HomeTech And gadgetsScienceകാലാവസ്ഥാ വ്യതിയാനം ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും

കാലാവസ്ഥാ വ്യതിയാനം ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും

മെല്‍ബണ്‍ : ലോകം ഇന്നു മുഖ്യമായി നേരിടുന്ന പ്രശ്‌നങ്ങളിലൊന്നായ കാലാവസ്ഥാ വ്യതിയാനം ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നും പല രാജ്യങ്ങളിലും വരള്‍ച്ച പിടിമുറുക്കുമെന്നും യുണൈറ്റഡ് നേഷന്‍സിന്റെ ദുരന്ത നിവാരണ ഓഫീസ് മുന്നറിയിപ്പു നല്കുന്നു. ഓസ്‌ട്രേലിയ ഇന്നത്തെ അവസ്ഥ തന്നെ കൊടും വര്‍ള്‍ച്ചയുടെ മുനമ്പിലാണ് നില്ക്കുന്നതെന്നും യുഎന്‍ ഓര്‍മ്മിപ്പിക്കുന്നു.
അസഹ്യമായ ഉഷ്ണക്കാറ്റും അനിയന്ത്രിതമായ കാട്ടുതീയും ഭീഷണിയുയര്‍ത്തുന്ന ഇഐ നിനോ എന്ന ഭീകരമായ വേനല്‍ക്കാലത്തിലേക്ക് ഓസ്‌ട്രേലിയ നടന്നടുക്കുന്നതെന്ന ഭീതിപ്പെടുത്തുന്ന തിരിച്ചറിവിലാണ് യുഎന്നിന്റെ മുന്നറിയിപ്പുകള്‍ ചെന്നു നില്‍ക്കുന്നത്. യുഎന്‍ ദുരന്ത നിവാരണ സംഘത്തിലെ അംഗമായ മാര്‍ഗരറ്റ് വാള്‍സ്‌ട്രോമാണ് ലോകം നടന്നടുക്കുന്ന കൊടും വരള്‍ച്ചയുടെ ആമുഖം വ്യക്തമാക്കിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വാള്‍സ്‌ട്രോം ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുകയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറിന്‍ അഫേഴ്‌സ് ആന്റ് ട്രേഡ്, അറ്റോര്‍ണി ജനറല്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡിപ്പാര്‍മെന്റ് ഓഫ് എന്‍വയണ്‍മെന്റ് എന്നിവരുമായി വരള്‍ചയെ എങ്ങനെ നേരിടാമെന്ന വിഷയത്തില്‍ ചര്‍ച്ച നടത്തും. ഗോഡ്‌സില്ല ഇഐ നിനോ എന്ന പ്രതിഭാസം ഓസ്‌ട്രേലിയയെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണെന്നാണ് രാജ്യാന്തര തലത്തിലുള്ള വിദഗ്ധരുടെ മുന്നറിയിപ്പ്. ഓസ്‌ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ധിക്കുന്നതായി ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് മെട്രോളജി തന്നെ സാക്ഷ്യപ്പെടുത്തുന്നു. മെല്‍ബണില്‍ മാത്രം ശരാശരി താപനിലയില്‍ നിന്നും 16 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാണ് ഈ മാസം തുടക്കത്തില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയയ്ക്കു പുറമേ നിരവധി രാജ്യങ്ങള്‍ കടുത്ത വര്‍ള്‍ച്ച ഭീഷണിയിലൂടെയാണ് ഇനി കടന്നു പോകുക. എന്നാല്‍ ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കുള്ള പ്രതിവിധികളോ ഇവയെ നേരിടേണ്ട രീതികളോ ഇന്നും പല രാജ്യങ്ങള്‍ക്കും നിശ്ചയമില്ലെന്നുള്ളത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് വാള്‍സ്‌ട്രോം വ്യക്തമാക്കുന്നത്. വികസിത രാജ്യങ്ങള്‍ പോലും കാലാവസ്ഥാ മാറ്റത്തില്‍ പരിഭ്രാന്തരായി മാറുകയല്ലാതെ ഇതിനെ എങ്ങനെ നേരിടണമെന്ന ചിന്തകള്‍ പോലും ആരിലും ഉദിക്കുന്നില്ല. കൊടും വരള്‍ച്ചയും കടുത്ത വേനലും എങ്ങനെ നേരിടണമെന്നതും ലോകത്തിനു മുന്നില്‍ ഒരു വലിയ ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ്.
കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ബഹിര്‍ഗമനം മൂലം ഗള്‍ഫ് മേഖലകള്‍ വരും കാലങ്ങളില്‍ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളായി മാറുമെന്നാണ് ബുധനാഴ്ച പുറത്തിറങ്ങിയ നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേര്‍ണലില്‍ പ്രതിപാദിക്കുന്നത്. ഇതേ അവസ്ഥ മറ്റു രാജ്യങ്ങളിലും ഉണ്ടാവാന്‍ സാധ്യതയേറെയാണെന്നും വാള്‍സ്‌ട്രോം മുന്നറിയിപ്പു നല്കുന്നു.
ഈ വര്‍ഷം തന്നെ ഇന്ത്യ, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ താപനില വര്‍ധിച്ചിരുന്നു. ഇന്നത്തെ അവസ്ഥയില്‍ വേനലില്‍ നിന്നു രക്ഷ നേടാന്‍ ധാരാളം വെള്ളം കുടിക്കുകയും കനത്ത വെയിലുള്ള സമയത്ത് പുറത്തിറങ്ങാതിരിക്കുകയും ചെയ്യുകയാണ് പ്രധാന മാര്‍ഗ്ഗങ്ങള്‍. എന്നാല്‍ ഭാവിയില്‍ വേനലിന്റെ കാഠിന്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എന്തു മാര്‍ഗ്ഗം ഉപയോഗിച്ചാണ് വേനലിനേയും വരള്‍ച്ചയേയും നേരിടേണ്ടതെന്ന് ഓരോ രാജ്യങ്ങളും ആലോചിക്കേണ്ടിയിരിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments