HomeFaith''അത്ഭുതകരമായി അവള്‍ സുഖപ്പെട്ടു''; കോട്ടയം മെഡിക്കൽ കോളേജിന്റെ ഐസിയുവിൽ അത്ഭുത രോഗസൗഖ്യം ദൃക്‌സാക്ഷിയായ ഡോക്ടർ പറയുന്നു

”അത്ഭുതകരമായി അവള്‍ സുഖപ്പെട്ടു”; കോട്ടയം മെഡിക്കൽ കോളേജിന്റെ ഐസിയുവിൽ അത്ഭുത രോഗസൗഖ്യം ദൃക്‌സാക്ഷിയായ ഡോക്ടർ പറയുന്നു

ദൈവമാണ് വലിയ വൈദ്യനെന്ന വിശ്വാസമാണ് രോഗികളെ ചികിത്സിക്കുമ്പോള്‍ എന്നെ എപ്പോഴും പിന്തുണയ്ക്കുന്നത്. ദൈവത്തിനുമാത്രം നല്‍കാവുന്ന സൗഖ്യങ്ങള്‍ക്ക് സാക്ഷിയാകാനും ഔദ്യോഗികജീവിതത്തില്‍ എനിക്ക് സാധിച്ചു.

ഏതാണ്ട് 15 വര്‍ഷം മുമ്പ് പാലാ രൂപതയിലെ രത്‌നഗിരി ദൈവാലയ വികാരി ഫാ. തോമസ് ഓലിക്കല്‍ എന്നെ കാണാന്‍ വന്നു. അപ്പോള്‍ ഞാന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ സൈക്യാട്രി വിഭാഗം പ്രൊഫസറാണ്. അച്ചന്റെ ഇടവകക്കാരി 19 വയസുള്ള ഒരു കോളജ് വിദ്യാര്‍ത്ഥിനി മഞ്ഞപ്പിത്തം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ക്രിട്ടിക്കല്‍ ഐ.സി.യുവിലാണ്. അവളെ ഒന്നു കാണണം ഫഅതാണ് അച്ചന്റെ ആവശ്യം. നിയമമനുസരിച്ച് ഐ.സി.യുവില്‍ ആര്‍ക്കും പ്രവേശനമില്ല. ഞാന്‍ അവളെ ചികിത്സിക്കുന്ന ഡോ. ആര്‍.എന്‍.ശര്‍മ്മയെ കണ്ടു. ശര്‍മ്മസാര്‍ പറഞ്ഞു, പെണ്‍കുട്ടിയുടെ നില ക്രിട്ടിക്കലാണ്. എനിക്ക് പ്രതീക്ഷയില്ല. അദ്ദേഹത്തിന്റെ അനുവാദത്തോടെ അച്ചനെയും കൂട്ടി ഞാന്‍ ഐ.സി.യുവില്‍ കയറി. അവള്‍ അബോധാവസ്ഥയിലാണ്.

ഒരു മിനിറ്റ് കഴിഞ്ഞ് അച്ചന്‍ പറഞ്ഞു: എനിക്ക് ഇവള്‍ക്ക് രോഗീലേപനം കൊടുക്കണം. ഡോ.റോയി സഹായിക്കണം. ഐ.സി.യുവില്‍ വേറെ ഒമ്പത് രോഗികള്‍ ഉണ്ട്. ഇതൊന്നും അനുവദനീയമല്ലെന്നും എനിക്കറിയാം. ഞങ്ങള്‍ ഐ.സി.യു ഇന്‍ചാര്‍ജ് സിസ്റ്ററിനോട് പറഞ്ഞു, ഞങ്ങള്‍ ഇവള്‍ക്കായി ഒന്ന് പ്രാര്‍ത്ഥിക്കുകയാണ്. ശബ്ദം ഉണ്ടാക്കുകയില്ല. കര്‍ട്ടന്‍ വലിച്ചിട്ട് അച്ചന്‍ ശുശ്രൂഷ തുടങ്ങി. കപ്യാരുടെ റോള്‍ ഞാന്‍ ഏറ്റെടുത്തു. ചെറുപ്പത്തില്‍ അള്‍ത്താരബാലന്‍ ആയിരുന്നതിനാല്‍ എനിക്ക് പ്രാര്‍ത്ഥനകള്‍ പരിചിതം. അച്ചന്‍ എല്ലാ പ്രാര്‍ത്ഥനയും ചൊല്ലി രോഗീലേപനം നല്‍കി. മൂന്നാംനാള്‍ മുതല്‍ അത്ഭുതകരമായി അവള്‍ സുഖപ്പെട്ടു. ഏഴാംനാള്‍ ബോധം തെളിഞ്ഞ്, പതിനാലാം ദിവസം സുഖമായി ആശുപത്രി വിട്ടു. അച്ചന്റെ കരുണാര്‍ദ്രമായ പ്രാര്‍ത്ഥന സ്വര്‍ഗം തള്ളിക്കളഞ്ഞില്ല. മനുഷ്യകരങ്ങള്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണല്ലോ.

ഞാന്‍ 2009ല്‍ കൊച്ചി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായിരുന്നു. ഒരു ദിവസം ഒരു രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി എന്നെ കാണാന്‍ വന്നു. അവന്‍ പറഞ്ഞു: ഞാന്‍ മൂന്നാം പ്രാവശ്യം ഫസ്റ്റ് എം.ബി.ബി.എസ് പരീക്ഷ തോറ്റു. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണ്. അല്ലാതെ മറ്റു മാര്‍ഗമില്ല.’ അവനത് വെറുതെ പറഞ്ഞതല്ല. നിരാശയില്‍ മുങ്ങിയ ഒരുവന്റെ അവസാന വാക്കുകളാണതെന്ന് എനിക്ക് തോന്നി. കാര്യം അപകടത്തിലേക്കാണു പോകുന്നതെന്ന് ഉറപ്പായപ്പോള്‍ ഞാന്‍ അവനെ എന്റെ മുറിയില്‍ പിടിച്ചിരുത്തി. അന്ന് ഒരുമണിക്കുള്ള കോളജ് കൗണ്‍സില്‍ യോഗം ഞാന്‍ റദ്ദാക്കി, അവന് കൗണ്‍സലിംഗ് നല്‍കി.

അവന്‍ അടുത്ത പരീക്ഷ പാസാകുന്നത് പ്രിന്‍സിപ്പല്‍ ആയ എന്റെ ഉത്തരവാദിത്വമാണെന്ന് ഞാന്‍ അവനോട് പറഞ്ഞു. കൂട്ടുകാരെ വിളിച്ചു വരുത്തി. അവന്‍ എല്ലാ ആഴ്ചയും എന്നെ വന്നു കണ്ടു. യഥാര്‍ത്ഥത്തില്‍ അവന്‍ മിടുക്കനായിരുന്നു. അമിതമായ ഉല്‍ക്കണ്ഠയും വിഷാദവും മൂലം അവന്‍ പരീക്ഷയില്‍ തുടര്‍ച്ചയായി തോറ്റതാണ്. എന്റെ മാനസിക പിന്തുണയോടെ 2010 ല്‍ അവന്‍ പരീക്ഷ യാതൊരു വിഷമവും ഇല്ലാതെ പാസായി. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു അത്. 2014 ല്‍ അവന്‍ ഡോക്ടറായി. പിന്നീട് വിവാഹിതനായി, സന്തോഷത്തോടെ ജീവിക്കുന്നു. 2009 ലെ ആ പകല്‍ നേരത്ത് എന്റെ മുന്നില്‍ വന്നു നിന്ന ആ വിദ്യാര്‍ത്ഥിയെ എന്നിലൂടെ ആശ്വസിപ്പിച്ചത് ദൈവമായിരുന്നു. ദൈവകരുണയാണ് അന്ന് അവനെ ആശ്വസിപ്പിക്കാന്‍ എന്നെ സഹായിച്ചതും.

കോട്ടയം നവജീവനിലും പാലാ മരിയസദനത്തിലുമുള്ള രോഗികളെ ചികിത്സിക്കുന്നതിനും എനിക്കിടവന്നിട്ടുണ്ട്. അവിടങ്ങളിലെല്ലാം ശുശ്രൂഷ ചെയ്യുമ്പോള്‍ ദൈവകരുണയുടെ വഴികള്‍ എത്ര വലുതാണെന്ന ബോധ്യം എന്നില്‍ ഉറച്ചു. പാലായില്‍ മരിയസദനം ആരംഭിക്കുന്ന സമയത്ത് അതിന്റെ സ്ഥാപകനായ സന്തോഷ് എന്നോട് അതെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അഞ്ചോആറോ രോഗികള്‍മാത്രം. ഡോക്ടര്‍ അവരുടെ ചികിത്സയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഇതായിരുന്നു ആവശ്യം. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തുകൊണ്ടിരുന്ന എനിക്ക് ഇങ്ങനെ ഒരു സ്വകാര്യ പ്രസ്ഥാനത്തില്‍ സഹകരിക്കാമോ എന്ന് സംശയമുണ്ടായിരുന്നു.

ഞാന്‍ 1996 ല്‍ പാലായില്‍ പുതിയ വീടുവെച്ച് താമസമാരംഭിച്ച കാലം. ഒരു ദിവസം സന്തോഷ് പറഞ്ഞു. ഫാ. പ്രശാന്ത് ഐ.എം.എസ് ഇന്ന് വരും. ഇവിടെ താമസസൗകര്യമില്ല. ഡോക്ടറുടെ വീട്ടില്‍ അച്ചനെ ഒരു ദിവസം താമസിപ്പിക്കാമോ? ഞാന്‍ സന്തോഷപൂര്‍വം സമ്മതിച്ചു. വൈകിട്ട് എട്ടിന് അച്ചന്‍ വന്നു. ഒമ്പതുമണിക്ക് അച്ചനെ ആഹാരം കഴിക്കാനായി വിളിക്കുന്നതിന് ഞാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ ചെന്നു. അരണ്ട വെളിച്ചത്തില്‍ മുട്ടിന്മേല്‍നിന്ന് കൈകള്‍ വിരിച്ച് പ്രാര്‍ത്ഥിക്കുന്ന അച്ചനെയാണ് ഞാന്‍ കണ്ടത്. പതിയെ എഴുന്നേറ്റ് വന്ന് അച്ചന്‍ പറഞ്ഞു: എനിക്ക് ഇന്ന് ഉപവാസമാണ്, ഭക്ഷണം വേണ്ട. അച്ചന്റെ പ്രാര്‍ത്ഥനയും ഉപവാസവും എന്നെ വല്ലാതെ സ്പര്‍ശിച്ചു. ഞാന്‍ അപ്പോള്‍ത്തന്നെ തീരുമാനിച്ചു ഇനി സര്‍ക്കാര്‍ വിശദീകരണം ചോദിച്ചാലും ശരി, മരിയസദനത്തിലെ ശുശ്രൂഷകളില്‍ സഹകരിക്കണം. അതിനുശേഷം കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ മരിയസദനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

200ല്‍പ്പരം രോഗികള്‍. അവരുടെ കൂടെ താമസിക്കുന്ന സന്തോഷും കുടുംബവും മറ്റു പ്രവര്‍ത്തകരും. അവിടുത്തെ രോഗികളെ ചികിത്സിക്കുന്നതും ദൈവാനുഭവപ്രദം. 2013ല്‍ ഇത്തരം ധര്‍മസ്ഥാപനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെന്റല്‍ ഹെല്‍ത്ത് ആക്ട് അനുസരിച്ച് നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ നോട്ടീസ് വന്നു. ആ സമയം ഞാനും സന്തോഷും മറ്റ് പ്രവര്‍ത്തകരും കൂടി തിരുവനന്തപുരത്ത് ചെന്ന് മന്ത്രി കെ.എം.മാണിയെ കണ്ടു. വിവരങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം 2013 ല്‍ പുതിയ നിയമനിര്‍മാണം നടത്തി ഇത്തരം ധര്‍മസ്ഥാപനങ്ങളുടെ രക്ഷക്കെത്തിയ കാര്യവും സന്തോഷത്തോടെ ഓര്‍ക്കുന്നു.

കേവലം ഔദ്യോഗികജീവിതത്തിനപ്പുറം ആത്മീയ അനുഭവങ്ങളിലൂടെ എന്നെ അവിടുന്ന് നടത്തി. ഇന്നും അത് തുടരുമ്പോള്‍ ഒരിക്കല്‍ക്കൂടി പറയട്ടെ, ദൈവമേ നന്ദി..

കടപ്പാട് : us.sundayshalom.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments