HomeMake It Modernഒരു കുട്ടി പറഞ്ഞ കഥ !

ഒരു കുട്ടി പറഞ്ഞ കഥ !

കേട്ടറിഞ്ഞ ഒരു സംഭവകഥയാണ്‌. എട്ടു വയസ്സുള്ള ഒരു പെണ്‍കുട്ടി ഒരു ദിവസം വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ മടിച്ചു. ആ കുട്ടിയെ ഭക്ഷണം കഴിപ്പിക്കുക എന്ന ചുമതല ആ കുട്ടിയുടെ അമ്മ അച്ഛന്‍റെ തലയില്‍ വച്ചു കൊടുത്തു. അച്ഛന്‍ ഒന്ന് പുന്നാരിച്ച് മകളെ കൊണ്ട് ഭക്ഷണം കഴിപ്പിക്കാന്‍ ഉള്ള ശ്രമം തുടങ്ങി. മകള്‍ പറഞ്ഞു, ഞാന്‍ പറയുന്നത് ചെയ്യാം എന്ന് അച്ഛന്‍ പ്രോമിസ് ചെയ്‌താല്‍ ഞാന്‍ ഭക്ഷണം കഴിക്കാം എന്ന്. വലിയ കാശ് ചെലവുള്ള ആഗ്രഹങ്ങള്‍ അല്ലെങ്കില്‍ നടത്തി തരാം എന്ന് അച്ഛന്‍ മറുപടി പറഞ്ഞു. “എന്‍റെ തല മൊട്ടയടിക്കണം”- ആ കുട്ടി പറഞ്ഞു. കേട്ട വഴി അമ്മ വന്ന് ഈ ഭ്രാന്തൊന്നും സമ്മതിച്ചു കൊടുക്കരുത് എന്ന് അച്ഛനോട് പറഞ്ഞു. പക്ഷെ കുട്ടി വാശി പിടിച്ചു. അച്ഛന്‍ അതോടെ ആ പ്രോമിസ് ചെയ്തു, ഭക്ഷണം കഴിച്ചാല്‍ മൊട്ടയടിക്കാം. ആ കുട്ടി ആവേശത്തോടെ ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിഞ്ഞപ്പോള്‍ അച്ഛന് ഒരു വിഷമം. മകളെ തിരുത്താന്‍ ശ്രമം തുടങ്ങി. “മോള്‍ക്ക് എന്ത് നല്ല മുടിയാണ്… എന്തിനാ അത് കളയുന്നത്… വേണ്ട മോളെ…” എന്ന പതിവ് പുന്നാര ശൈലിയില്‍ അച്ഛന്‍ പറഞ്ഞു നോക്കി. “കൊച്ചു പിള്ളേര്‍ അങ്ങനെ പറയും, അതൊന്നും കേള്‍ക്കണ്ട” എന്ന് അമ്മ ഒറ്റ വാശി. “ഞാന്‍ പ്രോമിസ് ചെയ്തതല്ലേ? അത് നടത്തിയില്ലെങ്കില്‍ അവള്‍ക്ക് നമ്മളോടുള്ള വിശ്വാസം അല്ലെ പോകുക? മുടിയല്ലേ, അത് വീണ്ടും വന്നോളും” എന്ന് പറഞ്ഞ് അച്ഛന്‍ മകളുടെ തല ക്ലീന്‍ ഷേവ് അടിച്ചു.

പിറ്റേന്ന് അവളെ അച്ഛന്‍ സ്കൂളില്‍ കൊണ്ടുപോയി ആക്കി. അന്നേരം ഒരു കാര്‍ അവരുടെ അടുത്തായി വന്നു നിന്നു. ഒരു അമ്മയും എട്ടു വയസ്സ് തോന്നിക്കുന്ന മകളും ആ കാറില്‍ നിന്നിറങ്ങി. ആ മകളുടെ തലയും ഇതുപോലെ ക്ലീന്‍ഷേവ് കണ്ട് ഈ അച്ഛന്‍ അത്ഭുതപ്പെട്ടു. ആ കുട്ടി ഇറങ്ങിയ ഉടനെ ഈ അച്ഛന്‍റെ മകളുടെ അടുത്തേക്ക് സന്തോഷത്തോടെ ഓടി വന്നു. അവര്‍ സഹപാഠികളും സുഹൃത്തുക്കളും ആണെന്ന് അവരുടെ സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും വ്യക്തമായിരുന്നു. അപ്പോള്‍ ആ അമ്മ വന്ന് ഈ അച്ഛനോട് ചോദിച്ചു, അത് മകളാണോ എന്ന്. അതെ എന്ന് പറഞ്ഞപ്പോള്‍, ആ അമ്മ കണ്ണ് നിറഞ്ഞു പറഞ്ഞു നിങ്ങളുടെ മകള്‍ വലിയ ഒരു മനസ്സുള്ളവളാണ് എന്ന്. സംശയത്തോടെ ഈ അച്ഛന്‍ നോക്കുമ്പോള്‍ ആ അമ്മ പറഞ്ഞു, “എന്‍റെ മകള്‍ക്ക് ക്യാന്‍സര്‍ ആണ്.

കീമോതെറാപ്പി ചെയ്തു തലമുടി ഷേവ് ചെയ്തപ്പോള്‍ അവള്‍ക്ക് വലിയ വിഷമം ആയിരുന്നു. എല്ലാവരും നോക്കുന്നതുകൊണ്ട് ഇനി സ്കൂളില്‍ പോകില്ല എന്ന് പറഞ്ഞു വാശി പിടിച്ചു. ആ വാശി അവള്‍ നിങ്ങളുടെ മകളോട് പറഞ്ഞപ്പോള്‍ ആ മകള്‍ താനും തല മൊട്ടയടിച്ച് നാളെ വരാം, അപ്പൊ ഞാന്‍ കൂട്ടുണ്ടല്ലോ എന്ന് പറഞ്ഞു. സ്കൂളില്‍ വരാതിരിക്കരുത് എന്നും പറഞ്ഞു. ഇന്ന് അതുകൊണ്ട് മാത്രമാണ് എന്‍റെ മകള്‍ വീണ്ടും സ്കൂളിലേക്ക് വരാന്‍ സമ്മതിച്ചതും.” തൊഴുകയ്യോടെ ആ അമ്മ ഈ കാര്യം പറഞ്ഞപ്പോള്‍, അച്ഛന്‍ എന്ത് പറയണം എന്നറിയാതെ മിണ്ടാതെ ഇരുന്നതേ ഉള്ളൂ.

കുട്ടികളുടെ വിശാലമായ ഈ കാഴ്ചപ്പാടിന് ഭംഗം വരുത്തുന്നത് മുതിര്‍ന്നവരുടെ സ്വാര്‍ഥ ചിന്താഗതിയാണ്. ഇത്തരം കുട്ടികളെയാണ് മുതിര്‍ന്നവര്‍ പഠിപ്പിച്ചു വിടുന്നത്, മറ്റേ കുട്ടിയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങണം, അവനെ തോല്‍പ്പിക്കണം, ഇവനുമായി കൂട്ടുവേണ്ട, അവളുമായി ലഞ്ച്ബോക്സ് ഷെയര്‍ ചെയ്യണ്ട എന്നൊക്കെ. ഒരു പുനര്‍ചിന്തനം, ഒരു പുതിയ തിരിച്ചറിവ് വളരെ അത്യാവശ്യമാണ് പക്വത അഭിനയിക്കുന്നവര്‍ക്ക്. കുട്ടികളെ പോലെ വളരേണ്ടതുണ്ട് നമ്മളൊക്കെ.
ശുഭദിനം, എന്‍റെ പുഞ്ചിരികള്‍ക്ക്… എന്‍റെ പ്രിയലോകത്തിന്….

ക്രിസ്റ്റിൻ, അയർലണ്ട്

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments