HomeNewsShortനിലയ്ക്കലിൽ അതിശക്തമായ പ്രതിഷേധം; സമരം നടത്തിയവരെ ഒഴിപ്പിച്ചു; വാഹനങ്ങളിൽ പരിശോധന നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി

നിലയ്ക്കലിൽ അതിശക്തമായ പ്രതിഷേധം; സമരം നടത്തിയവരെ ഒഴിപ്പിച്ചു; വാഹനങ്ങളിൽ പരിശോധന നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി

തുലാമാസ പൂജയ്ക്ക് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ഈ സാഹചര്യത്തില്‍ നിലയ്ക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചു. ബുധനാഴ്ച രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തല്‍ പൊലീസ് പൊളിച്ചു നീക്കുകയും ചെയ്തു.

നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ പൊലീസ് റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് വാഹനങ്ങള്‍ കടത്തിവിട്ടു. വനിത ബറ്റാലിയനെയും സ്ഥലത്ത് വിന്യസിച്ചു. ഇനി വാഹനങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനം തടഞ്ഞ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

ബുധനാഴ്ച പുലര്‍ച്ചെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കൈയേറ്റ ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ശബരിമല ദര്‍ശനത്തിനായെത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശിയെയും തടഞ്ഞതിനെ തുടര്‍ന്നും നേരിയ സംഘര്‍ഷമുണ്ടായിരുന്നു. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന് പറഞ്ഞാണ് പൊലീസ് ഇവരെ തടഞ്ഞത്. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ചൊവ്വാഴ്ച രാത്രിയില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ മര്‍ദിച്ചിരുന്നു. ചെന്നൈയില്‍ നിന്നെത്തിയ ദമ്പതികളെയാണ് സമരം ചെയ്യുന്ന സ്ത്രീകളടങ്ങുന്ന സംഘം രാത്രി തടഞ്ഞത്. വിവിധ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവര്‍ണം(40) എന്നിവര്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ബസില്‍ പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് സമരക്കാര്‍ തടഞ്ഞത്. പമ്പ പോകുന്നുള്ളു എന്ന് പറഞ്ഞിട്ടും സമരക്കാര്‍ വഴങ്ങിയില്ല. ബസില്‍ നിന്ന് വലിച്ച് പുറത്തിറക്കിയ ശേഷം പഞ്ചവര്‍ണത്തോട് സമരപ്പന്തലില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ പഞ്ചവര്‍ണത്തെ നിര്‍ബന്ധിച്ച് സമരപ്പന്തലിലേക്ക് കൊണ്ടുപോയി. ഒടുവില്‍ പൊലീസ് ഇടപെട്ട് പഴനിയെയും പഞ്ചവര്‍ണത്തെയും രക്ഷപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. തീര്‍ഥാടകരെ തടഞ്ഞാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments