ജി എസ് ടി നിരക്കുകളിൽ വൻ വർധന വരുന്നു: കാത്തിരിക്കുന്നത് ഭീമമായ വിലക്കയറ്റം?

99

ചരുക്കുസേവന നികുതി (ജിഎസ്‌ടി) നിരക്കുകൾ ഭീമമായി ഉയര്‍ത്തുന്നതോടെ രാജ്യം അതിഭീമമായ വിലക്കയറ്റത്തിലേയ്ക്ക്.
അഞ്ചുശതമാനമെന്ന നിലവിലുള്ള നികുതി നിരക്ക് എടുത്തുകളയാനും കുറഞ്ഞ നിരക്ക് 9- 10 ശതമാനമായി നിജപ്പെടുത്താനുമാണ് തീരുമാനമെന്നാണ് വിവരം. നിലവില്‍ അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളായാണ് ജിഎസ്‌ടി ഈടാക്കുന്നത്. ഇത് മൂന്നായി മാറും. അഞ്ച്, 12 ശതമാനം നികുതി സ്ലാബുകള്‍ ഇല്ലാതാകും. 12 ശതമാനം സ്ലാബിലുള്ള 243 ഉല്‍പന്നങ്ങള്‍ 18 ശതമാനത്തിലേക്ക് ഉയര്‍ത്തും.

മാന്ദ്യത്തിന്റെ പേരിൽ കോർപ്പറേറ്റുകൾക്കുള്ള നികുതി നിരക്കുകളിൽ ഇളവ് നൽകിയ കേന്ദ്രം സാധാരണക്കാരെ പിഴിഞ്ഞ് നഷ്ടം നികത്തുവാൻ പോകുന്നുവെന്ന് ഉറപ്പായി. ജിഎസ്‌‍ടി നിരക്കുകൾ വർധിപ്പിക്കുമെന്ന വാർത്തകൾ നിലനിൽക്കേ ധനമന്ത്രി നിർമ്മല സീതാരാമൻ തന്നെ ഇത് സ്ഥീരികരിച്ചു.

നിരക്കുകൾ പരിഷ്കരിക്കുമെന്നും സ്ലാബുകൾ മൂന്നായി ക്രമീകരിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. അടുത്ത ജിഎസ്ടി കൗൺസിൽ യോഗം ഇക്കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ കയ്യിൽ കൂടുതൽ പണം ഉറപ്പാക്കി ഉപഭോഗം വർധിപ്പിക്കുന്നതിന് വ്യക്തിഗത ആദായ നികുതി നിരക്കുകളിൽ ഇളവ് നൽകുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.