HomeNewsകേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന ഗള്‍ഫ് പ്രതീക്ഷകള്‍ അസ്തമിക്കുകയാണോ?

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന ഗള്‍ഫ് പ്രതീക്ഷകള്‍ അസ്തമിക്കുകയാണോ?

കേരളം അതിന്റെ ഏറ്റവും വലിയ സ്വപ്നത്തില്‍ നിന്നും തിരിഞ്ഞു നടക്കുകയാണ് എന്ന സൂചന നല്‍കിക്കൊണ്ട്‌വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന മലയാളികളുടെ എണ്ണം കുത്തനെ കുറയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 31.23 ശതമാനം തുകയാണ് പ്രവാസികള്‍ വര്‍ഷംതോറും കേരളത്തിലേക്ക് അയക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന സമ്പദ്ഘടനയുടെ നെടുംതൂണുകളിലൊന്നായ വിദേശ മലയാളികളുടെ എണ്ണം കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നത് കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക മണ്ഡലങ്ങളില്‍ വന്‍ പ്രത്യാഘാതത്തിന് വഴിവെച്ചേക്കും. അടുത്ത മൂന്ന് വര്‍ഷത്തിനകം കേരളത്തില്‍ നിന്നുള്ള വിദേശ കുടിയേറ്റത്തിന്റെ വളര്‍ച്ചാനിരക്ക് പൂജ്യം ശതമാനമാകുമെന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത് നെഗറ്റീവ് നിരക്കിലേക്ക് മാറുമെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ (സി.ഡി.എസ്) ഏറ്റവും പുതിയ റിപ്പോര്‍ട്ടായ കേരള മൈഗ്രേഷന്‍ സര്‍വേ – 2011 വെളിപ്പെടുത്തുന്നത്. 2008 മുതല്‍ 2011 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവിലാണ് വിദേശ കുടിയേറ്റത്തില്‍ വന്‍ ഇടിവുണ്ടായത്. പ്രസ്തുത കാലയളവില്‍ വിദേശത്തേക്ക് കുടിയേറിയ മലയാളികള്‍ ആകെ 87,131 മാത്രമാണ്. 2003 മുതല്‍ 2008 വരെ വിദേശ കുടിയേറ്റത്തില്‍ 73 ശതമാനം വര്‍ധന ഉണ്ടായപ്പോള്‍ 2008 മുതല്‍ 2011 വരെ ഉണ്ടായിട്ടുള്ള വര്‍ധനവ് വെറും 25 ശതമാനമാണ്. ഈയൊരു വര്‍ധന പോലും 2015നകം നിലയ്ക്കുമെന്ന് മാത്രമല്ല തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിദേശ മലയാളികളുടെ ആകെ എണ്ണം വ്യാപകമായി ചുരുങ്ങിയേക്കുമെന്നുമാണ് സര്‍വേ നല്‍കുന്ന സൂചന –
വിദേശ കുടിയേറ്റത്തിലുണ്ടായ ഈയൊരു വ്യതിയാനം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വളരെ പ്രകടമായി കാണാവുന്നതാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ള വിദേശ കുടിയേറ്റം 2008 മുതല്‍ 2011 വരെയുള്ള കാലയളവില്‍ നെഗറ്റീവ് വളര്‍ച്ചയിലേക്ക് മാറിക്കഴിഞ്ഞു. ഇവയില്‍ പത്തനംതിട്ട ജില്ലയാണ് ഏറ്റവും അധികം ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് –

കേരളത്തിലെ ജനന നിരക്കില്‍ ഉണ്ടാകുന്ന കുറവ്, ജനസംഖ്യ ഘടനയിലെ വ്യത്യാസം എന്നിവയാണ് വിദേശ കുടിയേറ്റം കുറക്കാനിടയാക്കുന്ന ഒരു പ്രധാന ഘടകം. സംസ്ഥാനത്ത് നിന്നുള്ള പ്രവാസികളില്‍ 85 ശതമാനവും 20 മുതല്‍ 40 വയസ് വരെ പ്രായമുള്ള ചെറുപ്പക്കാരാണ്. (ഇവരില്‍ സ്ത്രീകളെ ഒഴിവാക്കിയാല്‍ ഏകദേശം 95 ശതമാനവും പുരുഷന്മാരാണ്.) ഈ പ്രായത്തിലുള്ളവരെ കുറവ് കേരളത്തിലെ മനുഷ്യവിഭവശേഷി സമ്പത്തിനെ സാരമായി ബാധിക്കുന്നുണ്ട്. 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ ജനസംഖ്യ വളര്‍ച്ചാനിരക്ക് നെഗറ്റീവായിക്കഴിഞ്ഞു. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ജനനനിരക്ക് വളരെയേറെ കുറഞ്ഞതിനാല്‍ കുടിയേറ്റത്തിലും കുറവുണ്ടായിട്ടുണ്ട്. ”ജനസംഖ്യാ നിരക്കിലുണ്ടാകുന്ന കുറവ് രണ്ട് തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. വിദേശ കുടിയേറ്റം കുറയ്ക്കുമെന്നതാണ് ഒരു പ്രശ്‌നം. അതോടൊപ്പം അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരായ തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവ് വര്‍ധിപ്പിക്കുന്നതിനും ഇതിടയാക്കും.” ഡോ.എസ്. ഋദയരാജന്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളിലെ വേതന നിരക്കുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കേരളത്തിലെ മികച്ച വേതന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗള്‍ഫിലെ ഇപ്പോഴത്തെ വേതനം മലയാളികളെ ആകര്‍ഷിക്കാന്‍ പര്യാപ്തമല്ലെന്നും ഋദയരാജന്‍ ചൂണ്ടിക്കാട്ടുന്നു. അവിദഗ്ധ തൊഴിലാളികള്‍ക്ക് കേരളത്തിലും ഗള്‍ഫിലും ലഭിക്കുന്ന വേതനത്തില്‍ കാര്യമായ വ്യത്യാസം ഇല്ലെന്നതാണ് ഇതിന് കാരണം. കൂടാതെ മിക്ക വിദേശ രാജ്യങ്ങളും അവിടേക്കുള്ള അന്യരാജ്യക്കാരുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ കര്‍ക്കശ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നതും പ്രവാസികള്‍ക്ക് ഒരു തിരിച്ചടിയാണ്. അറബ് രാജ്യങ്ങളിള്‍ ശക്തിപ്പെട്ടു വരുന്ന മണ്ണിന്റെ മക്കള്‍വാദവും കേരളത്തിലെ പ്രവാസികള്‍ക്ക് ശക്തമായ വെല്ലുവിളിയായേക്കും –

അതേസമയം, വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്ന മലയാളികള്‍ക്ക് ശരിയായ ദിശയിലുള്ള പരിശീലനം നല്‍കാന്‍ നമുക്ക് സാധിക്കാത്തതിനാല്‍ അവിടെയുള്ള ഒട്ടേറെ അവസരങ്ങള്‍ നഷ്ടപ്പെടുന്നുമുണ്ട്. 2011ലെ കണക്ക് പ്രകാരം വിദേശത്തുനിന്നും തിരിച്ചെത്തിയിട്ടുള്ള ആകെ മലയാളികള്‍ 11.5 ലക്ഷമാണ്. ഇവരെക്കൂടി കണക്കിലെടുത്താല്‍ കേരളത്തിലെ ആകെ വിദേശ മലയാളികള്‍ 34.3 ലക്ഷമാണ്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നാണ് വിദേശ മലയാളികളില്‍ ഭൂരിഭാഗവും മടങ്ങിവന്നതെന്ന് മിനിസ്ട്രി ഓഫ് ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സിനുവേണ്ടി കേരളത്തിലെ നാല് ജില്ലകളില്‍ നടത്തിയ വ്യാപകമായ ഒരു പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ടെന്ന് കേരള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മറ്റി ചെയര്‍മാനായ ഡോ.ബി.എ പ്രകാശ് ചൂണ്ടിക്കാട്ടുന്നു –

കേരളത്തില്‍ നിന്നുള്ള പ്രവാസികളില്‍ 90 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് പ്രധാനമായും ചേക്കേറിയിട്ടുള്ളത്. ഇതില്‍ യു.എ.ഇയാണ് ഏറ്റവും മുന്നില്‍. ആകെ വിദേശ മലയാളികളില്‍ 38.7 ശതമാനവും യു.എ.ഇയിലാണ്. 2008ല്‍ ഇവിടെ 9.18 ലക്ഷം മലയാളികളുണ്ടായിരുന്നത് 2011ല്‍ 8.83 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. സൗദിയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 5.74 ലക്ഷം മലയാളികളുണ്ട്. ഒമാന്‍, കുവൈറ്റ് തുടങ്ങിയ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെല്ലാമായി 20.37 ലക്ഷം മലയാളികളുണ്ട്. അമേരിക്ക, കാനഡ, ആഫ്രിക്ക തുടങ്ങിയ മറ്റുള്ള വിദേശ രാജ്യങ്ങളിലെല്ലാംകൂടി 2.42 ലക്ഷം മലയാളികളാണുള്ളത്.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് യു.എ.ഇ, കുവൈറ്റ് രാജ്യങ്ങ ളിലേക്കുള്ള കുടിയേറ്റം കുറഞ്ഞെങ്കിലും സൗദി, ഒമാന്‍, ഖത്തര്‍ എന്നിവിട ങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചിട്ടുണ്ട്. കൂടാതെ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള പ്രവാസി കുടിയേറ്റം കുറഞ്ഞപ്പോള്‍ യു.കെ, ആഫ്രിക്ക, മലേഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുകയും ചെയ്തു. വിദേശ കുടിയേറ്റം നടത്തിയിട്ടുള്ള മലയാളികള്‍ മികച്ച ജീവിത നിലവാരം പുലര്‍ത്തുന്നവരാണ്. ഉദാഹരണമായി കേരളീയ ജനതയില്‍ 40.5 ശതമാനം മാത്രമാണ് 10-ാം ക്ലാസോ അതിന് മുകളിലോ വിദ്യാഭ്യാസം നേടിയിട്ടുള്ളതെങ്കില്‍ പ്രവാസികളില്‍ 68 ശതമാനവും പ്രസ്തുത നിലവാരം കൈവരിച്ചിട്ടുണ്ട് –

പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോത് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണെങ്കിലും അതിന് കാരണം രൂപയുടെ മൂലശോഷണവും വിദേശത്തെ മെച്ചപ്പെട്ട വേതന നിരക്കുകളുമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു –

2001 മുതല്‍ 2011 വരെയുള്ള 10 വര്‍ഷക്കാലത്തിനിടക്ക് കേരളത്തിലെ ജനസംഖ്യയിലുണ്ടായ വര്‍ധനവ് പ്രതിവര്‍ഷം 0.5 ശതമാനം മാത്രമാണ്. സംസ്ഥാനത്തെ ജനസംഖ്യ വളര്‍ച്ചാനിരക്ക് അതിവേഗം പൂജ്യം ശതമാനത്തിലേക്ക് അടുക്കുന്നുവെന്നതും സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം കേരളീയ ജനതയുടെ ശരാശരി പ്രായം 35.09 ആണെന്നതുമൊക്കെ തൊഴിലെടുക്കാന്‍ കഴിയുന്ന ചെറുപ്പക്കാരുടെ അഭാവം വ്യക്തമാക്കുന്നതിനാല്‍ ഭാവിയില്‍ വിദേശ കുടിയേറ്റത്തിന്റെ നിലനില്‍പ്പ് തന്നെ വലിയൊരു ചോദ്യചിഹ്നമായി മാറിയേക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments