HomeAround KeralaThrissurബിസിനസില്‍ പങ്കാളികളാക്കാമെന്നു വിശ്വസിപ്പിച്ചു പലരില്‍നിന്നായി അമ്പതു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

ബിസിനസില്‍ പങ്കാളികളാക്കാമെന്നു വിശ്വസിപ്പിച്ചു പലരില്‍നിന്നായി അമ്പതു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

തൃശൂര്‍: ബിസിനസില്‍ പങ്കാളികളാക്കാമെന്നു വിശ്വസിപ്പിച്ചു പലരില്‍നിന്നായി അമ്പതു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത യുവതി പോലീസിന്റെ പിടിയിലായി. തലോരില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന എറണാകുളം കുമ്പളങ്ങി സ്വദേശിനി സിമി ലാലു (38) ആണു പിടിയിലായത്. സിനിമാ താരമെന്നു തോന്നിപ്പിക്കുന്നത്രയും ആകര്‍ഷണീയതയുള്ള യുവതിക്കെതിരേ എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി തട്ടിപ്പു കേസുകളുണ്ട്.

 

 

സ്വന്തം ആകാര ഭംഗിയും വശീകരിക്കുന്ന സംസാര രീതിയും കൈമുതലാക്കിയാണു തട്ടിപ്പു നടത്തിയിരുന്നത്. സ്വന്തമായി ബിസിനസുണ്ടെന്നും പുതിയ ബിസിനസ് തുടങ്ങുന്നുണ്ടെന്നും പറഞ്ഞു ബോധ്യപ്പെടുത്തിയാണ് പലരില്‍നിന്നായി പണം തട്ടിയെടുത്തത്. ബിസിനസില്‍ പങ്കാളിയാക്കാമെന്നും മാസംതോറും ലാഭവീതം തരുമെന്നും വിശ്വസിപ്പിച്ചാണു തട്ടിപ്പ്.

 

 

തന്റെ കൈയിലെ അമൂല്യമായ സ്വര്‍ണംകൊണ്ടുള്ള ശ്രീകൃഷ്ണ വിഗ്രഹം വിറ്റാല്‍ ഭീമമായ തുക ലഭിക്കുമെന്നു വിശ്വസിപ്പിച്ചു പലരില്‍നിന്നായി പണം കൈവശപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളാണ് തട്ടിപ്പിന് ഇരയായവരില്‍ അധികവും. ഇതിനകം അഞ്ചു പേരാണ് തട്ടിപ്പിനരയായ വിവരം പുറത്തു സമ്മതിച്ചത്. കേസ് ഭയന്നു പലരും മടിച്ചു നില്‍ക്കുകയാണ്.

 

 

സിമിയുടെ ഭര്‍ത്താവ് ലാലു രണ്ടുവര്‍ഷം മുമ്പ് മരിച്ചു. ഇപ്പോള്‍ കലൂര്‍ സ്വദേശി ഗോപകുമാറിനൊപ്പമാണു താമസം. തട്ടിയെടുത്ത പണം ഇയാള്‍ക്കു നല്‍കിയെന്നാണ് യുവതി പറയുന്നത്. പണം ഉപയോഗിച്ച് ഇയാള്‍ ബസും ലോറിയും വാങ്ങിയെന്നും പറയുന്നു. ഇയാളെ പോലീസ് തെരഞ്ഞുവരികയാണ്. തട്ടിപ്പിന് ഇരയായവര്‍ പലതവണ കണ്ടിട്ടുള്ള സ്വര്‍ണ വിഗ്രഹത്തിന്റെ ഒരു ഭാഗത്തു നിറം മാറിയതോടെയാണ് തട്ടിപ്പാണെന്ന സംശയങ്ങള്‍ക്കു തുടക്കമായത്. ഇതു ചോദ്യം ചെയ്തതോടെ സിമി വിഗ്രഹം കിണറില്‍ ഉപേക്ഷിച്ചു. പിന്നീടു വിഗ്രഹം കാണാതായതോടെ കബളിപ്പിക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ സംശയമായി.

 

 

സിമിയുടെ കൈയില്‍ ഒരു സ്വര്‍ണ വിഗ്രഹമുണ്ടെന്ന് ക്രൈം ബ്രാഞ്ച് പോലീസില്‍ വിവരം ലഭിക്കുന്നത് അങ്ങനെയാണ്. ക്ഷേത്ര കവര്‍ച്ചകളെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഏതെങ്കിലും ക്ഷേത്രത്തില്‍നിന്നു മോഷ്ടിച്ച വിഗ്രഹം കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെയാണ് തലോരിലെ സിമിയുടെ വിട്ടിലെത്തി വിശദമായ പരിശോധന നടത്തിയത്. കിണറില്‍ ഉപേക്ഷിച്ച വിഗ്രഹം കണ്ടെടുക്കുകയും ചെയ്തു. തട്ടിപ്പു കേസാണെന്നു ബോധ്യമായതോടെ പ്രതിയെ സഹിതം കേസ് പുതക്കാട് പോലീസിനെ ഏല്‍പിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments