
ആരോഗ്യരംഗത്ത് അത്യപൂർവ്വ നേട്ടവുമായി ഡൽഹി AIIMS. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കിയാണ് ദില്ലി എയിംസ് സുപ്രധാന നേട്ടത്തിലെത്തിയത്. 28 വയസുകാരിയായ യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനാണ് കഴിഞ്ഞ ദിവസം വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
28 വയസ്സുള്ള ഒരു ഗർഭിണിയായ രോഗിക്ക് മുമ്പ് മൂന്ന് ഗർഭം അലസലുകൾ ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം കുട്ടിയുടെ ഹൃദയത്തിന്റെ അടഞ്ഞ വാൽവിന്റെ അവസ്ഥയെക്കുറിച്ച് ഡോക്ടർമാർ മാതാപിതാക്കളോട് പറഞ്ഞു. ശസ്ത്രക്രിയ എന്ന വെല്ലുവിളി നിറഞ്ഞ ഡോക്ടർമാരുടെ നിർദേശത്തെ ദമ്പതികൾ അനുകൂലിച്ചു. തുടർന്ന് ഗർഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളുടെയും ഫെറ്റൽ മെഡിസിൻ വിദഗ്ധരുടെയും ഒരു സംഘം ഇത് പൂർത്തിയാക്കുന്നതിൽ പങ്കാളികളായി.
യുവതിയുടെ വയറിലൂടെ ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിൽ സൂചിയെത്തിച്ച് ബലൂൺ ഡൈലേഷൻ രീതിയിൽ വാൽവിലെ തടസ്സം നീക്കുകയായിരുന്നുവെന്ന് സംഘത്തിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ശസ്ത്രക്രിയ. ഏകദേശം ഒന്നര മിനിറ്റിനുള്ളിൽ പൂർത്തിയാക്കി. പിഴവ് പറ്റിയാല്‍ കുഞ്ഞിന്റെ ജീവന്‍ പോലും അപകടത്തിലാക്കുന്നതായിരുന്നുവെന്നും കാര്‍ഡിയോതെറാസിസ് സയന്‍സസ് സെന്ററിലെ ഡോക്ടര്‍ പറഞ്ഞു.ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.