അന്യമതസ്ഥരായ വീട്ടുകാരെ ഏല്‍പ്പിച്ച മകളെ സ്വന്തം മക്കള്‍ക്കൊപ്പം വളര്‍ത്തി ഒടുവില്‍ വിവാഹം കഴിപ്പിച്ചയയ്ക്കുകയും ചെയ്ത് മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃകയാവുകയാണ് തലശ്ശേരി മൂന്നാം ഗേറ്റിലെ മെഹനാസില്‍ പി.ഒ. നാസ്സിയും പി.എം. സുബൈദയും. നേരത്തെ ഇവരുടെ വീട്ടില്‍ ജോലി ചെയ്ത വയനാട് ബാവലി സ്വദേശിനിയായ ജനുവിന്റെ മകള്‍ ബേബി റീഷ്മയ്ക്കാണ് അപൂര്‍വ മാംഗല്യഭാഗ്യമുണ്ടായത്. റീഷ്മയുടെ അമ്മ ജാനുവും സഹോദരന് രാജേഷും കൊച്ചു സഹോദരിയും ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. നേരത്തെ ജാനു ഈ വീട്ടില്‍ ജോലി ചെയ്തിരുന്നു. 13 വര്‍ഷം മുമ്ബ് മകളെ വീട്ടുകാരെ ഏല്‍പ്പിച്ച് പോവുകയായിരുന്നു. റീഷ്മയെ സ്കൂളിലയച്ച് പഠിപ്പിക്കുകയും സ്വന്തം മക്കള്‍ക്കൊപ്പം റീഷ്മയെയും സ്വന്തം മകളായി വളര്‍ത്തുകയുമായിരുന്നു. മുസ്ലിം മതവിശ്വാസിയുടെ വീട്ടില്‍ മുറ്റത്ത് പന്തലിട്ട് നിലവിളക്കിനെ സാക്ഷിനിര്‍ത്തി ഹിന്ദു ആചാരത്തോടുകൂടിയാണ് റീഷ്മയുടെ കഴുത്തില്‍ കരിയാട് സ്വദേശിയായ റിനൂപ് താലി ചാര്‍ത്തിയത്.
പൗരപ്രമുഖന്‍ എം.സി. ബാലന് ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചു. സ്വന്തം മകളുടെ കല്യാണം നടത്തുന്നതിന്റെ അതേ ഉത്തരവാദിത്വത്തോടെ, 25 പവന്റെ സ്വര്‍ണ്ണാഭരണങ്ങളടക്കം നല്‍കിയാണ് ഇവര്‍ റീഷ്മയെ വിവാഹം കഴിപ്പിച്ചയച്ചത്. ക്ഷണിതാക്കള്‍ക്കെല്ലാം വിവാഹവിരുന്നും നല്കി.സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരായ പി.സി. നിഷാന്ത്, അഹമ്മദ്, സുധാകരന്, ആഷിക് അലി, സുനിത തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.