HomeUncategorizedകെ.സിക്ക്‌ ഇക്കുറി ഇരിക്കൂര്‍ ഇത്തവണ അത്ര ഈസിയാവില്ല

കെ.സിക്ക്‌ ഇക്കുറി ഇരിക്കൂര്‍ ഇത്തവണ അത്ര ഈസിയാവില്ല

മന്ത്രി കെ.സി. ജോസഫിന് ഇക്കുറി ഇരിക്കൂറില്‍ അത്ര ഈസിയാവില്ല കാര്യങ്ങൾ. 35 കൊല്ലമായി രാഷ്‌ട്രീയ എതിരാളികള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഇളകാത്ത ഇരിക്കൂറില്‍ എട്ടാംതവണയും മത്സരിക്കാനെത്തുമ്പോള്‍ കെ.സിയെ പ്രതിരോധത്തിലാക്കുന്ന ഒട്ടേറെ ആരോപണങ്ങള്‍ എല്‍.ഡി.എഫിന്റെ ആവനാഴിയിലുണ്ട്‌. യു.ഡി.എഫ്‌. പാളയത്തിലെ വിമതനീക്കങ്ങള്‍തന്നെയാണ്‌ അതില്‍ പ്രധാനം. സി.പി.ഐയുടെ കെ.ടി. ജോസാണ്‌ എല്‍.ഡി.എഫിനുവേണ്ടി ഇക്കുറി കെ.സിയെ വെല്ലുവിളിക്കുന്നത്‌. ബി.ജെ.പി. കോഴിക്കോട്‌ മേഖലാ വൈസ്‌ പ്രസിഡന്റ്‌ എ.പി. ഗംഗാധരനാണ്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി. രാഷ്‌ട്രീയം പറയാതെ എല്‍.ഡി.എഫ്‌. പ്രചാരണം നടത്തുന്ന മണ്ഡലമാണ്‌ ഇരിക്കൂര്‍. കെ.സി. ജോസഫ്‌ മണ്ഡലം കുത്തകയാക്കിയെന്ന വിമര്‍ശനമാണു പ്രധാനമായും അവര്‍ ഉയര്‍ത്തുന്നത്‌. ഇരിക്കൂറില്‍ ജയിച്ച്‌ കോട്ടയത്തെ വീട്ടിലേക്കു മടങ്ങാറുള്ള എം.എല്‍.എയ്‌ക്കെതിരേ സ്വന്തം പാര്‍ട്ടിക്കാരില്‍ ഒരു വിഭാഗവും പരസ്യമായി രംഗത്തുണ്ട്‌.

 

 

കെ.പി.സി.സി. ഉപസമിതി മുമ്പാകെ ഇരിക്കൂര്‍ ബ്ലോക്‌, മണ്ഡലം കമ്മറ്റി നേതൃത്വങ്ങള്‍ ഏകകണ്‌ഠമായാണു കെ.സിയുടെ പേരു നിര്‍ദേശിച്ചത്‌. മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട്‌ ഇരിക്കൂറില്‍ എത്തിച്ച വികസനനേട്ടം കെ.സിയുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നാണു യു.ഡി.എഫ്‌. പ്രതീക്ഷ. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ യു.ഡി.എഫ്‌. നേടിയ മികച്ച വിജയവും ഈ ആത്മവിശ്വാസത്തിനു പിന്നിലുണ്ട്‌.

 

 

മണ്ഡലത്തില്‍ കോണ്‍ഗ്രസുമായി ഉടക്കിലായിരുന്ന കേരള കോണ്‍ഗ്രസി(എം)നെയും മുസ്ലിം ലീഗിനെയും കെ.സി. ജോസഫ്‌ ഇടപെട്ട്‌ അനുനയിപ്പിച്ചു. എന്നാല്‍, അടിയൊഴുക്കുകളും ആഭ്യന്തരപ്രശ്‌നങ്ങളും വിമതഭീഷണിയും ശക്‌തമായതിനാല്‍ ഇക്കുറി ഇരിക്കൂറില്‍ യു.ഡി.എഫിന്‌ ഒരു ഈസി വാക്‌ഓവര്‍ സാധ്യമല്ലെന്നാണു പൊതുവിലയിരുത്തല്‍. കര്‍ഷക കോണ്‍ഗ്രസ്‌ ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റും ജനശ്രീ ജില്ലാ കോ-ഓഡിനേറ്ററുമായിരുന്ന കരുവഞ്ചാലില്‍ അഡ്വ. ബിനോയ്‌ തോമസാണു കെ.സിക്കു തലവേദന സൃഷ്‌ടിക്കുന്ന വിമതസ്‌ഥാനാര്‍ഥി. ജോസഫിനെ വീണ്ടും സ്‌ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ചു സ്‌ഥാനം രാജിവച്ച മണ്ഡലത്തിലെ ചില കോണ്‍ഗ്രസ്‌ നേതാക്കളുടെ പിന്തുണ ബിനോയിക്കുണ്ട്‌. 15,000-ല്‍ ഏറെപ്പേര്‍ അംഗങ്ങളായ, ഇരിക്കൂറിലെ പൂച്ചയ്‌ക്കാരു മണികെട്ടും എന്ന ഫേസ്‌ബുക്‌ കൂട്ടായ്‌മയും ഈ പൊതുസ്വതന്ത്രനു പിന്നിലുണ്ട്‌.

 

 

ഇരിക്കൂറുകാരനല്ലെങ്കിലും മലയോരവാസിയും കുടിയേറ്റകര്‍ഷക പാരമ്പര്യമുള്ളയാളുമാണ്‌ കന്നിമത്സരത്തിനിറങ്ങുന്ന ഇടതുസ്‌ഥാനാര്‍ഥി കെ.ടി. ജോസ്‌. ജില്ലാപഞ്ചായത്തിലും ആറളം ഗ്രാമപഞ്ചായത്തിലും അംഗമായിരുന്നു. വളരെ വൈകിയാണ്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്‌. ഘടകകക്ഷിയായ കേരള വികാസ്‌ കോണ്‍ഗ്രസിനു മാറ്റിവച്ച ഇരിക്കൂറില്‍ ജോസ്‌ ചെമ്പേരിയെ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പിന്മാറി.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments