4800ലേറെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ദുബായ്; കാരണം ഇതാണ്

ഓണ്‍ലൈന്‍ വ്യാപാരത്തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്ന് 4800ലേറെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ചതായി ദുബായ് അധികൃതര്‍ അറിയിച്ചു. 30 വെബ്‌സൈറ്റുകളും അടച്ചുപൂട്ടിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി നിരവധി വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദുബയ് സാമ്ബത്തിക വികസന വകുപ്പ് ഇവയ്‌ക്കെതിരേ നടപടികള്‍ സ്വീകരിച്ചത്.

വ്യാപാര നിയമങ്ങള്‍ കര്‍ശനമായ ദുബയില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിലേക്ക് എത്തിക്കുന്നതും ഷോപ്പുകളില്‍ വില്‍പ്പന നടത്തുന്നതും അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈനിലൂടെ തട്ടിപ്പുകാര്‍ രംഗത്തെത്തിയത്. നിലവാരം കുറഞ്ഞതും വ്യാജ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈനിലൂടെ സുലഭമായി ദുബയിലെത്തുന്നുവെന്ന് കാണിച്ച്‌ വഞ്ചനയ്ക്കിരയായ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ബാഗുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍, വാച്ചുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ ബ്രാന്റ് പേരുകളിലാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരം നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റുകള്‍ ആളുകളെ പറ്റിക്കുകയാണെന്ന് അധികൃതര്‍ക്ക് ബോധ്യമായത്. ഈ അക്കൗണ്ടുകള്‍ക്ക് 33.5 ദശലക്ഷം അനുയായികളുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.