HomeAround KeralaKottayamകോട്ടയത്തുനിന്നും മൂന്നാമത്തെ ദമ്പതികളും അപ്രത്യക്ഷരായി; കടുത്ത ആശങ്കയിൽ ജനങ്ങൾ

കോട്ടയത്തുനിന്നും മൂന്നാമത്തെ ദമ്പതികളും അപ്രത്യക്ഷരായി; കടുത്ത ആശങ്കയിൽ ജനങ്ങൾ

കോട്ടയം കുഴിമറ്റം സദനം കവലയ്ക്കു സമീപം പത്തില്‍പറപ്പില്‍ മോനിച്ചനും ഭാര്യ ബിന്‍സി(നിഷ)യെയും കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. എട്ടു മാസത്തിനുള്ളില്‍ ജില്ലയില്‍ നിന്നു കാണാതാകുന്ന മൂന്നാമത്തെ ദമ്പതികളാണു മോനിച്ചയും നിഷയും. കഴിഞ്ഞ ഏപ്രിലില്‍ അറുപറ സ്വദേശികളായ ഹാഷിമിനെയും ഭാര്യ ഹബീബയെയുമാണ് ആദ്യം കാണാതാകുന്നത്. ഇവരെ കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഒരാഴ്ചയ്ക്കു മുന്‍പു മാങ്ങാനം സ്വദേശികളായ വയോധിക ദമ്പതികളുടെ തിരോധാനവും പിന്നാലെ മകന്റെ തൂങ്ങിമരണവും. ഇവരെ കുറിച്ചും അന്വേഷണ സംഘത്തിന് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. വര്‍ധിച്ചു വരുന്ന തിരോധാനങ്ങളില്‍ പോലീസും ആശങ്കയിലാണ്.

ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന മോനിച്ചന്‍ തമിഴ്‌നാട് സ്വദേശിയുമായി ബിന്‍സിക്ക് അടുപ്പമുണ്ടെന്ന സംശയത്തെതുടര്‍ന്നു വീട്ടിലെത്തി നിരന്തരം വഴക്കുണ്ടാകുമായിരുന്നു. സംഭവ ദിവസം വീട്ടില്‍നിന്നും ഒരാള്‍ ഇറങ്ങിപോകുന്നതു മോനിച്ചന്‍ കണ്ടു. ഇത് ആരാണെന്ന് അന്വേഷിച്ചു വീട്ടിലെത്തിയ മോനിച്ചനും ബിന്‍സിയുമായി വാക്കേറ്റമുണ്ടായി. വഴക്കു രൂക്ഷമായതോടെ ബിന്‍സി ഇരുന്ന മുറിയിലേക്കു വെട്ടുകത്തിയുമായി മോനിച്ചന്‍ കയറി പോകുന്നതു കണ്ടതായി കുട്ടികള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

അല്‍പസമയത്തിനുശേഷം ഇയാള്‍ വീടിനു പുറത്തേക്കു പോയി. തൊട്ടു പിന്നാലെ ബിന്‍സിയും ഇറങ്ങിപ്പോയി. ഇരുവരും തിരികെ വരാതായതോടെ മക്കള്‍ കുമരകത്തെ ബന്ധുവീട്ടില്‍ എത്തി കാര്യങ്ങള്‍ പറഞ്ഞു. ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍നിന്നും ബിന്‍സിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ ബിന്‍സിക്കു പരുക്കേറ്റതായി സൂചനയുണ്ട്. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

മാങ്ങാനത്തു നിന്നും കഴിഞ്ഞ തിങ്കളാഴ്ചയാണു വയോധിക ദമ്പതികളായ ഏബ്രഹാമിനെയും (69) ഭാര്യ തങ്കമ്മയെയും (65) കാണാതാകുന്നത്. അതുവരെ ഇവരുടെ കുടുംബത്തില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നുവെന്നു ബന്ധുക്കല്‍ പറയുന്നു. ഇവര്‍ വീടുവിട്ടു പോയതിന്റെ പിന്നാലെ ഏകമകന്‍ ടിന്‍സി ബുധനാഴ്ച ആത്മഹത്യ ചെയ്യുകയും ചെയ്തു. ഗര്‍ഭിണിയായ ഭാര്യ ബെന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണു ടിന്‍സി ആത്മഹത്യ ചെയ്തത്. ഇതിനിടെ ടിന്‍സിയ്ക്കു പെണ്‍കുഞ്ഞു പിറക്കുകയും ചെയ്തു. പ്രസവ ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന ടിന്‍സിയുടെ ഭാര്യ ബെന്‍സിയെ മരണവിവരം ഇനിയും അറിയിച്ചിട്ടില്ല. ബെന്‍സി പ്രസവ ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്നതിനാല്‍ മരണവിവരം ഉടന്‍ അറിയിക്കരുതെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാതാപിതാക്കളെ കണ്ടെത്താന്‍ ടിന്‍സി പോയിരിക്കുക യാണെന്നാണു ബിന്‍സിയെ ധരിപ്പിച്ചിരിക്കുന്നത്. ടിന്‍സിയുടെ മരണവിവരമറിഞ്ഞ് ഏബ്രഹാമും തങ്കമ്മയും മടങ്ങിയെത്തുമെന്നാണു ബന്ധുക്കള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

ഈ വർഷം ഏപ്രില്‍ ആറിനു രാത്രി ഭക്ഷണം വാങ്ങാന്‍ പോയ അറുപറ സ്വദേശികളായ ഹാഷിമിനെയും ഭാര്യ ഹബീബയെയും പിന്നീടാരും കണ്ടിട്ടില്ല. ഇവര്‍ യാത്ര ചെയ്ത കാര്‍ ഉള്‍പ്പെടെയാണ് കാണാതായത്. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം തുടരുകയാണെങ്കിലും ഇവര്‍ എവിടെയാണെന്ന കാര്യത്തില്‍ ഒരു സൂചനയുമില്ല. ദമ്പതികളുടെ ചിത്രവും വിവരങ്ങളും അയല്‍ സംസ്ഥാനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഇടുക്കിയിലെ തേയില തോട്ടങ്ങള്‍ കേന്ദ്രീകരിച്ചു കഴിഞ്ഞാഴ്ചകളില്‍ പരിശോധ നടത്തിയിട്ടും യാതൊരു വിവരവും പോലീസിനു ലഭിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments