HomeAround KeralaKottayamകള്ളനോട്ട് കേസ്സിൽ മകനും ബാങ്കില്‍നിന്ന് 50 ലക്ഷം തട്ടിയ അമ്മയും പിടിയില്‍; അറസ്റ്റിലായത് പാലാ സ്വദേശികൾ

കള്ളനോട്ട് കേസ്സിൽ മകനും ബാങ്കില്‍നിന്ന് 50 ലക്ഷം തട്ടിയ അമ്മയും പിടിയില്‍; അറസ്റ്റിലായത് പാലാ സ്വദേശികൾ

ഫെഡറല്‍ ബാങ്ക് പാലാ ശാഖയിലെ കാഷ് ഡെപ്പോസിറ്റ് മെഷിനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. പാലായിലെ ഒരു സഹകരണ ബാങ്കില്‍നിന്ന് അമ്പത് ലക്ഷം രൂപതട്ടിയ കേസില്‍ ഈ യുവാവിന്റെ അമ്മയെയും പോലീസ് പിടികൂടി. കള്ളനോട്ട് സി.ഡി.എം. മെഷിനില്‍ നിക്ഷേപിച്ചതിന് പാലാ ഓലിക്കല്‍ അരുണ്‍(29) സെബാസ്റ്റിയനെയാണ് അറസ്റ്റ് ചെയ്തത്. സഹകരണ ബാങ്കില്‍ കാഷ്യറായിരുന്ന അമ്മ മറിയാമ്മ (52) അമ്പതു ലക്ഷം തട്ടിയെടുത്തുവെന്നാണ് കേസ്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച അയര്‍ക്കുന്നം സുനിവിലാസ് സുരേഷ് (49), പയപ്പാര്‍ സ്വദശിയും പാലാ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ അനൂപ് ബോസ് എന്നിവരെയും അറസ്റ്റ് ചെയ്തു. പ്രതികള്‍ വേളാങ്കണ്ണിയിലും കരൂരിലും ഒളിവില്‍ താമസിച്ചിരുന്നു.

കഴിഞ്ഞ ദിവസം എറണാകുളത്തെ ഒരു ഫ്ളാറ്റില്‍നിന്നാണ് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജന്‍ കെ. അരമന, എസ്.ഐ.അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അരുണ്‍ പാലായിലെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുവരികയായിരുന്നു. 2000 രൂപയുടെ കളര്‍ പകര്‍പ്പുകള്‍ എടുത്ത് ബാങ്കിന്റെ സി.ഡി.എം. മെഷിനില്‍ നിക്ഷേപിക്കുകയായിരുന്നു. 2000 രൂപയുടെ അഞ്ച് നോട്ടുകളാണ് കണ്ടെത്തിയത്. പോലീസ് പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്പര്‍ തിരിച്ചറിഞ്ഞാണ് അന്വേഷണം ആരംഭിച്ചത്. ഇത്തരത്തില്‍ എറണാകുളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ബാങ്കുകളില്‍ കള്ളനോട്ടുകള്‍ നിക്ഷേപിച്ചശേഷം രണ്ടു ദിവസത്തിനുള്ളില്‍ തുല്യമായ തുക എ.ടി.എം. മുഖേന പിന്‍വലിക്കുകയായിരുന്നു. ഇത്തരത്തില്‍ അമ്പതിനായിരം രൂപയോളം വിവിധ ബാങ്കുകളില്‍നിന്ന് കള്ളനോട്ട് നിക്ഷേപിച്ച് പിന്‍വലിച്ചിട്ടുണ്ടന്ന് പോലീസ് പറഞ്ഞു.

പഴയ സി.ഡി.എം. മെഷീനുകള്‍ക്ക് ഇത്തരത്തില്‍ കള്ളനോട്ടുകള്‍ തിരിച്ചറിയുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ പുതിയ മെഷീനുകള്‍ കള്ളനോട്ടുകള്‍ തിരിച്ചറിയും. പാലായില്‍ സി.ഡി.എം. മെഷീന്‍ കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞതാണ് തട്ടിപ്പ് ഉടന്‍ തിരിച്ചറിയുവാന്‍ ഇടയാക്കിയത്. എറണാകുളത്ത് കമ്പ്യൂട്ടര്‍ സ്ഥാപനവും അരുണ്‍ നടത്തുന്നുണ്ട്. കാഷ്യറായി ജോലി ചെയ്യുന്ന പാലായിലെ സഹകരണ ബാങ്കിന്റെ ലോക്കറില്‍നിന്ന് അമ്പത് ലക്ഷം രൂപയോളം തട്ടിയെടുത്തതിനാണ് മറിയാമ്മയെ പിടികൂടിയത്. ബാങ്ക് അധികൃതര്‍ ഇതുസംബന്ധിച്ച് പോലീസിന് പരാതി നല്‍കിയിരുന്നു. കള്ളനോട്ട് കേസില്‍ മകന്‍ പ്രതിയാണെന്നറിഞ്ഞപ്പോള്‍ മറിയാമ്മ ജോലിക്കെത്തിയില്ല.

ഇതേത്തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് പണം കുറവുള്ളതായി കണ്ടെ ത്തിയത്. വര്‍ഷങ്ങളായി ബാങ്കില്‍ കാഷ്യറായി മറിയാമ്മ ജോലി ചെയ്യുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ തവണയായാണ് പണം മാറ്റിയത്. എല്ലാ ദിവസവും പണം സംബന്ധിച്ച് മാനേജര്‍ പരിശോധന നടത്താത്തതാണ് തട്ടിപ്പ് തിരിച്ചറിയാന്‍ സാധിക്കാത്തതിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഒരു തവണ പരിശോധന നടത്തിയെങ്കിലും പണം താത്കാലികമായി തിരികെ ലോക്കറില്‍ വച്ചിരുന്നതിനാല്‍ തിരിച്ചറിഞ്ഞില്ല.

മകന്റെ ആഡംബര ജീവിതവും കടബാധ്യതയുമാണ് മറിയാമ്മ പണം തിരിമറി നടത്താന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. അരുണ്‍ ആഡംബര കാറുകള്‍ വാങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിറ്റു. വിദേശത്തു പോയ മകള്‍ക്ക് ജോലി ലഭിക്കാത്തതിനാല്‍ തിരികെ വന്നിരുന്നു. ഇതിനും വന്‍തോതില്‍ പണം മുടക്കിയിരുന്നു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായും പണം ചെലവഴിച്ചിരുന്നു. കൂടാതെ മകന്റെ ബിസിനസിലൂടെയും കടബാധ്യതയുണ്ടായിരുന്നു. പ്രൈവറ്റ് ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പണം കടം വാങ്ങിയിരുന്നു. ഇവ നല്‍കുവാനാണ് ബാങ്കില്‍നിന്ന് പണമെടുത്തതെന്ന് പോലീസ് പറയുന്നു. മകളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് പണമെടുത്ത കാര്യം മറിയാമ്മ സമ്മതിച്ചത്. വീഴ്ച വരുത്തിയ മുതിര്‍ന്ന ജീവനക്കാരെ കേസില്‍ പ്രതിയാക്കുന്നതുസംബന്ധിച്ച് നിയമോപദേശം ലഭിച്ചതിനുശേഷം നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments