വിദ്വേഷ പ്രസംഗത്തിന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയിൽ മതസ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ സംസാരിച്ചുവെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശിയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ബിജെപി അധികാരത്തിൽ വന്നാൽ ചില മത വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ഉണ്ടാകില്ലെന്ന തരത്തിലായിരുന്നു പ്രസംഗത്തിലെ ഭാഗങ്ങൾ. ഈ ഭാഗങ്ങൾ ചൂണ്ടിക്കാട്ടി കലാപാഹ്വനത്തിന് പരാതി നൽകുകയായിരുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറുകയും തുടർന്ന് ഡിജിപി കോഴിക്കോട് പൊലീസ് സ്റ്റേഷന് കൈമാറുകയുമായിരുന്നു.