HomeAround KeralaKottayamഈ അടയാളങ്ങൾ നിങ്ങളുടെ വീടുകളിൽ ഉണ്ടോ ? സൂക്ഷിക്കുക; ഭീതിയിൽ ഉറക്കമൊഴിച്ച് കോട്ടയത്തെ ഒരു ഗ്രാമം 

ഈ അടയാളങ്ങൾ നിങ്ങളുടെ വീടുകളിൽ ഉണ്ടോ ? സൂക്ഷിക്കുക; ഭീതിയിൽ ഉറക്കമൊഴിച്ച് കോട്ടയത്തെ ഒരു ഗ്രാമം 

കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി കറുത്ത സ്റ്റിക്കറുകള്‍. വൈക്കത്തും പാമ്പാടിയിലും ഏറ്റുമാനൂരും കോട്ടയം നഗരപ്രദേശത്തുമാണ് വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ചിരിക്കുന്നതായി കണ്ടെത്തിയത്. മോഷ്ടാക്കള്‍ മോഷ്ടിക്കാന്‍ തെരഞ്ഞെടുക്കുന്ന വീടുകള്‍ക്ക് മാര്‍ക്ക് ചെയ്യുന്ന രീതിയിലുള്ള അടയാളങ്ങള്‍ കണ്ടെടുത്തതോടെ, പൊലീസ് വിരലടയാള വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ്. ഓരോ പ്രദേശത്തും സ്റ്റിക്കറുകളില്‍ പതിഞ്ഞ വിരലുകള്‍ക്കു സാമ്യമുണ്ടോയെന്നതാണു പരിശോധന.

കഴിഞ്ഞദിവസം പാമ്പാടി മാരക്കാപ്പളളി ഹരിനന്ദനം ഹരിയുടെ വീട്ടിലായിരുന്നു സമാനരീതിയില്‍ ജനലില്‍ സ്റ്റിക്കര്‍ പതിച്ചതു കണ്ടെത്തിയത്. അമയന്നൂരില്‍ വടക്കേടത്ത് ബാലകൃഷ്ണപിള്ളയുടെ വീടിന്റെ ജനലില്‍ കറുത്ത സ്റ്റിക്കര്‍ പതിപ്പിച്ചതു വെള്ളം ചോദിച്ചെത്തിയ രണ്ടു കുട്ടികളെന്നു സംശയം. പൊലീസും നാട്ടുകാരും ഇവര്‍ക്കായി തിരച്ചില്‍ നടത്തി. ഇന്നലെ രാവിലെ 11.30യോടെയാണു സൈക്കിളില്‍ രണ്ട് കുട്ടികള്‍ വീട്ടിലെത്തിയത്. ഇങ്ങനെ ഭിക്ഷാടനത്തിനും മറ്റും പേരുപറഞ്ഞ് വീടുകളില്‍ എത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കുന്നു.

എല്ലാവീടുകളിലും രാത്രികാലത്ത് പുറത്തുള്ള ലൈറ്റുകള്‍ തെളിക്കുന്നതിനു റസിഡന്റ്‌സ് അസോസിയേഷനുകളോടു നിര്‍ദേശിച്ചിട്ടുണ്ട്. വൈക്കം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഏഴു വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതായി കണ്ടെത്തിയെന്ന് എസ്‌ഐ എം. സാഹില്‍ പറഞ്ഞു. തലയോലപ്പറമ്പില്‍ സമാന രീതിയില്‍ സംഭവമുണ്ടായി. ഇവിടെ പൊലീസ് പരിശോധന നടത്തി. പാമ്പാടിയില്‍ തുടര്‍ച്ചയായി രണ്ടാം ദിനത്തിലും വീടിന്റെ ജനലില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെത്തി. അരുവിക്കുഴി കൂവപ്പൊയ്ക മാടപ്പള്ളിക്കുന്നേല്‍ ഷാജിയുടെ വീടിന്റെ ഇരുനിലകളിലെയും ജനലിലാണു കറുത്ത സ്റ്റിക്കര്‍ പതിച്ചത്. വീടിന്റെ മുകളിലത്തെ നിലയിലും സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്.

പാമ്പാടി സിഐ യു.ശ്രീജിത്ത്, എസ്‌ഐ ടി.ശ്രീജിത്ത്, പള്ളിക്കത്തോട് എസ്‌ഐ മഹേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്റ്റിക്കര്‍ പരിശോധിച്ചു. ടയറിന്റെ ട്യൂബ് പഞ്ചറാകുമ്പോള്‍ ഒട്ടിക്കുന്ന മാതൃകയിലുള്ള സ്റ്റിക്കറാണിത്. ഇന്നലെ രാവിലെയാണു ജനലുകളില്‍ സ്റ്റിക്കര്‍ പതിച്ചതു വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. അരികുവശത്തെ ജനലിലും വീടിന്റെ പിന്നിലെ ജനലിലും പതിച്ചതു കൂടാതെയാണു മുകള്‍ നിലയിലെ പുറകുവശത്തെ ജനലിലും പതിച്ചത്. വിശദമായ പരിശോധനയില്‍ വീടിന്റെ ഓടുകളിലും മറ്റും കാല്‍പാടുകള്‍ പതിഞ്ഞതു പൊലീസ് കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments