെയാണ് ടീച്ചറുടെ ഇവിടത്തെ അഡ്രസ്സ് കിട്ടിയത്.. അപ്പൂനേ ഓര്‍മ്മയുണ്ടോ ടീച്ഛര്‍ക്ക്.. ഓനാണ്‌ വീട് പറഞ്ഞ് തന്നത്”
അത്രയും പറഞ്ഞപ്പോള്‍ ചുളിവുകള്‍ പ്രായം തീര്‍ത്ത ആ മുഖത്ത് ആശ്ച്ചര്യത്തിന്‍റെ നിഴലാട്ടം അയാള്‍ക്ക് കാണാമായിരുന്നു.

“അപ്പുവോ,.. അവനെ അറിയാതെപിന്നെ… ഞാങ്ങട്ടിരി ഇസ്കൂളില് നിന്ന് എനിക്ക് കിട്ടിയ ഒരേ ഒരു കുട്ട്യാ ഓന്‍.. ഇടക്കിടക്ക് ഇവിടെ വരാറുണ്ട്…കാര്യങ്ങളൊക്കെ അന്വേഷിക്കാന്‍.. ബാക്കി ആര്‍ക്കും ഒരു ഓര്‍മില്യാ ഇന്നേ” അത് പറയുമ്പോള്‍ ആ മുഖത്ത് നനവ്‌ വീഴുന്നുണ്ടായിരുന്നു . അത് കേട്ട് അയാള്‍ തല താഴ്ത്തി ഇരുന്നു. “അല്ല,.. കുട്ടീടെ പേര് പറഞ്ഞില്ലല്ലോ ഇത് വരെ,… ഏഴാം ക്ലാസ്സില് ഏതാ ഡിവിഷന്‍”
“ഏഴ് .ബീയാണ് ടീച്ചറെ,.. ഇങ്ങള് ക്ലാസ് ടീച്ചറായിരുന്ന ഏഴ്-ബി”
“ആഹാ… അതിലാണോ നീ പഠിച്ചത്… അപ്പൊ പേര് പറഞ്ഞാ ഓര്‍മ കിട്ടും.. ഇന്‍റെ അവസാനത്തെ ക്ലാസ്സ്‌ അതായിരുന്നു. അയിന് ശേഷാ ബാലുവേട്ടന്‍ മരിച്ചത്.ഞാന്‍ പഠിപ്പിക്കല് നിര്‍ത്തീതും. അത്രയും പറഞ്ഞ് ടീച്ചര്‍ ഓര്‍മയുടെ ഇടവഴിയിലേക്ക് കുഴിഞ്ഞ കണ്ണുകളെ യാത്രയാക്കി നിശ്ചലയായ് നിന്നു. പെട്ടന്ന് ഓര്‍മകളില്‍ നിന്ന് മുഖം തിരിച്ച് അയാളോട് ചോദിച്ചു.
“ഫസ്റ്റ് ബെഞ്ചിലെ അനിലാണോ.. അതോ റാഫിയോ”
“ആഹാ.. ടീച്ചര്‍ക്ക് ഇപ്പോഴും ക്ലാസില്‍ ഉണ്ടായിരുന്ന കുട്ട്യോള്‍ടെ പേരൊക്കെ ഓര്‍മ്മയുണ്ടാ…”
“പിന്നല്ലാതെ… ഞങ്ങള് ടീച്ചര്‍മാര്‍ക്ക് കുട്ട്യോളെ അങ്ങനെ മറക്കാന്‍ പറ്റോ”
“ആഹ് അതും ശെരിയാ… പക്ഷെ ഇന്നേ ടീച്ചര്‍ക്ക് ഓര്‍മയുണ്ടാവാന്‍ വഴിയില്ല…”
അത്രയും അയാള്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ അവരുടെ ഓര്‍മകളില്‍ നിന്നും ഏഴ്.ബി-യിലേ പൈതങ്ങളുടെ പേരിലേക്ക് ഒരുപാട് പേരുകള്‍ ചേര്‍ത്ത് വെച്ചു. അതൊന്നുമല്ല എന്ന മട്ടില്‍ അയാള്‍ തല ആട്ടികൊണ്ടേ ഇരുന്നു. ഒടുവില്‍ പരാചയം സമ്മതിച്ച് ടീച്ചര്‍ അയാളുടെ മുന്നില്‍ പിന്നെയാര് എന്ന മട്ടില്‍ നിന്നു.

“ടീച്ചറെ,.. ഇങ്ങക്ക് ഒന്നാം ബെഞ്ച് മുതല്‍ നടൂലെ ബെഞ്ച്‌ വരെയുള്ളവരുടെ പേരേ അറിയൂലേ… ലാസ്റ്റു ബെഞ്ചിലും കുറച്ച് കുട്ട്യോള്‍ ഉണ്ടായിരുന്നൂട്ടാ” അതൊരു ഒന്നൊന്നര ചോദ്യവും മറുപടിയുമായിരുന്നു… അത് കേട്ട് ടീച്ചറൊന്ന്‍ ചിരിച്ചു.
“ഇനി പറയാ,… ഇന്‍റെ പേര് അന്‍വര്‍ എന്നാ… അന്ന് ക്ലാസിലെ നിഖിലയുടെ ബാഗില്‍ നിന്ന് അവളുടെ അച്ഛന്‍ വാങ്ങിക്കൊടുത്ത പുതിയ ഹീറോ പെന്‍ കട്ടെടുത്തതിന് ടീച്ചര്‍ പൊതിരെ തല്ലിയ ഒരു ഏഴാം ക്ലാസുകാരനെ ഓര്‍കുന്നുണ്ടോ… അപ്പൂന്‍റെ തൊട്ടടുത്ത ബെഞ്ചില്‍ ഇരിക്കാറുള്ള ഒരു വികൃതി ചെക്കനെ ഓര്‍മയില്ലേ… അന്ന് എല്ലാരുടെയും മുന്നില് വെച്ച് ടീച്ചര്‍ എന്നെ വല്ലാതെ നാണം കെടുത്തിയ ദിവസം ഓര്‍കുന്നുണ്ടോ,… അന്ന് ക്ലാസ് കഴിഞ്ഞ് പോകുമ്പോള്‍ ടീച്ചര്‍ എനിക്ക് തന്ന സര്‍പ്രൈസ് ഗിഫ്റ്റ് ഓര്‍ക്കുന്നുണ്ടോ… എവിടെ… ടീച്ചര്‍ക്ക് മുന്നിലുള്ലോരേ മാത്രല്ലേ ഓര്മൊള്ളൂ” അത്രയും പറഞ്ഞ് അയാള്‍ ടീച്ചറുടെ മുഖത്തേക്ക് നോക്കി. ആ മുഖം വല്ലാത്തൊരു നിസ്സഹായതയോടെ അയാളിലേക്ക് നോക്കി. അന്‍വറോ,…. ഇവന്‍ ഇത്ര വല്യ ചെക്കനായോ ദൈവേ… ടീച്ചറുടെ ഓര്‍മകള്‍ പഴയ ഏഴാം ക്ലാസിലെ ചുവരുകളിലേക്ക് മെല്ലെ നടന്നടുത്തു.

അന്ന് നിഖില വന്ന് തന്‍റെ പുതിയ ഹീറോ പെന്‍ ആരോ എടുത്തു എന്ന് പരാതി പറഞ്ഞപ്പോളാണ് സുഷമ ടീച്ചര്‍ ക്ലാസിലെ ലീഡറായ നിതിനോട് എല്ലാവരുടെയും ബാഗ്‌ പരിശോദിക്കാന്‍ പറഞ്ഞത്. അങ്ങിനെ അന്‍വറിന്‍റെ ബാഗില്‍ നിന്നും തൊണ്ടി മുതല് കണ്ടെടുക്കുകയായിരുന്നു. അന്ന് കള്ളന്‍ എന്ന പേരും വിളിച്ച് അന്‍വറിനേ എല്ലാവരും കളിയാക്കിയിരുന്നു. സുഷമ ടീച്ചറുടെ ചൂരലിന്‍റെ പാട് അന്‍വറിന്‍റെ ചന്തിയില്‍ ചിത്രം വരച്ചിരുന്നു.’ എന്തിനാണ് നീ ഇങ്ങനെ മറ്റുള്ളവരുടെ സാധനങ്ങള്‍ കട്ടെടുക്കുന്നത്’ എന്ന് ചോദിച്ച സുഷമ ടീച്ഛറോട് കണ്ണ് നിറച്ച് തല താഴ്ത്തി അവന്‍ പറഞ്ഞത് കേട്ടിട്ടാണ് ടീച്ചറുടെ കണ്ണും അറിയാതെ നനഞ്ഞത്…

“കൊത്യായിട്ടാ ടീച്ചറെ ,.. ഓള്‍ക്ക് ഇഞ്ഞും കിട്ടൂലോ ഹീറോ പെന്‍.. ഓള്‍ടെ അച്ഛന്‍ ഗള്‍ഫിലല്ലേ… ഇന്‍റെ ഉപ്പാക്ക് ക്ഷയരോഗാണ്…പണിക്ക് കൂടി പോകാനൊക്കൂലാ…ഉമ്മച്ചിക്ക് ഹീറോ പെന്‍ വാങ്ങിതരാനുള്ള കാഷുല്ലാ… അതാ ഞാന്‍….” വാക്കുകള്‍ പൂര്‍ണ്ണമാവാതെ അന്‍വര്‍ തേങ്ങി.കണ്ണിലെ നനവ്‌ മറച്ച് ടീച്ചര്‍ അവനെ ഉപദേശിച്ചു.’ആഗ്രഹായാ ഇങ്ങനെ കട്ടെടുക്കാ ചെയ്യാ,.. നല്ല കുട്ടികള്‍ അങ്ങനെ ചെയ്യാന്‍ പാടുണ്ടോ’… അതിനും അവന്ക്ക് മറുപടി ഉണ്ടായിരുന്നു.
“അയിന് ഞാന്‍ നല്ല കുട്ട്യല്ലല്ലോ,… അതോണ്ടല്ലേ ടീച്ചര്‍ ഇന്നേ ബാക്ക് ബെഞ്ചില്‍ ഇരുത്തിയത്” അവന്‍റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“അങ്ങനെ ആരാ പറഞ്ഞെ ഇന്‍റെ കുട്ട്യേ,.. എന്‍റെ ക്ലാസിലെ എല്ലാരും നല്ല കുട്ട്യോളാ… അന്‍വര്‍ മോനും അങ്ങനെതന്നെയാട്ടോ… മുന്നില് സ്ഥലം ഇല്ലാതോണ്ടാല്ലേ ടീച്ചര്‍ പുറകില് ഇരുത്തിയത്…. പുറകില് ഇരുന്ന് പഠിച്ചോരാ ഒടുവില് വല്യ ആളുകളാവാ.. അബ്ദുല്‍ കലാം പറഞ്ഞത് അങ്ങനല്ലേ.. പിന്നെന്താ” അതൊരു ഉപദേഷമായിരുന്നില്ല അന്‍വറിന്,.. മറിച്ച് അവനതൊരു പ്രചോദനമായിരുന്നു.

അന്ന് കുട്ടികളോട് അന്‍വറിനേ ഇനി കള്ളന്‍ എന്നൊന്നും വിളിക്കരുത് എന്നും പറഞ്ഞ് ക്ലാസ് കഴിഞ്ഞ് പിരിഞ്ഞ് പോകവേ… ഞാങ്ങട്ടിരി ഇസ്കൂളിന്‍റെ മൂവാണ്ടന്‍ മാവിന്‍റെ ചോട്ടിലേക്ക് സുഷമ ടീച്ചര്‍ അന്‍വറിനെ വിളിപ്പിച്ചു. കണ്ണടക്കെടാ കുറുമ്പാ എന്നും പറഞ്ഞ് അന്‍വറിന്‍റെ കൈകളിലേക്ക് അന്ന് സുഷമ ടീച്ചര്‍ നല്‍കിയ ഹീറോ പെന്നിന്‍റെ മഷിക്ക് സ്നേഹത്തിന്‍റെ നിറമായിരുന്നു. അതേ,… ആ പഴയ വികൃതി അന്‍വര്‍ തന്നെയാണ് ഈ ഇരിക്കുന്നത്. അവനിപ്പോള്‍ പഴയ വികൃതിയല്ല,.. ദുബായില്‍ നാല് പ്രൊഡക്ഷന്‍ കമ്പനികളുടെ ഉടമയാണ്..മാസത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരുന്ന നല്ല അസ്സല് മുതലാളി കൂടിയാണ്. അവന്‍ അവന്‍റെ പ്രിയ്യപ്പെട്ട ടീച്ചറെ കാണാന്‍ വന്നിരിക്കുകയാണ്. ടീച്ചര്‍ കണ്ണ് നിറച്ച് അവന്‍റെ അരികിലേക്ക് നടന്നു. ചുളിവ് വീണ ആ കൈകള്‍ കൊണ്ട് അവനെ മെല്ലെ തൊട്ടു.മെല്ലെ പുണര്‍ന്നു. അവന്‍റെ കണ്ണില്‍ പഴയ കുറുമ്പനായ അന്‍വര്‍ മിന്നി മറയുന്നത് ടീച്ചര്‍ കണ്ടു.

പ്രിയ്യപ്പെട്ട ടീച്ചര്‍ക്കായ് കരുതിവെച്ച അഞ്ച് പവനോളം വരുന്ന ഒരു സ്വര്‍ണ്ണ മാലയും കുറച്ച് കാശും അവന്‍ ടീച്ചറുടെ കൈകളില്‍ ഏല്‍പിച്ചപ്പോള്‍ വാങ്ങാന്‍ കൂട്ടാക്കാതെ കണ്ണ് നിറഞ്ഞ് ടീച്ചര്‍ പറഞ്ഞു ” എനിക്കെന്തിനാ കുട്ട്യേ ഇനി കൊറേ കാഷ്,… അന്‍വറെ,.. നീ വന്നല്ലോ എന്നെ കാണാന്‍… എത്രയോ പേരേ പഠിപ്പിച്ചു,.. ആരും എന്നെ തിരിച്ചറിയാറില്ല… ഇത്ര വല്യ നിലയിലായിട്ടും എന്‍റെ ഈ കൂര തേടി വന്നല്ലോ നീ,.. അത് മതി കുട്ട്യേ… സന്തോഷായി… മനസ്സ് നിറഞ്ഞു ഈ ടീച്ചര്‍ക്ക്”. ഒടുവില്‍ അന്‍വറിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി അവന്‍ കൊണ്ടുവന്നതെല്ലാം വാങ്ങേണ്ടി വന്നു ടീച്ചര്‍ക്ക്… “ഇങ്ങടെ മോനാണ് ടീച്ചറെ,… അന്യനൊന്നുമല്ല… അന്ന് തന്ന ഹീറോ പേനക്ക് പകരവുമല്ല ഇതൊന്നും… അതിന് പകരമാവുകയുമില്ല..ഇതല്ല മറ്റൊന്നും … ടീച്ചര്‍ക്കറിയോ ആ പേന ഇന്നും എന്‍റെല് ഉണ്ട്… നിറം പോയെങ്കിലും അയിന് ഇപ്പോഴും ടീച്ചര്‍ടെ സ്നേഹത്തിന്‍റെ ചൂരാ.. ഇന്‍റെ കെട്ട്യോള്‍ ഇടുത്ത് വെച്ചിട്ടുണ്ട്… ഇടക്കൊകെ എന്‍റെ ചെറിയ മക്കളെ കാണിക്കാറുണ്ട്…. അവര്‍ക്ക് അത് വെറും പേനയാ… പക്ഷേങ്കില് ഇക്ക് അങ്ങനെയല്ലല്ലോ” ഇത്രയും പറഞ്ഞ് ‘ഇനി ഭാര്യയേയും മക്കളേയും കൂട്ടി വരണ്ട് ട്ടോ ടീച്ചറെ ‘ എന്നും പറഞ്ഞ് അവന്‍ പടികള്‍ ഇറങ്ങുമ്പോള്‍ കണ്ണില്‍ ഒരു ഏഴ്.ബി തെളിയുന്നുണ്ടായിരുന്നു ടീച്ഛര്‍ക്ക്… കണ്ണിലെ നനവ്‌ കാരണം കാഴ്ചകള്‍ അവ്യകത്മായ ചുവരുകള്‍ക്കുള്ളില്‍ ഒരു ഹീറോ പെന്‍ ഒരു കുറുമ്പന്‍റെ ബാഗില്‍ ചൂരലിന്‍റെ പാടും കാത്ത് കിടക്കുന്നുണ്ടായിരുന്നു…!

അന്‍വര്‍ പോയിരിക്കുന്നു… പക്ഷെ അവന്‍റെ സ്നേഹവാക്കുകളും അവന്‍റെ സമ്മാനങ്ങളും സുഷമ ടീച്ചറുടെ കണ്ണും മനസ്സും ഒരുപോലെ നിറച്ചു. ടീച്ചറ് മനസ്സില്‍ പറയാതെ പറയുന്നുണ്ടായിരുന്നു…. ലാസ്റ്റ് ബെഞ്ചില്‍ കുറുമ്പ് മാത്രമല്ല,.. കുസൃതി മാത്രമല്ല,.. അളവില്ലാത്ത സ്നേഹവും കൂടെയുണ്ട് എന്ന്.
ഇത് സ്നഹേം കൊണ്ട് അതിശയിപ്പിച്ച ലാസ്റ്റ് ബെഞ്ചിലേ അന്‍വറുമാര്‍ക്ക് സമര്‍പ്പിക്കുന്നു.! ചെന്ന്കാണുക,…. ഗുരുനാഥന്മാരെ…. നല്ലവാക്ക് പറഞ്ഞ്തന്നവരെ… രണ്ട് സ്നേഹവാക്ക് അവരില്‍ ചേര്‍ത്ത് വെക്കുക…. അവരുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാവും….. എന്നും!  ആള്‍കൂട്ടത്തില് നിന്നും ടീച്ചറേ,… അല്ലെങ്കില്‍ മാഷേ എന്നുള്ള വിളി അവരും കൊതിക്കുന്നുണ്ടാവാം… അല്ലെങ്കില് കുറച്ച് സ്നേഹവാക്കുകള്‍ കാലങ്ങള്‍ക്കപ്പുറം കാണുമ്പോള്‍ അവര്‍ക്ക് നല്‍കുക…. അവരുടെ പോലിവ് നിങ്ങള്‍ക്ക് കിട്ടുന്ന അനുഗ്രഹമാണ്….!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments