HomeNewsLatest Newsപെൺകുട്ടി നനഞ്ഞിടം കുഴിക്കുന്നു; ജീൻ നിരപരാധി; മകനെതിരെയുള്ള പരാതിയിൽ പ്രതികരണവുമായി സംവിധായകന്‍ ലാല്‍

പെൺകുട്ടി നനഞ്ഞിടം കുഴിക്കുന്നു; ജീൻ നിരപരാധി; മകനെതിരെയുള്ള പരാതിയിൽ പ്രതികരണവുമായി സംവിധായകന്‍ ലാല്‍

ജീന്‍ പോളിനെതിരെ കേസ് എടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ലാല്‍ രംഗത്ത്. പെണ്‍കുട്ടിയുടെ പരാതി തെറ്റാണെന്നും ജീന്‍ നിരപരാധിയാണെന്നും ലാല്‍ പറഞ്ഞു.

ലാലിന്റെ പ്രതികരണം ഇങ്ങനെ :

പരാതി കൊടുത്ത പെണ്‍കുട്ടിയുടെ ആദ്യ സിനിമയയായിരുന്നു ഹണീ ബീ 2. ലെനയുടെ ചേട്ടന്റെ മകളുടെ കഥാപാത്രം. ശ്രീനാഥ് ഭാസി വഴിയാണ് കുട്ടിയെ വിളിക്കുന്നത്. അങ്ങനെ കുട്ടിയുടെ ഫോട്ടോ കണ്ട ശേഷം അഭിനയിക്കാനായി വിളിക്കുന്നു. ആദ്യം മുതലേ ഒട്ടും പ്രൊഫഷനലായ സമീപനമല്ലായിരുന്നു കുട്ടിയുടേത്. ഷൂട്ടിങിനായി വിളിച്ചിട്ട് ഫോണ്‍ പോലും എടുക്കുന്നുണ്ടായിരുന്നില്ല.

പിന്നീട് ഷൂട്ടിങിനായി എത്തി. ആദ്യ ദിവസം കയ്യില്‍ ടെംപററി ടാറ്റു കുത്തണമായിരുന്നു. ഉച്ചക്ക് ശേഷമാണ് കുട്ടി എത്തുന്നത്. രണ്ട് ദിവസം കൊണ്ട് അത്‌ ചെയ്തു. ശ്രീനിവാസനോടൊപ്പമായിരുന്നു ആദ്യ ഷൂട്ട്. എന്നാല്‍ അന്നത്തെ ദിവസം ശ്രീനിവാസന് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു, അക്കാരണം കൊണ്ട് ഷൂട്ട് നടന്നില്ല. എന്നാല്‍ ആ സമയം കുട്ടി ഒച്ചപ്പാട് ഉണ്ടാക്കി. തന്നെ ഇവിടെ വെറുതെ വിളിച്ചുകൊണ്ടുവന്നതാണോ എന്നൊക്കെ ചോദിച്ച് ദേഷ്യപ്പെട്ടു. ഒരേ ഒരു രംഗം മാത്രമാണ് കുട്ടിയ്ക്ക് ഉണ്ടായിരുന്നത്. 50000 രൂപയാണ് പ്രതിഫലമായി നല്‍കാമെന്ന് പറഞ്ഞത്.

ആ ഷോട്ട് എടുത്ത ശേഷം ഔട്ട്‌ഡോര്‍ കാറില്‍ ഒരു ഷോട്ട് ബാക്കിയുണ്ടായിരുന്നു. ഷോട്ട് എടുക്കാന്‍ നേരം അവര്‍ക്ക് അത് ചെയ്യാന്‍ പറ്റില്ല ‘ഒട്ടും കംഫര്‍ട്ട് അല്ല’ എന്നു പറഞ്ഞു. ജീന് ആദ്യം മുതലേ കുട്ടിയുടെ പെരുമാറ്റത്തില്‍ ദേഷ്യമുണ്ടായിരുന്നു. കുട്ടിയുടെ അഭിനയവും വളരെ മോശമായിരുന്നു. കംഫര്‍ട്ട് അല്ലെങ്കില്‍ പൊയ്‌ക്കോളാന്‍ ജീന്‍ അപ്പോള്‍ തന്നെ പറഞ്ഞു.

അങ്ങനെ അവരെ ചിത്രത്തില്‍ നിന്ന് പറഞ്ഞയക്കുകയായിരുന്നു. അതിന് ശേഷം ഇവരുടെ കഥാപാത്രത്തെ മറ്റൊരു നടിയെ കൊണ്ട് അഭിനയിപ്പിച്ചു. അതും ആ കുട്ടിയുടെ വസ്ത്രം ധരിപ്പിച്ച് പുറകില്‍ നിന്നുള്ള ഒരേയൊരു ഷോട്ട് മാത്രം. ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കിയ നടിക്ക് പൈസ കൊടുക്കണ്ടെന്ന് ഞാന്‍ തന്നെയാണ് പറഞ്ഞത്.

റമദ ഹോട്ടലിലായിരുന്നു ഷൂട്ട് നടന്നത്. പിന്നീട് ഇത് വീണ്ടും ഷൂട്ടു ചെയ്യുക വളരെ ചിലവേറിയ കാര്യമായതിനാല്‍ ഈ കുട്ടി അഭിനയിച്ച രംഗങ്ങള്‍ സിനിമയില്‍ നിന്നുതന്നെ കട്ട് ചെയ്ത് കളഞ്ഞു. ഒരു മാസം മുമ്പ് ഈ സംഭവുമായി ബന്ധപ്പെട്ട് വക്കീല്‍ നോട്ടീസ് വന്നു. ഞങ്ങള്‍ അതിന് മറുപടിയും അയച്ചു. അതിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങള്‍ വിശദീകരിക്കുകയും സിനിമയില്‍ ഇവര്‍ അഭിനയിച്ച ദൃശ്യങ്ങളും കാണിച്ചു. എന്നാല്‍ റമദാ ഹോട്ടലില്‍ ആണ് ഷൂട്ടിങ് നടന്നതുകൊണ്ട് പനങ്ങാട് പൊലീസ് വിളിപ്പിച്ചത്.

ഇവര്‍ക്ക് ഇപ്പോള്‍ അമ്പതിനായിരം അല്ല പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് ആവശ്യം. കൂടാതെ ജീനും അനൂപും ടിവിയില്‍ വന്നു മാപ്പുപറയണമെന്നും പറഞ്ഞു. അതൊരിക്കലും നടക്കാന്‍ പറ്റാത്ത കാര്യമാണ്. അതുകൊണ്ട് കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

ഈ അവസ്ഥയില്‍ നനഞ്ഞിടത്ത് കുഴിക്കുക എന്ന അവസ്ഥയാണല്ലോ, അതുകൊണ്ട് എന്ത് പറഞ്ഞാലും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയേ ഉള്ളൂ. ഇപ്പോള്‍ ഈ കുട്ടി ഇങ്ങനെയൊരു പരാതിയുമായി വരാന്‍ കാരണവും ഇപ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാകും. ആക്രമണത്തിന് ഇരയായ കുട്ടിയ്ക്കായി മുന്നില്‍ നിന്നത് ഞാന്‍ വലിയ ധീരനായതുകൊണ്ടല്ല, ഇവിടെ വന്നു കയറിയ കുട്ടിയാണ്. അപ്പോള്‍ അതാണ് ശരിയെന്ന് തോന്നി. വേറെ എവിടെയെങ്കിലുമായിരുന്നെങ്കില്‍ ഞാന്‍ ഏറ്റെടുക്കുമായിരുന്നില്ല.-ലാല്‍ പറഞ്ഞു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments