കന്യാസ്ത്രീയോട് മാപ്പ് പറയില്ല; ഒരു സ്ത്രീക്കുമെതിരെ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കാണ് പ്രയോഗിച്ചത്; അത് പിന്‍വലിക്കുന്നു: പി സി ജോർജ്

കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച പദത്തില്‍ ഖേദപ്രകടനം നല്‍കിയെങ്കിലും മറ്റാരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.

പി.സി ജോര്‍ജിന്റെ വാക്കുകള്‍:

കേരളത്തിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നയാളാണ് ഞാന്‍. മറ്റ് നിരവധി വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആരുടെയും സ്വാധീനത്തിന് വഴങ്ങി അഭിപ്രായം മാറ്റിപ്പറയുമെന്ന് കരുതേണ്ട. ജോര്‍ജിനെ ഭയപ്പെടുത്താമെന്ന് ആരും വിചാരിക്കണ്ട. ഒരു സ്ത്രീക്കുമെതിരെ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കാണ് കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ചത്. അത് പിന്‍വലിക്കുന്നു. വൈകാരികമായി പറഞ്ഞുപോയതാണ് അതിലെനിക്ക് ദുഖമുണ്ട്.

ആ വാക്ക് പിന്‍വലിക്കുന്നത് ആരെയും പേടിച്ചാണെന്ന് കരുതേണ്ട. ആരെയും പേടിയില്ല. നിങ്ങള്‍ പറയുന്ന ഏത് നിയമനടപടിയെയും നേരിടാന്‍ തയ്യാറാണ്. ആ വാക്കില്‍ മാത്രമാണ് ദുഖം. മറ്റെല്ലാ ആരോപണങ്ങളിലും ഉറച്ചുനില്‍ക്കുന്നു. തെളിവുകളും കൈവശമുണ്ട്.

ആ സ്ത്രീയെ കന്യാസ്ത്രീ എന്ന് വിളിക്കുന്നത് തെറ്റാണ്. മാന്യതയുണ്ടെങ്കില്‍ തിരുവസ്ത്രം ഊരിവെച്ച് സമരത്തിന് പോകണം. കന്യാസ്ത്രീയുടെ കുടുംബം എങ്ങനെയാണ് പണമുണ്ടാക്കിയത്? എവിടുന്നാണ് ഈ പണം? ക്രൈസ്തവ സഭയെ അപമാനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ലോകം മുഴുവനും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

സഭയുടെ കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെടേണ്ട. സഭയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ ഞാന്‍ ഇടപെടും.

കന്യാസ്ത്രീയോട് മാപ്പുപറയേണ്ട കാര്യമൊന്നുമില്ല. ഇവരെപ്പോലൊരു സ്ത്രീയോട് എന്തിന് മാപ്പുപറയണം? നല്ല സ്ത്രീയായിരുന്നെങ്കില്‍ ആലോചിക്കാമായിരുന്നു. എനിക്കെതിരെ ആരോപണമുന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെയും കേസ് കൊടുക്കും.

ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അവരങ്ങനെ പറഞ്ഞത്. പിന്നെ പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നാണല്ലോ. കൂടുതലൊന്നും പറയുന്നില്ല. നോട്ടീസ് കിട്ടിയിട്ട് വിശദമായി പറയാം.