HomeFaithവിശുദ്ധ കുര്‍ബാന സ്വീകരിക്കേണ്ടത് നാവിലോ കയ്യിലോ? മാർപ്പാപ്പയുടെ കൃത്യമായ ആ നിർദേശം ഇങ്ങനെ:

വിശുദ്ധ കുര്‍ബാന സ്വീകരിക്കേണ്ടത് നാവിലോ കയ്യിലോ? മാർപ്പാപ്പയുടെ കൃത്യമായ ആ നിർദേശം ഇങ്ങനെ:

വിശുദ്ധ കുര്‍ബാന സ്വീകരണം നാവിലോ, കൈയ്യിലോ, എന്ന വിഷയത്തില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ. തിരുസഭാ പാരമ്പര്യമനുസരിച്ചും, മെത്രാന്‍മാരുടെ കോണ്‍ഫറന്‍സുകളില്‍ തീരുമാനിച്ചതനുസരിച്ചും വിശ്വാസികള്‍ക്ക് ഭക്തിപൂര്‍വ്വം മുട്ടിന്‍മേലോ, നിന്നുകൊണ്ടോ തങ്ങളുടെ സൗകര്യാര്‍ത്ഥം വിശുദ്ധ കുര്‍ബാന നാവിലോ, കയ്യിലോ സ്വീകരിക്കാവുന്നതാണെന്ന് പാപ്പ പറഞ്ഞു. ആഴ്ചതോറുമുള്ള തന്റെ പൊതു അഭിസംബോധനയുടെ ഭാഗമായി മാര്‍ച്ച് 21 ബുധനാഴ്ച വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് നടത്തിയ പൊതു അഭിസംബോധനയിലാണ് പാപ്പാ ദിവ്യകാരുണ്യ സ്വീകരണത്തെക്കുറിച്ച് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

“ആരൊക്കെ എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നുവോ അവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കും” എന്ന യേശുവിന്റെ വാക്കുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ തുടര്‍ച്ചയാണ് ദിവ്യകാരുണ്യ സ്വീകരണമെന്ന് പാപ്പാ വിശ്വാസ ഗണത്തെ ഓര്‍മ്മിപ്പിച്ചു. “വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായിട്ടുള്ള യേശുവിന്റെ തിരുശരീരത്തെ വിശ്വാസികള്‍ക്കും പങ്കുവെക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. ഓരോ പ്രാവശ്യവും നമ്മള്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ നമ്മള്‍ യേശുവിനെ പോലെ ആയിത്തീരുകയാണ്; നമ്മള്‍ യേശുവില്‍ രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. കാരണം വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ നമ്മള്‍ യേശുവിന്റെ ശരീരമായി മാറുകയാണ്. ഇത് മനോഹരമായ ഒരു കാര്യമാണ്”.

അള്‍ത്താരയില്‍ പുരോഹിതന്‍, വാഴ്ത്തിയ തിരുവോസ്തി മുറിക്കുന്ന സമയത്ത് ഉയര്‍ത്തുന്ന “ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന വാക്കുകള്‍ വിശ്വാസികള്‍ വിചിന്തനം ചെയ്യുന്നത് അഭികാമ്യമായിരിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത് മനസ്സില്‍ നിശബ്ദമായി യേശുവിനോടു പ്രാര്‍ത്ഥിക്കണമെന്ന്‍ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുവാനും പാപ്പാ മറന്നില്ല. ദിവ്യകാരുണ്യ സ്വീകരണം മുട്ടിന്‍മേല്‍ നിന്നുകൊണ്ട് നാവില്‍ തന്നെ സ്വീകരിക്കണമെന്ന് വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ നിരന്തരം അഭിപ്രായപ്പെട്ടിരിന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ സൗകര്യാര്‍ത്ഥം വിശുദ്ധ കുര്‍ബാന നാവിലോ, കയ്യിലോ അതീവ ഭക്തിപൂര്‍വ്വം സ്വീകരിക്കാവുന്നതാണെന്ന പാപ്പയുടെ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments