HomeNewsLatest Newsവയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കുക; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കുക; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക ഒ ആര്‍ എസ്‌ ദിനത്തോനടനുബന്ധിച്ചാണ് വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാ​ഗ്രത വേണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്. നാളെയാണ് ലോക ഒ ആര്‍ എസ്‌ ദിനമായി ആചരിക്കുന്നത്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ ആര്‍ എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ ആര്‍ എസ്, സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്.

വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിര്‍ജലീകരണം, പാനീയങ്ങള്‍ കുടിക്കാന്‍ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകള്‍, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. എല്ലാ വര്‍ഷവും ജൂലൈ 29 ലോക ഒ ആര്‍ എസ് ദിനമായി ആചരിക്കുന്നു. മഴക്കാലമായതിനാല്‍ കോളറ, ടൈഫോയിഡ്, ഡയേറിയ, ഡിസെന്‍ട്രി, ഹെപ്പറ്റൈറ്റിസ് എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് രോഗ നിയന്ത്രണത്തിനും ബോധവല്‍ക്കരണത്തിനുമായാണ് ലോക ഒ ആര്‍ എസ് ദിനം ആചരിക്കുന്നത്. വയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജലീകരണം തടയുവാനും ജീവന്‍ രക്ഷിക്കാനും ഒ ആര്‍ എസ് സഹായിക്കും. പാനീയ ചികിത്സ കൊണ്ട് നിര്‍ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.

ഒ ആര്‍ എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. രോഗികള്‍ക്ക് ലവണാംശമുള്ള ഒ ആര്‍ എസ്. നല്‍കുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ ആര്‍ എസ് ലായനി കൊടുക്കേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments