HomeSportsപാകിസ്ഥാനെതിരെ ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റ്‌ ജയം

പാകിസ്ഥാനെതിരെ ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റ്‌ ജയം

കൊല്‍ക്കത്ത: പാകിസ്‌താനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരത്തില്‍ ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 115 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ 15.5 ഓവറില്‍ വിജയ റണ്ണെടുത്തു. 37 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 55 റണ്ണെടുത്തു പുറത്താകാതെനിന്ന വിരാട്‌ കോഹ്ലിയാണ്‌ ഇന്ത്യയുടെ വിജയശില്‍പ്പി. ഇന്ത്യന്‍ നായകന്‍ എം.എസ്‌. ധോണി ഒന്‍പത്‌ പന്തില്‍ 13 റണ്ണുമായി പുറത്താകാതെനിന്നു.

 

 

കൊല്‍ക്കത്തയിലും പരിസരങ്ങളിലും തകര്‍ത്തു പെയ്‌ത മഴയെ തുടര്‍ന്നു വൈകിയാണു മത്സരം തുടങ്ങിയത്‌. മഴമൂലം മത്സരം 18 ഓവര്‍ വീതമാക്കുകയും ചെയ്‌തു. 16 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 26 റണ്ണെടുത്ത ഷുഐബ്‌ മാലിക്കും 16 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 22 റണ്ണെടുത്ത ഉമര്‍ അക്‌മലുമാണ്‌ പാകിസ്‌താനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്‌. ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ്‌. ധോണി പാകിസ്‌താനെ ബാറ്റിങ്ങിനു വിട്ടു. ബംഗ്ലാദേശും പാകിസ്‌താനും തമ്മില്‍ നടന്ന മത്സരത്തില്‍ കണ്ട ഈഡന്‍ ഗാര്‍ഡന്‍സായിരുന്നില്ല ഇന്നലെ കണ്ടത്‌. പന്ത്‌ ബാറ്റിലേക്കു വരാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ പാക്‌ ഓപ്പണര്‍മാരായ ഷാര്‍ജീല്‍ ഖാനും ((24 പന്തില്‍ 17) അഹമ്മദ്‌ ഷെഹ്‌സാദും (28 പന്തില്‍ 25) പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടി. കൂറ്റനടികള്‍ക്കു ശ്രമിച്ചു വിക്കറ്റ്‌ കളയാതെ പിടിച്ചു നില്‍ക്കാനായിരുന്നു പാക്‌ ഓപ്പണര്‍മാരുടെ ശ്രമം. ആശിഷ്‌ നെഹ്‌റ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന്‌ റണ്ണാണു വീണത്‌. ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിന്‍ എറിഞ്ഞ രണ്ടാമത്തെ ഓവറില്‍ പിറന്നത്‌ രണ്ട്‌ റണ്ണും. മൂന്നാമത്തെ ഓവറിലാണ്‌ ആദ്യ ബൗണ്ടറി പിറന്നത്‌. പാര്‍ട്ട്‌ ടൈം ഓഫ്‌ സ്‌പിന്നര്‍ സുരേഷ്‌ റെയ്‌നയാണ്‌ ഓപ്പണിങ്‌ കൂട്ടുകെട്ട്‌ പൊളിച്ചത്‌. റെയ്‌നയെ മിഡ്‌ ഓണിലൂടെ പറത്തിയ ഷാര്‍ജീലിനെ ഹാര്‍ദിക്‌ പാണ്ഡ്യ മുന്നോട്ടു ഡൈവ്‌ ചെയ്‌ത് പിടികൂടി.

 
ജസ്‌പ്രീത്‌ ബുംറ എറിഞ്ഞ പത്താം ഓവറില്‍ ഷെഹ്‌സാദും മടങ്ങി. രവീന്ദ്ര ജഡേജ പിന്നോട്ടോടിയാണു ഷെഹ്‌സാദിനെ പിടിച്ചത്‌. പാക്‌ നായകന്‍ ഷാഹിദ്‌ അഫ്രീഡി (14 പന്തില്‍ എട്ട്‌) ഹാര്‍ദിക്‌ പാണ്ഡ്യയുടെ പന്തില്‍ വിരാട്‌ കോഹ്ലി പിടിച്ചു മടങ്ങി. ഉമര്‍ – മാലിക്ക്‌ കൂട്ടുകെട്ടിനെ രവീന്ദ്ര ജഡേജയാണു പൊളിച്ചത്‌. ഉമര്‍ അക്‌മലിനെ ജഡേജ വിക്കറ്റിനു പിന്നില്‍ ധോണിയുടെ കൈയിലെത്തിച്ചു. 17-ാം ഓവറില്‍ മാലിക്കും മടങ്ങി. നെഹ്‌റയെ ഉയര്‍ത്തിയടിക്കാനുള്ള മാലിക്കിന്റെ ശ്രമം അശ്വിന്റെ കൈയില്‍ അവസാനിച്ചു. ഇന്ത്യയും പാകിസ്‌താനും തമ്മില്‍ ഏകദിന, ട്വന്റി20 ലോകകപ്പുകളിലായി 10 മത്സരങ്ങള്‍ കളിച്ചു. അതില്‍ ഒന്‍പതിലും ഇന്ത്യക്കായിരുന്നു ജയം. 2007 ല്‍ പ്രഥമ ട്വന്റി20 ലോകകപ്പിലെ മത്സരം ടൈയായിരുന്നു. ബോള്‍ ഔട്ടിലൂടെ ഇന്ത്യ പാകിസ്‌താനെ മറികടക്കുകയായിരുന്നു. പാകിസ്‌താന്‍ അവസാനം ഇന്ത്യയില്‍ ട്വന്റി20 കളിച്ചത്‌ 2012 ലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സ്‌ സ്‌പിന്നിനോടു ചായ്‌വ് പ്രകടമാക്കിയിരുന്നു. പക്ഷേ ഇന്നലെ സ്‌പിന്നര്‍മാര്‍ക്കു കാര്യമായി തിളങ്ങാനായില്ല.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments