HomeAround KeralaErnakulamസ്റ്റാർട്ടപ്പ് തനിനാടൻ

സ്റ്റാർട്ടപ്പ് തനിനാടൻ

കൊച്ചി ∙ കോളജ് വിട്ടിറങ്ങും മുൻപേ കൊച്ചുപിള്ളേരു പോലും പത്തു പുത്തനുണ്ടാക്കുന്നതു കണ്ടു കേരളത്തിന്റെ മധ്യവയസും വാർധക്യവും പകച്ചു പോയതു കുറച്ചു കാലം മുൻപാണ്. ‘മൊട്ടേന്നു വിരിഞ്ഞില്ല, അതിനു മുൻപേ പയ്യൻമാരു കമ്പനി തുടങ്ങി!’ എന്നവർ പറഞ്ഞതു തെല്ല് അവിശ്വസനീയതയോടെ തന്നെ. ആ അതിശയകാലം പിന്നിട്ടു കേരളത്തിന്റെ യൗവനം സ്റ്റാർട്ടപ്പുകളിലൂന്നി പുതു സ്വപ്നങ്ങൾ തേടുകയാണ്.

ഇതുവരെ പക്ഷേ, എല്ലാ കണ്ണുകളും ഐടിയിലേക്കായിരുന്നു. എല്ലാ നാവുകളും ഐടിയെക്കുറിച്ച് ഇടതടവില്ലാതെ പറഞ്ഞു. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഐടി ക്യാംപസുകൾ, ഒപ്പം, മുളച്ചു പൊന്തിയതിൽ ഏറെയും ഐടി അനുബന്ധ സ്റ്റാർട്ടപ്പുകളും. തൊട്ടതിനും പിടിച്ചതിനും ‘ആപ്പു’ണ്ടാക്കിയ പിള്ളേരെല്ലാം പക്ഷേ, ശ്രദ്ധിക്കപ്പെട്ടില്ല. യുവ സംരംഭകത്വമെന്നാൽ ഐടി, ഐടി അനുബന്ധ സംരംഭങ്ങളായിരിക്കുമെന്ന പൊതു സങ്കൽപം മാറുകയാണ്. എല്ലാ സേവന മേഖലകളിലും സ്റ്റാർട്ടപ്പുകൾ പെരുകുന്നു. കൃഷിയും ഭക്ഷ്യസംസ്കരണവും പോലുള്ള മേഖലകളിൽപ്പോലും നവ സംരംഭങ്ങൾക്കു സാധ്യതയേറെ.

കൊച്ചു കേരളത്തിന്റെ ജനിതക ഘടനയിൽപ്പോലും ഇടമുണ്ട്, കാർഷിക വൃത്തിക്ക്. പണ്ടൊരു തൊടിയും പശുവുമില്ലാത്ത കേരളീയ ഭവനങ്ങൾ കുറവായിരുന്നു. പശുവിന്റെ പാലും തൊടിയിൽ കൊത്തിപ്പെറുക്കി നടന്ന കോഴികൾ സമ്മാനിച്ച മുട്ടകളും വിറ്റു സംരംഭകത്വത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ച വീട്ടമ്മാരുടെ നാട്. രുചിയുടെ കൈപ്പുണ്യം സിദ്ധിച്ച അമ്മമാർ ഇടനേരങ്ങളിൽ ഏത്തക്കാ ചിപ്സും അച്ചാറുമൊക്കെയുണ്ടാക്കി അയൽക്കാർക്കു വിറ്റു കുടുംബ ബജറ്റ് ബാലൻസ് ചെയ്തു. ഇടയ്ക്കു നാം മറന്ന ആ പാഠങ്ങളുടെ വീണ്ടെടുക്കലാണു കാർഷിക, ഭക്ഷ്യസംസ്കരണ രംഗത്തെ ചെറുകിട സ്റ്റാർട്ടപ്പുകൾ. അമ്മമാർക്കു പകരം യുവാക്കളാണ് ഇവയുടെ അമരത്ത്. അവയൊരിക്കലും പെട്ടെന്നു വലിയ തലക്കെട്ടുകൾ സൃഷ്ടിക്കില്ല. പക്ഷേ, ഒരു പറ്റമാളുകൾക്കു പുതു ജീവിതം നൽകും, പ്രത്യേകിച്ചു ഗ്രാമീണ മേഖലകളിൽ. അവരാണു നാടിന്റെ ഭാവി നിർമാതാക്കൾ.

ഐടി ഇതര മേഖലകളിൽ, പ്രത്യേകിച്ചു കാർഷിക, ഭക്ഷ്യസംസ്കരണ മേഖലകളിലെ ചെറുകിട സംരംഭകർക്കു പഠിച്ചു വളരാനുള്ള ഇൻകുബേഷൻ സെന്ററുകൾ അങ്ങിങ്ങു വിരിഞ്ഞുവരുന്നതേയുള്ളൂ. അതിലൊന്നു നമ്മുടെ ജില്ലയിലാണ്.

കേരളത്തിൽ ആരംഭിച്ച ആദ്യ അഗ്രി-ഫുഡ് ബിസിനസ് ഇൻകുബേഷൻ സെന്ററുകളിലൊന്നാണു പിറവം കേന്ദ്രമായ അഗ്രോപാർക്. ‘കാർഷിക, ഭക്ഷ്യസംസ്കരണ മേഖലയിൽ മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കുന്നതിനും നവീന സംരംഭക ആശയങ്ങൾ വികസിപ്പിക്കുന്നതിനും ഇടമൊരുക്കുകയാണ് അഗ്രോപാർക്കിന്റെ ലക്ഷ്യം’ – ചെയർമാൻ ബൈജു നെടുങ്കേരിയുടെ വാക്കുകൾ.

സർക്കാർ ധനസഹായമില്ലാതെയാണ് അഗ്രോപാർക്കിന്റെ പ്രവർത്തനം. അതേസമയം, കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി), കിൻഫ്ര, സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട് (സിടിസിആർഐ), ജില്ലാ വ്യവസായ കേന്ദ്രം, കൃഷി വിജ്ഞാന കേന്ദ്രം, കാർഷിക സർവകലാശാല എന്നിവയുടെയെല്ലാം സാങ്കേതിക സഹായം ലഭിക്കുന്നുണ്ട്, പാർക്കിന്. സ്വന്തമായി സംരംഭമെന്ന ആശയവുമായി അഗ്രോപാർക്കിലെത്തുന്നവർക്കു സ്ഥലസൗകര്യവും ഓഫിസും സാങ്കേതികവിദ്യയും പരിശീലനവും വായ്പാ സൗകര്യവും സീഡ് ഫണ്ടിങ്ങുമെല്ലാം അഗ്രോപാർക് ലഭ്യമാക്കും.

ഏഞ്ചൽ ഇൻവെസ്റ്റർമാരുടെ സഹായം തേടാനും ലൈസൻസുകൾ ലഭിക്കാനും ഉത്പന്നങ്ങൾക്കു വിപണി കണ്ടെത്താനുമെല്ലാം പാർക് സഹായിക്കും. ഇതിനകം, 48 കമ്പനികളാണ് അഗ്രോപാർക്കിൽ ഇൻകുബേറ്റ് ചെയ്തത്. 25 പേർ സ്വന്തം ബ്രാൻഡിൽ ഉൽപന്നങ്ങളുമായി വിപണിയിൽ സജീവം. കൃഷി, ഭക്ഷ്യസംസ്കരണ മേഖലയിൽ തൊഴിൽ പരിശീലനം നേടിയവർ 185 പേർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments