HomeAround KeralaThiruvananthapuramമാരകായുധങ്ങളുമായി ആക്രമിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കുപ്രസിദ്ധ ഗുണ്ട പിടിയിൽ

മാരകായുധങ്ങളുമായി ആക്രമിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കുപ്രസിദ്ധ ഗുണ്ട പിടിയിൽ

നെടുമങ്ങാട്∙ വസ്തു ഇടപാടിനായി എത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നു 10 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒന്നാം പ്രതി അറസ്റ്റിൽ. മാറനെല്ലൂർ കണ്ടള കാട്ടുവിള സോളമൻ വില്ലയിൽ സുനിൽ കുമാറി (37)നെയാണു നെടുമങ്ങാട് സിഐ സ്റ്റുവർട്ട് കീലറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. സുനിൽകുമാർ കുപ്രസിദ്ധ ഗുണ്ട ആര്യനാട് ശ്യാമിന്റെ കൂട്ടാളിയാണെന്നും പൊലീസ് അറിയിച്ചു.

സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നത്: നെടുമങ്ങാട്ടുള്ള ഒരു അഭിഭാഷകന്റെ വസ്തു ഇടപാടിനായാണു റഹീസും തിരുവനന്തപുരം സ്വദേശികളായ സുഹൃത്തുക്കളും നെടുമങ്ങാട്ട് എത്തിയത്. ഈ സമയം, മുൻപേ ഇവരുമായി പരിചയം നടിച്ചിരുന്ന പ്രതി സുനിൽകുമാർ തനിക്കു മനാറുൽ ഹൂദ സ്കൂളിനു സമീപം മറ്റൊരു രണ്ടര ഏക്കർ വസ്തുകൂടി ഇടപാട് നടത്താനുണ്ടെന്നു പറഞ്ഞ് ഇവരെ സംഭവസ്ഥലത്ത് എത്തിക്കുകയായിരുന്നു. അവിടെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രതിയായ സുനിൽ തയാറാക്കിനിർത്തിയിരുന്ന ഗുണ്ടകൾ റഹീസിനെയും കൂട്ടാളികളെയും മഴു, വാൾ തുടങ്ങിയ മാരക ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചശേഷം പത്തു ലക്ഷം രൂപ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.

സംഭവത്തെ തുടർന്നു വാദിയുടെ തൊട്ടുമുൻപുള്ള ദിവസങ്ങളിലെ ചലനങ്ങൾ നിരീക്ഷിച്ചതിൽ നിന്നാണ് ഇടനിലക്കാരനായി എത്തിയതു സുനിൽകുമാറാണെന്ന് അറിവായതെന്നാണു പൊലീസിന്റെ വിശദീകരണം. ഇതേത്തുടർന്നു റൂറൽ എസ്പി ഷെഫീൻ അഹമ്മദ്, ഡിവൈഎസ്പി ശിവപ്രസാദ് എന്നിവരുടെ പ്രത്യേക നിർ‍ദേശപ്രകാരം സിഐയും സംഘവും നടത്തിയ തിരച്ചിലിലായിരുന്നു കാട്ടാക്കടയിൽ നിന്ന് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യാനായത്. സിഐയെ കൂടാതെ എസ്ഐ തൻസീം അബ്ദുൽ സമദ്, ഷാഡോ പൊലീസ് അംഗങ്ങളായ ഗോപൻ, ഷിബു, ജയൻ, സുനിൽ, സുനിലാൽ എന്നിവർ‌ ചേർന്നു നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതി പൊലീസ് വലയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments