പ്രതിഷേധം കനത്തു : തബ്രീസ് അന്‍സാരി കേസില്‍ കൊലക്കുറ്റം പുനഃസ്ഥാപിച്ച് പോലീസ്

145

തബ്രീസ് അന്‍സാരിയെന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന കേസില്‍ പോലീസ് കൊലക്കുറ്റം പുനഃസ്ഥാപിച്ചു. ജൂലൈ 29 ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് കൊലക്കുറ്റം ചുമത്തുന്ന ഐപിസി 302 പോലീസ് ഒഴിവാക്കിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയപ്പോഴാണ് ഇപ്പോള്‍ പോലീസ് വീണ്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തിയിരിക്കുന്നത്.

ആകെ 11 പ്രതികളാണ് കേസിലുള്ളത്. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും അന്‍സാരിയുടെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. ഐപിസി 302 ഒഴിവാക്കി കൊലപാതകത്തിനു തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ (ഐപിസി 304) മാത്രം പ്രതികള്‍ക്കെതിരെ ചുമത്തിയതിനെ തുടര്‍ന്നായിരുന്നു അന്‍സാരിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.