HomeNewsShortപാരിസ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ വിഡിയോ ഐ.എസ് പുറത്തുവിട്ടു

പാരിസ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ വിഡിയോ ഐ.എസ് പുറത്തുവിട്ടു

ബൈറൂത്ത്: പാരിസിൽ 130 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നിലുള്ള ഒൻപത് ഭീകരരുടെ വിഡിയോ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) പുറത്തുവിട്ടു. യുഎസുമായി ചേർന്ന് ഐഎസിനെതിരെ പ്രവർത്തിക്കുന്ന ബ്രിട്ടൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികളെ വീഡിയോയിൽ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ജിഹാദി വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ബെൽജിയം സ്വദേശികളായ നാലുപേർ, മൂന്ന് ഫ്രഞ്ച് പൗരന്മാർ, രണ്ട് ഇറാഖികൾ എന്നിവർ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ട്. ഐഎസിന്റെ വെബ്സൈറ്റിലാണ് ‘അവരെ എവിടെ കണ്ടാലും കൊല്ലുക’ എന്ന തലക്കെട്ടോടെ വിഡിയോ വന്നിരിക്കുന്നത്.

യു.എസ് സൈനിക സഖ്യത്തിൽ ഭാഗമാകുന്ന എല്ലാ രാജ്യങ്ങൾക്കുമുള്ള സന്ദേശമാണ് പാരിസ് ആക്രമണമെന്ന് തീവ്രവാദികൾ പറയുന്നുണ്ട്. ഫ്രഞ്ചും അറബിയുമാണ് ഭീകരർ സംസാരിക്കുന്ന ഭാഷ. ഐ.എസിന്‍റെ അൽ ഹയാത്ത് മീഡിയ സെന്‍റർ തയാറാക്കിയ വിഡിയോയിൽ ഫ്രാൻസിനെ കാൽകീഴിലാക്കിയ സിംഹങ്ങളെന്ന് തീവ്രവാദികളെ വിശേഷിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ ചിത്രം കാണിച്ച ശേഷം തങ്ങളുടെ വിശ്വാസങ്ങൾക്കെതിരെ നിൽക്കുന്നവരെ ഞങ്ങളുടെ വാളുകൾ ലക്ഷ്യമിടുമെന്ന മുന്നറിയിപ്പും ഐഎസ് നൽകുന്നു.

നവംബർ പതിമൂന്നിനാണ് ഫ്രാൻസിനെ ഞെട്ടിച്ച ഭീകരാക്രമണം പാരിസിൽ നടന്നത്. ബറ്റാക്ലൻ തിയേറ്റർ ഹാൾ, ലി കാരിലോൺ ബാർ, ലി പെറ്റിറ്റ് കാബോഡ്ജ് റസ്റ്ററന്‍റ്, ലാബെല്ല എക്യുപ് ബാർ, സ്റ്റാഡെ ഡി ഫ്രാൻസ് ഫുട്ബാൾ സ്റ്റേഡിയം, ഡിലാ റിപ്പബ്ലിക്ക എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments