HomeNewsShortഒന്നും ശരിയാകുമെന്ന് തോന്നുന്നില്ല; അവശ്യ സാധനങ്ങൾക്ക് തീവില !

ഒന്നും ശരിയാകുമെന്ന് തോന്നുന്നില്ല; അവശ്യ സാധനങ്ങൾക്ക് തീവില !

തിരുവനന്തപുരം: പുതിയ സർക്കാർ വന്നാൽ അഞ്ചു വര്‍ഷക്കാലം വിലക്കയറ്റമുണ്ടാകില്ലെന്നു പറഞ്ഞ ഇടതുസര്‍ക്കാര്‍ ഉറപ്പ്‌ അടുത്തകാലത്തെങ്ങും ശരിയാകുമെന്നു തോന്നുന്നില്ല. പൊതുവിപണിയില്‍ നിന്ന്‌ 30 ശതമാനം വിലക്കുറവില്‍ പച്ചക്കറികള്‍ നല്‍കുമെന്നു കൃഷിമന്ത്രി വി.എസ്‌ സുനില്‍കുമാര്‍ പ്രഖ്യാപിച്ച ഹോര്‍ട്ടികോര്‍പ്പ്‌ ശാലകളില്‍ വിലയില്‍ കാര്യമായ വ്യത്യാസം ഇതേവരെ വന്നിട്ടില്ല. പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇതേവരെ സര്‍ക്കാരിനായില്ല. കഴിഞ്ഞാഴ്‌ച്ച കൂടിയ ബ്രാന്‍ഡഡ്‌ കുത്തരിയുടെ വിലയില്‍ കുറവുണ്ടായിട്ടില്ല. പ്രമുഖ ബ്രാന്‍ഡ്‌ അരിക്ക്‌ ഇപ്പോഴും 43 രൂപ നല്‍കണം. കുറഞ്ഞ കുത്തരിവിലയിലും വര്‍ധന ഉണ്ടായി. 36 രൂപയില്‍നിന്ന്‌ ഒരുരൂപ വര്‍ധിച്ച്‌ 37-ല്‍ എത്തി കുറഞ്ഞ കുത്തരി വില. പച്ചരി 28ല്‍ നിന്ന്‌ രണ്ടു രൂപ കൂടി 30-ല്‍ എത്തി. വന്‍പയറിന്റെ വില 78-ല്‍ നിന്ന്‌ 92 രൂപയായി ഉയര്‍ന്നു.

 

 

പല സ്ഥലത്തും പച്ചക്കറികള്‍ക്ക്‌ തോന്നിയവിലയാണ്‌ ഈടാക്കുന്നത്‌. ട്രോളിങ്‌ നിരോധനമായതിനാല്‍ മത്സ്യത്തിനും തൊട്ടാല്‍പൊള്ളുന്ന വിലയാണ്‌. ഇതിന്റെ പ്രതിഫലനം മാംസ വിപണിയിലും കണ്ടു തുടങ്ങി. ഇറച്ചിക്കോഴി ഉള്‍പ്പെടെയുള്ളവയ്‌ക്ക്‌ വില ഉയരുകയാണ്‌. ഹോര്‍ട്ടികോര്‍പിനെ ശക്‌തമാക്കി പച്ചക്കറി വില നിയന്ത്രിക്കുമെന്ന്‌ മന്ത്രി വി.എസ്‌ സുനല്‍കുമാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫലം കണ്ടു തുടങ്ങിയില്ല. കഴിഞ്ഞാഴ്‌ച്ച 100 രൂപ വരെ ഉയര്‍ന്ന തക്കാളിവില കുറഞ്ഞതുമാത്രമാണ്‌ പച്ചക്കറി വിപണിയിലെ ഏക ആശ്വാസം. പൊതുവിപണിയില്‍ 55 രൂപ വിലയുള്ള തക്കാളിക്ക്‌ ഹോര്‍ട്ടികോര്‍പ്പില്‍ രണ്ടു രൂപ മാത്രമാണ്‌ കുറവ്‌.
സവോളയ്‌ക്കാകട്ടെ പൊതുവിപണിയിലേതിനു തുല്യമാണ്‌ ഹോര്‍ട്ടികോര്‍പ്പിലും വില. 18 രൂപ. 90 രൂപ വിലയുള്ള ബീന്‍സിന്‌ ഹോര്‍ട്ടികോര്‍പില്‍ 110 രൂപ നല്‍കണം. പൊതുവിപണിയില്‍ 60 രൂപയുള്ള കത്തിരിക്ക്‌ ഹോര്‍ട്ടികോര്‍പ്പില്‍ 85 രൂപയാണ്‌. പൊതുവിപണിയില്‍ 35 രൂപയുള്ള ക്യാരറ്റിന്‌ ഹോര്‍ട്ടികോര്‍പ്പില്‍ 38 രൂപയും. ഒട്ടുമിക്ക സാധനങ്ങള്‍ക്കും പൊതുവിപണിയേക്കാള്‍ ഒന്നോ രണ്ടോ രൂപ മാത്രമാണ്‌ ഹോര്‍ട്ടികോര്‍പില്‍ കുറവ്‌. പച്ചക്കറിയുടെ ആഭ്യന്തര ഉത്‌പാദനത്തില്‍ വര്‍ധനഉണ്ടായിട്ടുണ്ടെങ്കിലും വിപണിയില്‍ പച്ചക്കറി വില കുറയുന്നില്ല. സംസ്‌ഥാനത്ത്‌ പച്ചക്കറി ഉത്‌പാദനം നടത്തുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി സംഭരണത്തിലും വിതരണത്തിലുമാണ്‌. ആവശ്യത്തിന്‌ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കാന്തല്ലൂരിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍ പലരും കൃഷിയില്‍നിന്നു പിന്മാറി കഴിഞ്ഞു. കാരറ്റ്‌, കാബേജ്‌, പയര്‍ ഇനങ്ങള്‍ എന്നിവ സംഭരിക്കാന്‍ ആവശ്യമായ സൗകര്യം ഇതേവരെ സംസ്‌ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്ന്‌ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ തമിഴ്‌നാട്ടിലെ ഇടനിലക്കാര്‍ക്ക്‌ വില്‍ക്കുകയാണ്‌.
ഇവിടെ സംഭരണച്ചുമതലയുള്ള ഹോര്‍ട്ടികോര്‍പ്‌ കോര്‍പറേഷന്‍ തമിഴ്‌നാട്ടില്‍നിന്ന്‌ ഇടനിലക്കാര്‍ വഴി പച്ചക്കറി എത്തിച്ച്‌ കര്‍ഷകരെ ദ്രോഹിക്കുകയാണെന്ന പരാതികള്‍ക്ക്‌ നാളുകളുടെ പഴക്കമുണ്ടെങ്കിലും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍നിന്നുള്ള അരിവിതരണം ഇടയ്‌ക്ക്‌ വ്യാപാരികള്‍ കുറച്ചിരുന്നു. ഇത്തവണ നെല്ലുത്‌പാദനത്തില്‍ കുറവുണ്ടായതിനാലാണ്‌ സംസ്‌ഥാനത്തേക്കുള്ള അരിയുടെ ലോഡ്‌ അവര്‍ കുറച്ചത്‌. കയറ്റുമതി കുറച്ച്‌ ഓണക്കാലത്ത്‌ വില ഉയര്‍ത്തി നിര്‍ത്താനായിരുന്നു അവിടുത്തെ മില്ലുടമകളുടെ ശ്രമം. എന്നാല്‍ കരുതല്‍ ശേഖരത്തില്‍നിന്നു കൂടുതല്‍ അരി വിപണിയില്‍ എത്തിയതിനാല്‍ വെള്ളയരിക്കു കരുതിയ തോതില്‍ വില കൂട്ടാന്‍ അവര്‍ക്കായില്ല. ഇതിനു പുറമേ ക്രേന്ദം സംസ്‌ഥാനവിഹിതം വര്‍ധിപ്പിച്ചതും വ്യാപാരികള്‍ക്കു പ്രഹരമായി.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments