HomeNewsShortഅപ്രഖ്യാപിത പവർകട്ട്‌ ; ഉരുകിയൊലിച്ച്‌ കേരളം

അപ്രഖ്യാപിത പവർകട്ട്‌ ; ഉരുകിയൊലിച്ച്‌ കേരളം

തിരുവനന്തപുരം: കേരളത്തെ വറചട്ടിയില്‍നിന്നു എരിതീയിലാക്കി അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങും. നഗര-ഗ്രാമവ്യത്യാസമില്ലാതെയാണ്‌ അരമണിക്കൂര്‍ വീതം വൈദ്യുതി നിയന്ത്രണം. പകല്‍ മരച്ചില്ലകള്‍ വെട്ടാനും അറ്റകുറ്റപ്പണികള്‍ക്കും എന്ന പേരിലാണു നിയന്ത്രണം. ഒരു സെക്‌ഷന്‍ ഓഫീസിനു കീഴില്‍ മൂന്നും നാലും മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി ബന്ധം വിചേ്‌ഛദിക്കുകയാണു ചെയ്യുന്നത്‌. രാത്രിയും അരമണിക്കൂറിലധികം സമയം പലയിടത്തും വൈദ്യുതി തടസപ്പെടുന്നു.

 

 

കഴിഞ്ഞവര്‍ഷം ശരാശരി 7.04 ദശലക്ഷം യൂണിറ്റ്‌ ഉത്‌പാദിപ്പിക്കാനാവശ്യമായ വെള്ളം ദിവസേന സംഭരണികളില്‍ എത്തിയിരുന്നു. എന്നാല്‍ ഈവര്‍ഷം അതു 2.21 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ഇടുക്കി ജലവൈദ്യുതി പദ്ധതിയില്‍നിന്ന്‌ 7.73 ദശലക്ഷം യൂണിറ്റ്‌ മാത്രമാണ്‌ ഉത്‌പാദിപ്പിക്കാന്‍ കഴിഞ്ഞത്‌. ശബരിഗിരിയില്‍നിന്ന്‌ 4.05 ദശലക്ഷം യൂണിറ്റും. കെ.എസ്‌.ഇ.ബിയുടെ ചെറുകിട ജലവൈദ്യുതി പദ്ധതികളില്‍നിന്ന്‌ ഉള്‍പ്പെടെ തിങ്കളാഴ്‌ച ഉത്‌പാദിപ്പിച്ചതു 18.15 ദശലക്ഷം യൂണിറ്റാണ്‌. എന്നാല്‍ ഉപയോഗമാകട്ടെ 77.29 ദശലക്ഷം യൂണിറ്റും. 57.67 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി പുറത്തുനിന്നു വാങ്ങി.

 

 

സംസ്‌ഥാനത്തിനു പുറത്തുനിന്നു വൈദ്യുതിയെത്തിക്കാന്‍ കരാറുണ്ടെങ്കിലും വിതരണശൃംഖലയിലെ തകരാറാണു പ്രതിബന്ധം. ഇതും വൈദ്യുതി നിയന്ത്രണത്തിനു കാരണമായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ അണക്കെട്ടുകളിലെ ജലനിരപ്പ്‌ വന്‍തോതില്‍ കുറഞ്ഞു. കഴിഞ്ഞവര്‍ഷം 1784.37 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാനാവശ്യമായ വെള്ളം സംസ്‌ഥാനത്തെ അണക്കെട്ടുകളിലുണ്ടായിരുന്നു. എന്നാല്‍, ഈവര്‍ഷം 1363.43 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞവര്‍ഷം പ്രതിദിനം ശരാശരി 20.21 ദശലക്ഷം യൂണിറ്റ്‌ ജലവൈദ്യുതി ഉത്‌പാദിപ്പിച്ചിരുന്നത്‌ ഈവര്‍ഷം 18 ദശലക്ഷമായി. സംഭരണികളിലെത്തിയ വെള്ളത്തിന്റെ അളവില്‍ വന്‍കുറവുണ്ടായി.

 

 
വേനല്‍ രൂക്ഷമായതോടെ രാത്രി ഒന്‍പതു മുതലാണ്‌ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്‌. രാത്രി വൈദ്യുതി ഉപയോഗം 3870 മെഗാവാട്ട്‌ ആയിരുന്നു. ജൂണില്‍ കാലവര്‍ഷം എത്തുന്നതുവരെ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ ആവശ്യമായ ജലം സംഭരണികളിലില്ല. ഉത്‌പാദനം കുത്തനെ കൂട്ടേണ്ടിവന്നതോടെ പകലും രാത്രിയുമായി അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ഉപയോഗം കൂടുന്നതിനാല്‍ ഫീഡറുകള്‍ തനിയെ ഓഫാകുന്നുവെന്നാണു കെ.എസ്‌.ഇ.ബിയുടെ വിശദീകരണം. ഇതിനു പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുമെങ്കിലും ബോര്‍ഡ്‌ അതിനു തയാറാകുന്നില്ല. ഫീഡറുകള്‍ രാത്രി മനഃപൂര്‍വം ഓഫ്‌ ചെയ്യുന്നുണ്ട്‌. പ്രതിദിന വൈദ്യുതി ഉപയോഗം 70 ദശലക്ഷം യൂണിറ്റില്‍ താഴെയെത്തിക്കുകയാണു ബോര്‍ഡിന്റെ ലക്ഷ്യം.LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments