തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഈ ജില്ലകളില്‍ ഞായറാഴ്ച നിശ്ശബ്ദ പ്രചാരണമായിരിക്കും. നവംബര്‍ 5ന് വോട്ടെടുപ്പ് നടക്കുന്ന മറ്റു ജില്ലകളിലെ പ്രചാരണം നവംബര്‍ 3ന് സമാപിക്കും. എല്ലാ ജില്ലകളിലും നവംബര്‍ 7ന് വോട്ടെണ്ണും. വെള്ളിയാഴ്ച സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവുമുള്‍പ്പെടുത്തി വോട്ടിങ് യന്ത്രങ്ങള്‍ സജ്ജമാക്കി.
പ്രചാരണത്തിന്റെ സമാപനം സമാധാനപരമാണെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. പ്രചാരണവാഹനങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത് ഒഴിവാക്കാന്‍ ജങ്ഷനുകളില്‍ ഒരു പ്രദേശം ഒഴിച്ചിട്ട് അതിന് ചുറ്റിലുമായി  സമാപന സമ്മേളനം  ക്രമീകരിക്കണം.  കള്ളപ്പണവും മദ്യവും ഒഴുകുന്നത് തടയാന്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍പോലീസ് ജാഗ്രത പാലിക്കും. സമാപനത്തിലെ ധൂര്‍ത്ത് നിരീക്ഷിക്കാന്‍ ചെലവ് നിരീക്ഷകരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്നണികളിലെ തര്‍ക്കവും സ്ഥാനാര്‍ത്ഥിനിര്‍ണയം വൈകിയതും കാരണം തുടക്കം മന്ദഗതിയിലായിരുന്നെങ്കിലും പതിവിലുമേറെ ആവേശത്തോടെയാണ് പ്രചാരണം സമാപിക്കുന്നത്. ബി.ജെ.പി.-എസ്.എന്‍.ഡി.പി. യോഗം കൂട്ടുകെട്ടും സംഘപരിവാറിന്റെ ബീഫ് രാഷ്ട്രീയവും വരെ ചര്‍ച്ചയായ പ്രചാരണം, ബാര്‍ േകാഴ േകസില്‍ മന്ത്രി കെ.എം.മാണിക്കും സര്‍ക്കാരിനുമെതിരെ വിധിയുണ്ടായതോടെ അപ്രതീക്ഷിതമായി മാറി. ഈ വിധിയിന്മേലാണ് ഇപ്പോള്‍ പ്രചാരണം ചുറ്റിത്തിരിയുന്നത്.
ബാര്‍ േകാഴ േകസില്‍ സര്‍ക്കാരിന്റെ നിലപാടിനെ ന്യായീകരിക്കുന്നതിനാണ് യു.ഡി.എഫ്. വിയര്‍പ്പൊഴുക്കുന്നത്. ഈ വിധി മുതലെടുത്ത് സര്‍ക്കാര്‍വിരുദ്ധ തരംഗം സൃഷ്ടിക്കാനാണ് എല്‍.ഡി.എഫിന്റെയും ശ്രമം.
സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ പുതുതായി രൂപവത്കരിച്ച കണ്ണൂര്‍ ഉള്‍െപ്പടെ നാല് കോര്‍പ്പറേഷനിലും ഞായറാഴ്ചയാണ് വോട്ടെടുപ്പ്. ഏഴ് ജില്ലകളിലായി 9200 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. 31,161 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 1.11 കോടി വോട്ടര്‍മാരാണ് ഈ ജില്ലകളില്‍.