HomeHealth Newsകുർബാനയ്ക്കിടെ നാവില്‍ അപ്പവും വീഞ്ഞും നല്‍കുന്ന രീതിയിൽ ഒളിഞ്ഞിരിക്കുന്നത് വലിയ അപകടം; തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ...

കുർബാനയ്ക്കിടെ നാവില്‍ അപ്പവും വീഞ്ഞും നല്‍കുന്ന രീതിയിൽ ഒളിഞ്ഞിരിക്കുന്നത് വലിയ അപകടം; തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ മുന്‍ പ്ലാസ്റ്റിക് സര്‍ജന്റെ മുന്നറിയിപ്പ് ഇങ്ങനെ:

കുര്‍ബാനയുടെ ഭാഗമായി വിശ്വാസികളുടെ നാവില്‍ അപ്പവും വീഞ്ഞും നല്‍കുന്ന രീതി അനാരോഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം ഡോക്ടര്‍മാര്‍ വീണ്ടും രംഗത്ത്. ഇതവസാനിപ്പിക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ മുന്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. പി.എ. തോമസ് ആരോഗ്യസെക്രട്ടറിക്ക് കത്തുനല്‍കി. ഡോക്ടറുടെ കത്ത് ലഭിച്ചെന്നും എന്നാല്‍, പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. നിപ്പ, ഹെപ്പറ്റൈറ്റിസ് തുടങ്ങി ഉമിനീരിലൂടെ പകരുന്ന രോഗങ്ങള്‍ മനുഷ്യന് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഡോ. പി.എ. തോമസ് പറയുന്നു.

‘കുര്‍ബാനയില്‍ ചെറിയ അപ്പം പട്ടക്കാരന്‍ കൈകൊണ്ട് സ്വീകര്‍ത്താവിന്റെ വായില്‍ വെച്ചുകൊടുക്കുമ്പോള്‍ പട്ടക്കാരന്റെ കൈവിരലുകളില്‍ സ്വീകര്‍ത്താവിന്റെ ഉമിനീര്‍ പുരളാറുണ്ട്. വീഞ്ഞ് ഒരേ സ്പൂണില്‍ എല്ലാവരുടെയും വായില്‍ പകരുമ്പോള്‍ പല സ്വീകര്‍ത്താക്കളുടെയും നാക്കിലും പല്ലിലും സ്പര്‍ശിക്കുകയും സ്പൂണില്‍ ഉമിനീര് പുരളുകയും ചെയ്യും. ഇത് വളരെ അനാരോഗ്യകരമാണ്. ഈ അപകടകരമായ രീതി ഇന്നും പല ക്രിസ്ത്യന്‍ പള്ളികളിലും ഞായറാഴ്ച ദിവസങ്ങളില്‍ തുടരുന്നുണ്ട്. കേരളത്തിലെ പല പരിഷ്‌കൃതസഭകളും ചെയ്യുന്നതുപോലെ അപ്പം സ്വീകര്‍ത്താവിന്റെ കൈകളിലും വീഞ്ഞ് ചെറുകപ്പുകളിലും നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാം’ കത്തില്‍ പറയുന്നു.

യേശുവിന്റെ കുരിശുമരണത്തിന്റെ തലേന്ന് ശിഷ്യന്മാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയ്ക്കായാണ് കുര്‍ബാന ആചരിക്കുന്നത്. പ്രത്യേകം നിര്‍മിച്ച അപ്പവും വീഞ്ഞുമാണ് ഇതിനുപയോഗിക്കുന്നത്. ക്രൈസ്തവസഭകള്‍ പലതും പലരീതിയിലാണ് ഇവ വിശ്വാസികള്‍ക്ക് നല്‍കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷനും നേരത്തേ സഭാ നേതൃത്വങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments