HomeNewsരാഷ്ട്രീയത്തിലേക്കില്ല; ജോസിന്റെ നിഴലായി കഴിയാൻ ഇഷ്ടം: നിഷ ജോസ് കെ മാണി

രാഷ്ട്രീയത്തിലേക്കില്ല; ജോസിന്റെ നിഴലായി കഴിയാൻ ഇഷ്ടം: നിഷ ജോസ് കെ മാണി

ആറുപതിറ്റാണ്ടു നീളുന്ന രാഷ്ട്രീയ ജീവിതത്തിലൂടെ പ്രശസ്തനായ കേരളത്തിന്റെ ധനമന്ത്രി കെ.എം. മാണിയുടെ മരുമകളും കോട്ടയം ലോക് സഭാ മണ്ഡലത്തില്‍ രണ്ടാമൂഴത്തിലൂടെ വീണ്ടും പാര്‍ലമെന്റ് അംഗവുമായ ജോസ് കെ മാണിയുടെ പത്‌നിയുമായ നിഷ ജോസ് കെ മാണി കോട്ടയത്ത് ഇപ്പോള്‍ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമാണ്. പൊതുവേദികളില്‍ കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയായ നിഷയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
? രാവിലെ തിരക്കുപിടിച്ച ഒരുക്കത്തിലാണല്ലോ എവിടേയ്‌ക്കെങ്കിലും യാത്രയാണോ?

ഞാന്‍ പാലായില്‍ എം.കോം ഫൈനാന്‍സ് കോഴ്‌സിന് ചേര്‍ന്നിരിക്കുകയാണ്. 21 വര്‍ഷം മുമ്പ് ഡിഗ്രി പാസായെങ്കിലും ഇപ്പോഴൊരാഗ്രഹം ഫൈനാന്‍സ് പാസാകണമെന്ന്.

? കോട്ടയത്തു വരുന്നതിനു മുമ്പ് എവിടെയായിരുന്നു? എന്താണ് ചെയ്തിരുന്നത്?

എന്റെ വീട് ആലപ്പുഴയിലെ പൂച്ചാക്കല്‍ ആണ്. പ്രീഡിഗ്രിവരെ അവിടെ പഠിച്ചു. പിന്നീട് എറണാകുളത്താണ് ഡിഗ്രിക്ക് ചേര്‍ന്നത്. അതുകഴിഞ്ഞ് എം.ബി.എ. യും ഡി.എച്ച്.ആര്‍.എം. കോഴ്‌സും പാസ്സായി. പിന്നെ പതിനഞ്ച് വര്‍ഷത്തോളം തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കില്‍ വിവിധ കമ്പനികളിലായി ജോലി നോക്കി. വിവാഹ ശേഷം ജോസ് എം.പി ആയിക്കഴിഞ്ഞാണ് ഞങ്ങള്‍ കോട്ടയത്തേക്ക് താമസം മാറ്റിയത്.

? കോട്ടയത്ത് സാമൂഹ്യ മേഖലയിലും ജീവകാരുണ്യ രംഗത്തും സജീവമാണല്ലോ കൂടാതെ ഇലക്ഷന്‍ കാലഘട്ടങ്ങളില്‍ ജോസ് കെ മാണിക്കു വേണ്ടിയും കേരള കോണ്‍ഗ്രസിനു വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നല്ലോ നിഷ ഇനി രാഷ്ട്രീയത്തിലേക്ക് കടക്കുമോ?
എല്ലാവരും എന്നോട് ചോദിക്കുന്ന ചോദ്യമാണിത്. വാട്ട്‌സ്അപ്, ഫെയ്‌സ് ബുക്ക് തുടങ്ങിയവയിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്നതാണ് ഇത്. ഞാന്‍ രോഗികളായിക്കിടക്കുന്നവരെ കാണാന്‍ ആശുപത്രിയില്‍ പോകാറുണ്ട്. അപകടത്തില്‍ പെട്ട് റോഡില്‍ ചോരവാര്‍ന്നുകിടന്ന ഒരാളെ എന്റെ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി ആശുപത്രിയിലാക്കി. അയാളുടെ ജീവന്‍ രക്ഷപ്പെടുകയും ചെയ്തു. ഇതൊക്കെ പത്രങ്ങളില്‍ വാര്‍ത്തയായി വന്നു. അതാണ് ഇങ്ങനെയൊരു പ്രചാരണം വരാന്‍ കാരണം. ഞാന്‍ രാഷ്ട്രീയ നേതാവിന്റെ ഭാര്യ ആയതാണ് മറ്റൊരു കാരണം. എത്രയോ സ്ത്രീകള്‍ ഇങ്ങനെ ആക്‌സിഡന്റില്‍ പെടുന്നവരെ സ്വന്തം കാറില്‍ ആശുപത്രിയില്‍ കൊണ്ടു പോകാറുണ്ട് അത് വാര്‍ത്തയാകാറില്ല. പിന്നെ ഇലക്ഷന്‍ പ്രചാരണം ജോസ് മത്സരിച്ചപ്പോള്‍ ഞാന്‍ ചിലയിടങ്ങളില്‍ പ്രചരണത്തിനു പോയി. ഒരു ഭാര്യ എന്ന നിലയില്‍ എനിക്ക് അതിന് കടമയുണ്ടല്ലോ. ഞാന്‍ നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ കേട്ടു അവരുമായി ഇടപഴകി. അതെന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി കരുതിയാല്‍ മതി. രാഷ്ട്രീയത്തിലേക്ക് കടന്നു വരാന്‍ എനിക്ക് യാതൊരു ആഗ്രഹവുമില്ല. ജോസിന്റെ ഒരു സഹായിയായി, നിഴലായി ജീവിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അല്ലാതെ ചിലര്‍ പറയുന്നതുപോലെ അടുത്ത ഇലക്ഷനില്‍ ഞാന്‍ സ്ഥാനാര്‍ത്ഥി ആകുന്നുമില്ല.
? കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തമിഴര്‍ വസിക്കുന്ന മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നുവല്ലോ അവരുമായി നല്ല ആത്മബന്ധം സ്ഥാപിച്ചു എന്നു കേള്‍ക്കുന്നു.

ശരിയാണ്, മദ്രാസില്‍ പഠിച്ചിരുന്ന കാലത്ത് തമിഴ് നന്നായി പറയാന്‍ ശീലിച്ചിരുന്നു. അതുകൊണ്ട് തമിഴ് നാട്ടുകാര്‍ താമസിക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. തമിഴ് സ്ത്രീകള്‍ എന്നോട് വളരെ ഹൃദ്യമായി സ്‌നേഹത്തോടെ ഇടപെടുകയും ചെയ്തു. അവര്‍ക്ക് എന്നെ ഇഷ്ടമായതുകൊണ്ടു അവര്‍ ഞങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുമുണ്ട്. പിന്നീട് വീണ്ടും ഞാന്‍ അവരുടെ അടുക്കല്‍ ചെന്നു അവരുടെ പ്രശ്‌നങ്ങള്‍ കേട്ടു ആവശ്യമായ സഹായങ്ങള്‍ ചെയ്തു. സൗഹൃദം സൂക്ഷിക്കാനുള്ള നല്ല മനസ്സിനുടമകളാണ് അവരൊക്കെ അന്നും ഇന്നും എന്നും.

? ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സ്വന്തം മുടി മുറിച്ചു നല്‍കുകയും മുടി മുറി യ്ക്കല്‍ പ്രോത്സാഹിപ്പിക്കുകയം ക്യാന്‍സര്‍ കെയറിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നുണ്ടല്ലോ?

ക്യാന്‍സര്‍ മൂലം മുടി നഷ്ടപ്പെടുന്നവര്‍ക്ക് വിഗ്ഗ് നിര്‍മ്മിച്ചു നല്‍കുന്ന ഒരു പദ്ധതി ഉണ്ട്. വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സര്‍ഗ്ഗക്ഷേത്രയുമാണ് ഇക്കാര്യങ്ങളില്‍ എന്നെ പിന്‍തുണക്കുന്നത്.

? പഞ്ചായത്ത് ഇലക്ഷന്‍ കാലഘട്ടങ്ങളില്‍ ഫീല്‍ഡില്‍ ഇറങ്ങിയില്ലേ?

ഇറങ്ങിയിരുന്നു. ചില കേരളകോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയും യൂ.ഡി.എഫ്, സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. അവരൊക്കെ വിജയിക്കുകയും ചെയ്തു. പിന്നെ ഞാന്‍ പറഞ്ഞല്ലോ ഒരു മോട്ടിവേറ്റര്‍, ട്രെയിനര്‍, കാമ്പയിനര്‍ ആയും സാമൂഹ്യ പ്രവര്‍ത്തകയുമായി തീരാനാണ് എനിക്ക് ഏറെയിഷ്ടം. വണ്ടി ഓടിക്കാന്‍ പോലും ഞാന്‍ ഒരു ഡ്രൈവറെ കൂട്ടാറില്ല. സ്വയം ഡ്രൈവ് ചെയ്താണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പോവുക. പലരും എന്നോട് ചോദിക്കാറുണ്ട് ഒരു ഡ്രൈവറെ വച്ചുകൂടെയെന്ന്. ഇത്തരം കാര്യങ്ങള്‍ സ്വയം ചെയ്യുമ്പോഴാണ് നമുക്കൊരു സംതൃപ്തി തോന്നുന്നത്.
? കലാകാരിയാണെന്നു കേട്ടു?

അത്രയ്‌ക്കൊന്നുമില്ല. കോളേജില്‍ പഠിച്ചുകൊണ്ടിരുന്നകാലത്ത് കോളേജ് നാടകങ്ങളില്‍ പങ്കെടുത്തിരുന്നു. ഒന്നു രണ്ടു സന്ദര്‍ഭങ്ങളില്‍ മോഡലിംഗും നടത്തിയിട്ടുണ്ട്. പിന്നെ കൊച്ചിയില്‍ മിസ്. കൊച്ചി ഫാഷന്‍ ഷോയില്‍ പങ്കെടുത്തിരുന്നു. പക്ഷേ ഒന്നും പ്രൊഫഷണല്‍ ആക്കാന്‍ ആഗ്രഹിച്ചിട്ടില്ല. മറ്റൊരുകാര്യം ഒന്നു രണ്ടു പുസ്തകങ്ങള്‍ എഴുതുന്നുണ്ട്. ഇംഗ്ലീഷിലുള്ള ആ പുസ്തകങ്ങള്‍ അധികം വൈകാതെ പ്രകാശനം ചെയ്യണമെന്നാണ് ആഗ്രഹം. പിന്നെ ഞാനൊരു ഡീപ്പ് സീ ഡൈവര്‍ ആണ്. വെള്ളത്തില്‍ വീണ മൂന്ന്‌പേരെ രക്ഷിച്ചിട്ടുമുണ്ട്. കടലിന്റെ ആഴത്തില്‍ കിടക്കുന്ന പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള ഒരു പദ്ധതി ഒരു ഗ്രൂപ്പുമായി സഹകരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരുകയാണ്.

? നല്ലകാര്യങ്ങള്‍ ചെയ്യുന്നത് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടല്ലോ അല്ലേ?
അവിടെയാണ് കുഴപ്പം. നല്ലതാണ് ചെയ്യുന്നതെന്നറിഞ്ഞാലും നമ്മുടെ ചെയ്തികളെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്ന ചിലരും ഉണ്ട്. പ്രോത്സാഹിപ്പിക്കുന്നവരും ധാരാളം.

? കുടുംബവിശേഷങ്ങള്‍?

ഞങ്ങള്‍ക്ക് മൂന്ന് മക്കളാണുള്ളത്. പ്രിയങ്ക, ഋതിക, കുഞ്ഞുമാണി. മൂത്ത മകള്‍ ബാംഗ്ലൂരില്‍ പഠിക്കുന്നു. ഋതിക പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് കോട്ടയത്തു പഠിക്കുന്നു. കുഞ്ഞുമാണി ചോയിസ് സ്‌കൂളില്‍ എറണാകുളത്ത് പഠിക്കുന്നു. മൂന്നുപേരും നല്ല നീന്തല്‍ വിദഗ്ദ്ധരാണ്. കുട്ടികളുടെ പഠനകാര്യത്തിലും ആഹാരകാര്യത്തിലും ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. കുടുംബകാര്യം കഴിഞ്ഞേ എനിക്ക് മറ്റെന്തെങ്കിലും ഉള്ളൂ. അതുകഴിഞ്ഞാല്‍ എനിക്ക് ഏറെ ഇഷ്ടം സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്നെ.

 

 

തയാറാക്കിയത് : പഴയിടം മുരളി 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments