ഭക്ഷണം കഴിപ്പിക്കാനും കരച്ചില്‍ നിര്‍ത്താനുമൊക്കെ കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ കൊടുക്കുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഷഓമി ഇന്ത്യയുടെ മുന്‍ സി.ഇ.ഒ മനു കുമാര്‍ ജെയിന്‍. ഷഓമിയെ ഇന്ത്യയിലെ നമ്ബര്‍ വണ്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡാക്കി മാറ്റിയ വ്യക്തിയാണ് അദ്ദേഹം. ലിങ്ക്ഡ്‌ഇന്‍ എന്ന സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത് – ‘കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ നല്‍കുന്നത് അവരുടെ മാനസികാരോഗ്യത്തിന് വലിയ ഭീഷണിയാണെന്നാണ്’.
18 മുതല്‍ 24 വയസുവരെ പ്രായമുള്ളവരില്‍ നടത്തിയ ഒരു പഠനം ജെയിന്‍ ഉദ്ധരിച്ചു. അതായത്, കൗമാരത്തില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിച്ച ആദ്യ തലമുറ. സ്മാര്‍ട്ട്ഫോണ്‍ ചെറുപ്രായത്തില്‍ തന്നെ അമിതമായി ഉപയോഗിച്ച് തുടങ്ങിയവര്‍ മുതിര്‍ന്നവരാകുമ്ബോള്‍ മാനസിക വൈകല്യങ്ങള്‍ നേരിടാനുള്ള സാധ്യത അദ്ദേഹം പഠനത്തെ ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി.
വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായ ‘സാപിയന്‍ ലാബ്സ്’ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്, ആറാമത്തെ വയസ്സില്‍ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ലഭിച്ച സ്ത്രീകളില്‍ 74 ശതമാനവും മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ്. എന്നാല്‍, 18-ാം വയസ്സില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭിച്ചവരില്‍ 46 ശതമാനത്തിന് മാത്രമാണ് അത്തരം വെല്ലുവിളികളുള്ളത്.
അതേസമയം, ആറ് വയസില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയ പുരുഷന്‍മാരില്‍ 42 ശതമാനത്തിനാണ് മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടേണ്ടി വന്നത്. എന്നാല്‍, 18 വയസിന് ശേഷം ലഭിച്ചവരില്‍ 36 ശതമാനമായി കുറഞ്ഞു.
കുട്ടികളെ അടക്കി നിര്‍ത്താനായി സ്മാര്‍ട്ട്ഫോണ്‍ കൈയ്യില്‍ വെച്ച് കൊടുക്കുന്നത് അവരില്‍ ഒരു തരം ആസക്തിയുണ്ടാക്കുമെന്ന് മനു കുമാര്‍ ജെയിന്‍ പറഞ്ഞു. കരയുമ്ബോഴും ഭക്ഷണം കഴിക്കുമ്ബോഴും സ്മാര്‍ട്ട്ഫോണ്‍ നല്‍കരുത്. “ഞാന്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് എതിരല്ല… എന്നിരുന്നാലും, കൊച്ചുകുട്ടികള്‍ക്ക് അവ നല്‍കുമ്ബോള്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷഓമി ഇന്ത്യ മുന്‍ തലവന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ രംഗത്തുവന്നു. കോവിഡ് മഹാമാരിയും ലോക്ഡൗണും കുട്ടികളെ സ്മാര്‍ട്ട്ഫോണ്‍ അടിമകളാക്കുന്നതില്‍ വലിയ പങ്കുവഹിച്ചതായി ചിലര്‍ അഭിപ്രായപ്പെട്ടു.