HomeFaithവർഷങ്ങളായി വീൽചെയറിൽ അനങ്ങാനാവാതെ കഴിഞ്ഞ യുവതിക്ക് അത്ഭുത രോഗസൗഖ്യം

വർഷങ്ങളായി വീൽചെയറിൽ അനങ്ങാനാവാതെ കഴിഞ്ഞ യുവതിക്ക് അത്ഭുത രോഗസൗഖ്യം

അരൂപിയായ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള സംശയം എല്ലാക്കാലത്തും മനുഷ്യന്റെ മനസിലുണ്ടായിട്ടുണ്ട്. അതിനാൽത്തന്നെ ദൈവം സത്യമാണോ മിഥ്യയാണോ എന്നതിനെക്കുറിച്ചുള്ള തർക്കങ്ങളും നടക്കുന്നുണ്ട്. എന്നാൽ ദൈവം സജീവമായി ഈ ലോകത്തിലുണ്ട് എന്നതാണ് സത്യം. ”യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്താ. 28:20) എന്ന ദൈവപുത്രന്റെ വാക്കുകൾ അതാണ് നമ്മെ ഓർമിപ്പിക്കുന്നത്. പല തരത്തിലുള്ള അടയാളങ്ങളിലൂടെ അവിടുന്ന് തന്റെ സജീവസാന്നിധ്യം ഇന്നും വെളിപ്പെടുത്തുന്നുണ്ട്. ദൈവം ഇല്ല എന്നു പറയുന്ന നിരീശ്വരവാദികളെപ്പോലും ചിന്തിപ്പിക്കുന്ന തരത്തിൽ ദൈവം ഇടപെടുന്നുണ്ട്. അതിനു തെളിവാണ് ഈ സംഭവം.

വർഷങ്ങളായി ഗ്രേസിയും കുടുംബവും ഗുജറാത്തിലെ സബർകാന്തയിലാണ് താമസം. ഭർത്താവ് നേരത്തെ മരിച്ചു. രണ്ടുമക്കളും ജോലിയുമായി പുറം നാടുകളിൽ. ഒറ്റക്കുള്ള ജീവിതമായിരുന്നെങ്കിലും ഒന്നിനും കുറവുണ്ടായിരുന്നില്ല. സഹായിക്കാനായി അടുത്ത വീട്ടിലെ ആളുകളെ മകൾ ഏർപ്പെടുത്തിയിരുന്നു. ദിവസവും പള്ളിയിൽ പോകുന്ന സ്വഭാവക്കാരിയായിരുന്നു 48 വയസ്സുള്ള ഗ്രേസി. അങ്ങനെയിരിക്കെയാണ് 2009 ജൂണിൽ ഗ്രേസി തലചുറ്റി വീഴുന്നത്. തലയടിച്ചു വീണ ഗ്രേസിയെ ആശുപതിയിൽ എത്തിച്ചു. ഐ സി യു വിൽ ബോധമില്ലാതെ മരണത്തിനും ജീവിതതിനുമിടയിൽ കുറെ ദിവസങ്ങൾ ഗ്രേസി കിടന്നു. വീഴ്ചയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. കഷ്ടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഗ്രേസിയുടെ പിന്നീടുള്ള ജീവിതം വീൽചെയറിൽ ഒതുങ്ങി. എണീറ്റാൽ ഉടൻ ശരീരം ഒരു വശത്തേക്ക് നീങ്ങി വീണുപോകുന്ന അവസ്ഥ. വീട്ടിൽ എത്തിയെങ്കിലും ഗ്രേസിയുടെ കൂടെ അധികനാൾ നില്ക്കാൻ മക്കൾക്ക് ആവുമായിരുന്നില്ല. വീട്ടിൽ ഒരാളെ കൂലിക്കു നിർത്തി മക്കൾ തിരിച്ചു പോയതോടെ ജീവിതം വല്ലാതെ മടുത്തുപോയി ഗ്രേസി. എന്നും പള്ളിയിൽ പോയിരുന്ന, ദൈവത്തോട് ചേർന്ന് നിന്നിരുന്ന തനിക്ക് ദൈവം എന്തെ ഇങ്ങനൊരു വിധി സമ്മാനിച്ചു എന്ന് ഗ്രേസി പലവട്ടം ആലോചിച്ചു. എന്നാൽ, ദൈവത്തിന്റെ തീരുമാനങ്ങൾ പലപ്പോഴും മനുഷ്യർക്ക് മനസ്സിലാവില്ല. ഗ്രേസിയിലൂടെ വലിയൊരു രഹസ്യം ലോകത്തിനു വെളിപ്പെടുത്താൻ ദൈവം തയ്യാറെടുക്കുകയായിരുന്നു.

2009 ൽ വീൽചെയറിൽ ഒതുങ്ങിയ ഗ്രേസി 2016 വരെ അതേനിലയിൽ കഴിഞ്ഞു. സ്വന്തം കാര്യങ്ങൾ ചെയ്യാൻ പോലും മറ്റുള്ളവരെ ആശ്രയിച്ചുള്ള ജീവിതം. ഇതിനിടയിലും ഗ്രേസി പ്രാർത്ഥന മുടക്കിയില്ല. എല്ലാ ശനിയാഴ്ചകളിലും അച്ചൻ പള്ളിയിൽനിന്നും കുർബാന എഴുന്നള്ളിച്ച് വീട്ടിൽ കൊണ്ടുവന്നു ഗ്രേസിക്കു കൊടുത്തിരുന്നു. അപ്പോഴൊക്കെയും ഗ്രേസി പ്രാർത്ഥിച്ചു. ”കർത്താവേ, അങ്ങ് മനസാകുന്നുവെങ്കിൽ എന്നെ സുഖപ്പെടുത്താൻ കഴിയും. ജറുസലേമിലൂടെ ജീവനോടെ നടന്ന അങ്ങുതന്നെയാണ് ദിവ്യകാരുണ്യത്തിൽ ഈ തിരുഅപ്പത്തിൽ സന്നിഹിതനായിരിക്കുന്നത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്റെ പാപങ്ങൾ ക്ഷമിക്കണമേ, ഞാൻ സുഖപ്പെടും.” പ്രാർത്ഥനയും മറ്റുമായി ഗ്രേസി ദിവസങ്ങൾ തള്ളി നീക്കി. 2016 ഓഗസ്റ്റ് 15 ന് ദൈവം ഗ്രേസിയുടെ ജീവിതത്തിൽ നേരിട്ട് ഇടപെട്ടു. ആരും അടുത്തില്ലാതെ മരണം മുന്നിൽ കണ്ട ആ നിമിഷത്തിൽ, തന്നെ രക്ഷിക്കാനായി ദൈവം നടത്തിയ ആ അത്ഭുത ഇടപെടൽ അവർ വിവരിക്കുന്നതിങ്ങനെ:

”സ്വാതന്ത്യ ദിനമായതിനാൽ വീട്ടിൽ നിൽക്കുന്ന കുട്ടി അവളുടെ കുട്ടികളെ പുറത്തു കൊണ്ടു പോയിരിക്കുകയായിരുന്നു. ഒറ്റക്കിരിക്കാൻ പേടിയൊന്നുമില്ലായിരുന്നു. കാരണം എനിക്കതൊക്കെ ശീലമായിക്കഴിഞ്ഞിരുന്നു. രാത്രി ഏകദേശം 8 മാണി കഴിഞ്ഞു എന്നുതോന്നുന്നു, എനിക്ക് ചെറിയ തലവേദന തുടങ്ങി. സാരമാക്കാതെ ഞാനിരുന്നു. എന്നാൽ, പെട്ടെന്നാണ് തലവേദനയുടെ സ്വഭാവം മാറിയത്. വല്ലാതെ അത് തീവ്രമാകാൻ തുടങ്ങി. തല പൊട്ടിപ്പോകുന്ന വേദന. മാത്രമല്ല, മൂക്കിൽ നിന്നും ചെറുതായി രക്തം വരാനും തുടങ്ങിയതോടെ ഞാൻ വല്ലാതെ പേടിച്ചു. ആദ്യമായിട്ടായിരുന്നു ഇങ്ങനെ. മരണം മുന്നിലെത്തി എന്നെനിക്കു തോന്നി. കാരണം വിളിച്ചാൽ വരാൻ പോലും ആരുമില്ല. ദൈവമേ എന്നെ രക്ഷിക്കണേ എന്നു ഞാൻ ഉറക്കെ കരഞ്ഞു.

സ്ഥിരമായി കാണുന്ന ഡോക്ടറെ ഫോണിൽ വിളിക്കാനായി മൊബൈൽ ഞാൻ തപ്പി. എന്നാൽ വേദന മൂലം ആദ്യം കണ്ടെത്താനായില്ല. വീൽ ചെയറിൽ തെരഞ്ഞു ഞാൻ മൊബൈൽ എടുത്തു. വീട്ടിലെ കുട്ടിയെ വിളിക്കാൻ എന്തുകൊണ്ടോ എനിക്ക് തോന്നിയില്ല. ഡോക്ടറിന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങവേ എന്റെ കാഴ്ച മങ്ങുന്നതുപോലെ തോന്നി. പിന്നീട് കണ്ടതെല്ലാം ഒരു സ്വപ്നം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.

വാതിൽ പൂട്ടിയിട്ടുണ്ടായിരുന്നില്ല. കതകു തുറന്ന്‌ ആരോ ഒരാൾ കയറിവരുന്നത് എനിക്കു കാണാമായിരുന്നു. അതൊരു പുരുഷനായിരുന്നു. അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. അവ്യക്തമായി ഞാൻ എന്റെ അസുഖത്തെക്കുറിച്ച് പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ ആ മനുഷ്യൻ എന്റെ കൈ പിടിച്ചു. അൽപനേരം നിന്നതിനു ശേഷം എന്നെ വലിച്ച് എഴുന്നേൽപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നതായി എനിക്കു തോന്നി. വീൽ ചെയറിൽ നിന്നും ഞാൻ മെല്ലെ എഴുന്നേറ്റു. നടക്കാൻ അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ നടന്നു. താഴെ വീഴാതെതന്നെ ! !

കുറേനേരം കഴിഞ്ഞാണ് എന്താണു സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായത്. അപ്പോൾ ഞാൻ നിൽക്കുകയായിരുന്നു. പതിയെ ഞാൻ നടന്നുനോക്കി. ഇല്ല, കുഴപ്പമില്ല. കാലുകൾക്ക് ശക്തി വന്നതുപോലെ. തലവേദന മാറിയിരിക്കുന്നു. ഭയന്നുപോയ ഞാൻ അകത്തെ മുറിയിൽ നിന്നും പുറത്തിറങ്ങാനായി ഓടി. മുൻവശത്തെ വാതിൽ അടച്ചിരുന്നു.

പ്രാർത്ഥിക്കാനായി മുൻവശത്തെ മുറിയിൽ ഒരു തട്ടിൽ ബൈബിൾ വച്ചിരുന്നു. അന്ന് പ്രാർത്ഥനയ്ക്ക് ശേഷം ഞാനത് അത് അടച്ചു വച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ അത് തുറന്നിരിക്കുന്നതായി കണ്ടു. പെട്ടെന്ന് എനിക്ക് ബൈബിളിന്റെ അടുത്തേക്ക് ചെല്ലാനാണ് തോന്നിയത്. തുറന്നു വച്ചിരിക്കുന്ന ബൈബിളിൽ പുറപ്പാടിന്റെ പുസ്തകമായിരുന്നു. അതിൽ 15 മത്തെ അദ്ധ്യായം ഇരുപത്താറാം വാക്യമാണ് ആദ്യം ഞാൻ കണ്ടത്: അതിങ്ങനെയായിരുന്നു:

”അവിടുന്ന് അവരെ പരീക്ഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: നീ നിന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയില്‍ ശരിയായതു പ്രവര്‍ത്തിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ഞാന്‍ ഈജിപ്തുകാരുടെമേല്‍ വരുത്തിയ മഹാമാരികളിലൊന്നും നിന്റെ മേല്‍ വരുത്തുകയില്ല; ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ് ”

വാതിൽ തുറന്ന്‌ ഞാൻ പുറത്തിറങ്ങി അല്പദൂരം മുന്നിലുള്ള മറ്റൊരു ക്രിസ്ത്യൻ കുടുംബത്തിലെത്തി. ആരെങ്കിലും എന്റെ വീട്ടിലേക്കു വരുന്നതായി കണ്ടോ എന്നു ഞാൻ അവരോടു തിരക്കി. എന്നാൽ അവർ മറുപടി പറയാതെ അത്ഭുതത്തോടെ നിൽക്കുന്നത് കണ്ടപ്പോഴാണ് എനിക്കു മനസ്സിലായത് എന്റെ അസുഖം പൂർണ്ണമായും മാറിയിരിക്കുന്നുവെന്ന്. കുറേനേരമായി ആരും അതുവഴി വന്നിട്ടില്ല എന്നു അവർ പറഞ്ഞു. ദിവ്യകാരുണ്യനാഥൻ തന്റെ മഹത്വ പൂർത്തീകരണത്തിനായി എന്നെ കരുവാക്കുകയായിരുന്നു.” പറഞ്ഞു തീർന്നു ഗ്രേസി വിതുമ്പി.

ഗ്രേസിക്ക് ഇപ്പോഴും അമ്പരപ്പ് മാറുന്നില്ല. അനേക വർഷങ്ങളായി തന്നെ അലട്ടിയിരുന്ന മാറാരോഗം പൂർണ്ണമായും വിട്ടുപോയെന്ന് അവർക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ദിവ്യകാരുണ്യനാഥൻ തനിക്കു നൽകിയ ആ രോഗശാന്തിയെക്കുറിച്ചു പറയുമ്പോൾ ഗ്രേസി പലപ്പോഴും വിതുമ്പി. ലോകത്തിന്റെ അവസാനംവരെ ഞാൻ നിങ്ങളോടൊപ്പമുണ്ട് എന്ന് വാഗ്ദാനം ചെയ്ത ദൈവം വിശുദ്ധ കുർബാനയിൽ സത്യമായും സന്നിഹിതനാണ്. ജീവനില്ല എന്ന് തോന്നിക്കുന്ന അപ്പത്തിൽ ജീവന്റെ നാഥൻ നിശ്ചയമായും സന്നിഹിതനാണ്. അതിനാൽ, രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഞാൻ ജീവിച്ചിരുന്നെങ്കിൽ എനിക്ക് യേശുവിനെ കാണാമായിരുന്നു, അവിടുത്തെ അനുഗ്രഹങ്ങൾ സ്വീകരിക്കാമായിരുന്നു എന്ന നഷ്ടബോധം വേണ്ട. സർവശക്തനായ ദൈവം ഇന്നും നിന്റെ മുൻപിലുണ്ട്. അതിനാൽ നിന്നെ നടുക്കുന്ന ജീവിതപ്രശ്‌നങ്ങളുടെ മുൻപിൽ തളർന്നിരിക്കേണ്ടവനല്ല നീ. അവിടുത്തെ നോക്കി ഗ്രേസി കരഞ്ഞതുപോലെ കരയുക. നീയും അനുഗൃഹീതനാകും. കാരണം, അവിടുത്തെ വാഗ്ദാനമാണത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments