HomeAround KeralaKollamഈ യാത്ര കാലുകൾ കൊണ്ടല്ല, തളരാത്ത മനസ്സുകൊണ്ട്

ഈ യാത്ര കാലുകൾ കൊണ്ടല്ല, തളരാത്ത മനസ്സുകൊണ്ട്

കൊട്ടാരക്കര: തൊട്ടിലാടുന്ന പ്രായത്തിലേ കാലുകൾ തളർന്ന് പോയി. എന്നിട്ടും സർക്കാർ ആശുപത്രിയുടെ ഡോക്ടർ കസേരയിലേക്ക് അജയകുമാർ ‘നടന്നെത്തിയത്’ തളർന്നുപോയ കാലുകൊണ്ടല്ല, മറിച്ച് തളരാത്ത മനസ്സുകൊണ്ടാണ്. വിധി തളർത്തിയ ജീവിതത്തിൽ തളരാതെ മുന്നേറിയ ഈ യുവ ഡോക്ടർക്ക് ഇന്ന് നിശ്ചയദാർഢ്യത്തിന്റെ ഓർമ്മപുതുക്കൽ കൂടിയാണ്. കൊട്ടാരക്കര തലവൂർ സരസ്വതി മന്ദിരത്തിൽ ശ്രീധരൻ പിള്ളയുടെയും സരസ്വതിയുടെയും നാല് മക്കളിൽ മൂന്നാമനാണ് അജയകുമാർ(44) അടൂർ ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പാവങ്ങളുടെ ഡോക്ടറെന്ന ഖ്യാതി നേടി അജയകുമാർ മികച്ച സേവനം നടത്തുമ്പോൾ ബാല്യത്തിൽ ക്രൂരത കാട്ടിയ വിധിപോലും നാണിച്ചു പോയേക്കും.

ജനിച്ച് രണ്ടര മാസമെത്തിയപ്പോഴാണ് അജയകുമാറിന് പോളിയോ ബാധയിൽ ഇരു കാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടത്. പല ചികിത്സാവിധികൾ പരീക്ഷിച്ചെങ്കിലും പൂർണ്ണമായും വിജയിച്ചില്ല. ഇരു കാലുകളിലും ഊന്നി നിൽക്കാനാകാതെ വീടിന്റെ മൂലയ്ക്കുള്ളിലേക്ക് മകൻ തളയ്ക്കപ്പെടരുതെന്ന് മാതാപിതാക്കൾക്ക് നിർബന്ധ മുണ്ടായിരുന്നു. അവർ അവന് വേണ്ട പ്രോത്സാഹനങ്ങൾ നൽകി. ചികിത്സയിലെ മെച്ചവും അജയന്റെ മനോബലവും ഒന്നിച്ചപ്പോൾ ബലക്ഷയമുള്ള കാലുകൾ മെല്ലെ നിവരാൻ തുടങ്ങി. തലവൂർ ഡി.വി.എച്ച്.എസിലെ അദ്ധ്യാപകനായിരുന്ന അച്ഛനൊപ്പം സ്കൂളിൽ പോയി. മകന്റെ പഠിയ്ക്കാനുള്ള കഴിവിൽ അവർക്ക് ആത്മവിശ്വാസം കൂടി. സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രീഡിഗ്രി പഠനത്തിന് ശേഷം അജയകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർക്കുമ്പോൾ പലരും കളിയാക്കിയിട്ടുണ്ടാകും. പക്ഷേ ഫലമറിഞ്ഞപ്പോൾ ജന്മനാട് ആത്മാർത്ഥമായും സന്തോഷിച്ചു. ഒന്നാം ക്ളാസോടെയാണ് അജയൻ ഡോക്ടർ പരീക്ഷ പാസ്സായത്. എൻ.എസ്.എസ് വാളന്റിയറായി പ്രവർത്തിച്ചിരുന്നതിനാൽ ജോലി കിട്ടുമ്പോൾ പാവങ്ങൾക്ക് സേവനം ചെയ്യാൻ മനസ്സ് പാകപ്പെട്ടിരുന്നു. എംപ്ളോയ്മെന്റ് എക്സ്‌ചേഞ്ച് വഴി 1996 ൽ സർക്കാർ ആശുപത്രിയിൽ താൽക്കാലിക നിയമനം ലഭിച്ചു.

ഇവിടെയിരുന്ന് ആതുരശുശ്രൂഷാ രംഗത്തേക്ക് കാൽ വച്ച അജയകുമാറിന് 2009 ൽ ഇടുക്കി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്ഥിരം നിയമനം ലഭിച്ചു. ഇവിടെ ഒരു മാസം തികയ്ക്കും മുൻപേ അടൂർ ഏറത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ഈ ആരോഗ്യ കേന്ദ്രത്തിന്റെ സുവർണ്ണകാലമായിരുന്നു പിന്നീടുള്ള മൂന്ന് വർഷമെന്ന് ഇന്നാട്ടുകാർ പറയാറുണ്ട് ഇപ്പോഴും. നാഥനില്ലാതെ കിടന്ന ആരോഗ്യ കേന്ദ്രത്തെ ശരിക്കും ചലിപ്പിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. മൂന്ന് വർഷത്തെ ഇവിടത്തെ സേവനത്തിന് ശേഷം ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റം ലഭിച്ചു. ഇവിടെ മെഡിക്കൽ ഓഫീസറുടെ ചുമതലകൂടി ലഭിച്ചതിനാൽ മാറ്റങ്ങൾ ഏറെയുണ്ടാക്കാനായി.

 

ഓരോ കോളനികളിലും ആരോഗ്യ പ്രവർത്തകരുടെ സേവനം എത്തിച്ചു. ശുചിത്വത്തിന് പ്രാധാന്യം നൽകിയുള്ള സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ മികച്ച ആരോഗ്യ കേന്ദ്രമാക്കി മാറ്റാൻ കഴിഞ്ഞതിങ്ങിനെയാണ്. ഐ.എം.എ കൊട്ടാരക്കര യൂണിറ്റ് കമ്മിറ്റിയുടെ സെക്രട്ടറിയായും ട്രഷററായും മികച്ച പ്രവർത്തനം നടത്തി. ചെറുതും വലുതുമായ അംഗീകാരങ്ങൾ ഏറെ അജയകുമാറിനെ തേടിയെത്തുകയും ചെയ്തു. അടൂർ ടി.ബി സെന്ററിന്റെ ചുമതല കൂടിയുള്ള അജയൻ കാറും ഇരുചക്ര വാഹനവുമൊക്കെ ഓടിച്ചാണ് ഇവിടെയെല്ലാം പോകുന്നത്. ഏനാത്ത് പ്രണവം ഹോസ്പിറ്റലിന്റെ എം.ഡിയാണ് ഭാര്യ ഗീത. മകൻ പ്രണവ് അജയ് എട്ടാം ക്ളാസിലും മകൾ പൂണ്യ അജയ് അഞ്ചാം ക്ളാസിലും പഠിക്കുന്നു. ഏനാത്ത് ‘ഗീത’ത്തിലാണ് ഇപ്പോൾ ഈ കുടുംബം താമസിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments