HomeAround KeralaKollamദയനീയനായി ആട് ആന്റണി കോടതിയിൽ; അന്തം വിട്ട് ജനം

ദയനീയനായി ആട് ആന്റണി കോടതിയിൽ; അന്തം വിട്ട് ജനം

കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ കണ്ട് എല്ലാവരും അന്തംവിട്ടു.ഇത് ആട് ആന്റണി ആണോ? താടിയും മുടിയുമെല്ലാം നരച്ച് മുഖത്താകെ ദയനീയ ഭാവം. പൊലീസ് ഡ്രൈവർ മണിയൻ പിള്ളയെ കൊലപ്പെടുത്തിയ കേസിലെ വിചാരണയ്ക്കാണ് ആട് ആന്റണിയെ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും രാവിലെ എട്ടരയോടെ പുറപ്പെട്ട പൊലീസ് സംഘം പത്തേമുക്കാലോടെ ആട് ആന്റണിയെ കോടതിയിൽ കൊണ്ടുവന്നു. കോടതി വരാന്തയിലെ ബഞ്ചിലിരുന്ന് മോഷ്ടാവിന്റെ കൂർമ്മതയോടെ കോടതി പരിസരമാകെ നിരീക്ഷിച്ചു. ഭാര്യമാരോ മറ്റ് ബന്ധുക്കളോ ആടിനെ കാണാൻ കോടതി വരാന്തയിലെത്തിയില്ല. 10.55 ഓടെ ആടിന്റെ ആഭിഭാഷകരായ ബി.എൻ.ഹസ്കറും എൻ.മുഹമ്മദ് നഹാസും അടുത്തെത്തിയപ്പോൾ മുഖത്തെ ദയനീയഭാവം മാറി സന്തോഷം പരന്നു. കൃത്യം 11 മണിക്ക് ബെൽ മുഴങ്ങി കോടതി നടപടികൾ ആരംഭിച്ചു. പൊലീസുകാർ ആന്റണിയുടെ ഒരു കൈയിലെ വിലങ്ങഴി‌ച്ചു. കോടതി മുറിയുടെ മൂലയിൽ തന്റെ കേസ് നമ്പർ വിളിക്കുന്നതും കാത്ത് ദയനീയഭാവത്തിൽ നിന്നു. കേസ് നമ്പർ എസ്.സി 143/ 2016 വിളിച്ചതും ന്യായാധിപന് മുന്നിൽ കൈകൾ കൂപ്പി നീതി നിഷേധിക്കപ്പെട്ടവനായി ഭാവമാറ്റം. മണിയൻ പിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് ഹാജരായി.

 

സാക്ഷി വിസ്താരം ആരംഭിക്കുന്നതിന് കേസ് മാർച്ച് 22 ലേക്ക് മാറ്റി. കോടതി മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങിയ ആട് അഭിഭാഷകനായ ഹസ്‌കറിനോട് ജയിൽ വിശേഷങ്ങൾ പങ്കിട്ടു. ഇന്ന് കേസുള്ള കാര്യം രാവിലെ പൊലീസുകാർ ഒരുങ്ങാൻ പറയുമ്പോഴാണത്രേ അറിഞ്ഞത്. കേസിന്റെ കാര്യത്തിൽ ഭാര്യ കൃത്യമായി ഇടപെടുന്നില്ലെന്നും വക്കീൽ പൂജപ്പുരയിലേക്ക് വരണമെന്നും നേരിട്ട് കാണണമെന്നും ആട് ഹസ്‌കറിനോട് രഹസ്യമായി പറഞ്ഞു. 12 മണിയോടെ ആടിനെ പൂജപ്പുരയിലേക്ക് കൊണ്ടുപോയി. കൊലപാതകം, കൊലപാതക ശ്രമം, വ്യാജ രേഖ ചമയ്ക്കൽ, തുടങ്ങിയ വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ആട് ആന്റണിയുടെ പേരിൽ ചുമത്തിയിട്ടുള്ളത്. മണിയൻ പിള്ളയെ കൊലപ്പെടുത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന പൊലീസുകാരൻ ജോയി ഉൾപ്പടെ 56 സാക്ഷികളാണുള്ളത്.

 

സായുധ പൊലീസ് സംഘം സുരക്ഷയ്ക്ക് ഉണ്ടായിരിക്കണമെന്നായിരുന്നു നിർദ്ദേശം, പക്ഷേ നാല് പൊലീസുകാർ മാത്രമാണ് സുരക്ഷയ്ക്ക് ഉണ്ടായിരുന്നത്. ഒരു പൊലീസുകാരന്റെ പക്കൽ മാത്രമാണ് റിവോൾവർ ഉണ്ടായിരുന്നത്. ഇതിനിടെ, കസ്റ്റഡിയിൽ നിന്നും ആട് ആന്റണി രക്ഷപെട്ടേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപണം ഉയർന്നു. കഴിഞ്ഞ 22ന് വിചാരണ തുടങ്ങാനായിരുന്നു തീരുമാനം. ആറ്റുകാൽ പൊങ്കാല ആയതിനാൽ വേണ്ടത്ര സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതിനെതുടർന്നാണ് കേസ് ഇന്നലത്തേക്ക് മാറ്റിയത്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments