HomeHealth Newsഈ മൂന്നു രോഗങ്ങളുടെ ഗുളികകൾ മുറിക്കാതെ കഴിക്കേണ്ടവ; ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം...

ഈ മൂന്നു രോഗങ്ങളുടെ ഗുളികകൾ മുറിക്കാതെ കഴിക്കേണ്ടവ; ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്ന കാരണം ഇങ്ങനെ

ഗുളികകള്‍ പലതരമുണ്ട്. ചിലത് മുറിച്ചാല്‍ പൊടിഞ്ഞുപോവുന്നവയാണ്. മറ്റു ചിലവ കൃത്യമായി മുറിക്കാനാവും. ഇതില്‍ തന്നെ ചില ഗുളികകള്‍ക്ക് കോട്ടിങ്ങുണ്ടാവും. ചിലത് ശരീരത്തിലെത്തി പെട്ടെന്ന് പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ മറ്റു ചിലത് വളരെ സാവധാനം മാത്രം പ്രവര്‍ത്തിക്കുന്നവയായിരിക്കും. വേറെ ചില ഗുളികകളില്‍ മുറിക്കാന്‍ മധ്യത്തില്‍ പാടുണ്ടാവും. മറ്റു ചിലതിന് പാടുണ്ടാവില്ല. സ്ട്രിപ്പില്‍ നിന്ന് പുറത്തെടുത്ത ശേഷം സൂക്ഷിച്ചുവെക്കുമ്പോള്‍ ഗുണം കുറയുന്ന മരുന്നുകളുമുണ്ട്. പാതിയും കാല്‍ഭാഗവുമൊക്കെയാക്കി ഗുളികകള്‍ മുറിച്ച് കഴിക്കല്‍ രോഗികള്‍ക്കിടയിലെ ഒരു സാധാരണ രീതിയാണ്. മരുന്നിന്റെ അളവ് കുറയ്ക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചതില്‍ കൂടുതല്‍ അളവുള്ള ഗുളിക മരുന്ന് കടയില്‍ നിന്ന് ലഭിക്കുമ്പോള്‍ ഡോസ് കൃത്യമാക്കാനുമൊക്കെയാണ് ഇങ്ങനെ ചെയ്യാറ്. വിദേശരാജ്യങ്ങളില്‍ പക്ഷേ, പലരും ചികിത്സാ ചെലവ് കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അവിടെ ഗുളിക മുറിച്ച് കഴിച്ചാല്‍ രോഗികള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ വരെയുണ്ട്. എന്നാല്‍ ഇത് അപകടം പിടിച്ച ഏര്‍പ്പാടാണെന്നാണ് ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് മെഡിസിനിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

പല ഗുളികകളും കൃത്യമായി പാതിയാക്കാന്‍ കഴിയുന്നവയല്ല. മാത്രമല്ല അവയില്‍ ചിലതിന്റെ കാര്യത്തിലെങ്കിലും രോഗം ഭേദമാകാനും അപകടമുണ്ടാക്കാനും സാധ്യതയുള്ള ഡോസുകള്‍ക്കിടയില്‍ നേരിയ വ്യത്യാസമേ ഉണ്ടായിരിക്കുകയുമുള്ളൂ. അങ്ങനെയുള്ള ഗുളികകള്‍ മുറിച്ച് കഴിക്കുമ്പോള്‍ അളവിലെ നേരിയ ഏറ്റക്കുറച്ചില്‍ പോലും അപകടകരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും-ഗവേഷക സംഘത്തിന്റെ തലവനും ബെല്‍ജിയത്തിലെ കെന്റ് സര്‍വകലാശാലയിലെ പ്രൊഫസറുമായ ചാര്‍ലോട്ടെ വെറു പറയുന്നു.

പഠനത്തിന്റെ ഭാഗമായി എട്ട് വ്യത്യസ്ത ഗുളികകള്‍ മുറിച്ചുനോക്കി. കറിക്കത്തി, കത്രിക, ഗുളിക മുറിക്കാനുള്ള പ്രത്യേക ഉപകരണം, കൈ എന്നിവ ഉപയോഗിച്ചാണ് ഗുളികകള്‍ മുറിച്ചത്. ഗുളികകള്‍ പാതിയായും കാല്‍ഭാഗമായുമൊക്കെ മുറിച്ചുനോക്കി. പാര്‍ക്കിന്‍സണ്‍സ്, ആര്‍ത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങിയവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ഗുളികകളാണ് ഇങ്ങനെ മുറിച്ചത്. മുറിക്കുന്നതിന് മുമ്പും ശേഷവും ഗുളികകളുടെ ഭാരം അളന്ന് രേഖപ്പെടുത്തിയിരുന്നു. മുറിച്ച ശേഷം ലഭിച്ച ഗുളിക കഷണങ്ങളിലെ 31 ശതമാനവും ആവശ്യമായ ഡോസില്‍ നിന്ന് 15 ശതമാനത്തോളം വ്യത്യാസമുള്ളവയായിരുന്നു. മറ്റൊരു 25 ശതമാനം കഷണങ്ങളില്‍ 14 ശതമാനത്തോളവും വ്യത്യാസമുണ്ടായിരുന്നു. കൃത്യമായി ഗുളിക മുറിക്കാന്‍ കഴിയുമെന്ന് കരുതപ്പെടുന്ന പില്‍ സ്​പ്‌ളിറ്റര്‍ ഉപകരണം ഉപയോഗിച്ച് മുറിച്ചപ്പോള്‍ പോലും അളവില്‍ വ്യത്യാസമുണ്ടായിരുന്നു.

ചെറുത്, വലുത്, ഉരുണ്ടത്, മുറിക്കാനുള്ള രേഖ നടുവിലൂടെയുള്ളത്, ഇല്ലാത്തത് തുടങ്ങി പലതരം ഗുളികകള്‍ പരീക്ഷണത്തില്‍ ഉപയോഗിച്ചു. ഗുളിക മുറിക്കുമ്പോള്‍ ഉണ്ടാകുന്ന ഡോസ് വ്യത്യാസം എല്ലായ്‌പ്പോഴും പ്രശ്‌നമാകണമെന്നില്ല. ഉദാഹരണത്തിന് അമിത രക്തസമ്മര്‍ദം പോലുള്ള ദീര്‍ഘകാല ചികിത്സകളില്‍ ഉപയോഗിക്കുന്ന ഗുളികകള്‍. ഒരു ദിവസം അല്പം അളവ് കൂടിയാലോ മറ്റൊരു ദിവസം അല്പം കുറഞ്ഞാലോ അത് വലിയ പ്രശ്‌നമൊന്നുമുണ്ടാക്കില്ല. എന്നാല്‍ ഡോസില്‍ വലിയ വ്യത്യാസമുണ്ടാവുമ്പോഴും നേരിയ വ്യത്യാസം പോലും വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന മരുന്നുകളുടെ കാര്യത്തിലും ഇത് പക്ഷേ പ്രശ്‌നകാരണമാകും.
ഇവ മുറിച്ച് സൂക്ഷിച്ച ശേഷം പിന്നീട് കഴിക്കുമ്പോള്‍ ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല.

മുറിക്കാന്‍ പാടില്ലാത്ത ഗുളികകളുമുണ്ട്. അവ മുറിച്ചാല്‍ പ്രതികൂലഫലം ചെയ്യും. അന്തരീക്ഷ വായു, ഈര്‍പ്പം തുടങ്ങിയവ ഗുളികയിലെ ഔഷധ ഫോര്‍മുലയില്‍ മാറ്റം വരുത്തുന്നതുകൊണ്ടാണിത്. ഏതൊക്കെ ഗുളികകള്‍ മുറിക്കാം, മുറിക്കാന്‍ പാടില്ല എന്ന കാര്യത്തില്‍ ഡോക്ടര്‍ക്കോ മരുന്നുകടക്കാര്‍ക്കോ പോലും ഇന്നും വ്യക്തമായ ധാരണയില്ല എന്നാണ് പഠനത്തില്‍ വ്യക്തമായത്. വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ട മരുന്നുകള്‍ മുറിച്ച് കഴിക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്ന നിഗമനത്തിലാണ് ഒടുവില്‍ ഗവേഷക സംഘമെത്തിയത്. കുറഞ്ഞ പക്ഷം ഇനി ഗുളിക വാങ്ങുമ്പോള്‍ മുറിച്ച് കഴിക്കാവുന്നതാണോ അല്ലയോ എന്ന് ഡോക്ടറോടോ ഫാര്‍മസിസ്റ്റിനോടോ ചോദിക്കുകയെങ്കിലും ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments