HomeNewsShortനടിയെ ആക്രമിച്ച കേസ്; ദിലീപിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്

യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയാകും. നിലവില്‍ ദിലീപ് 11-ാം പ്രതിയും സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി ഒന്നാം പ്രതിയുമാണ്.
നടിയെ ആക്രമിച്ചത് ദിലീപിന്റെ ഗൂഢാലോചന പ്രകാരമാണെന്നും ഇത് കൃത്യത്തില്‍ പങ്കെടുക്കുന്നതിന് തുല്യമായ കുറ്റമായി കാണാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം വ്യാഴാഴ്ച പ്രത്യേകയോഗം ചേരും. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറേയും യോഗത്തിലേക്ക് സംഘം വിളിച്ചിട്ടുണ്ട്.

കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പോലീസ് ദിലീപിനെതിരെ ചുമത്തുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പോലീസ് തയാറാക്കി.

നടിയുടെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന സുനിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കിയാണ് തുടരന്വേഷണം നടത്തി ദിലീപിനെ പ്രതിയാക്കിയത്. അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ആലുവ സബ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം തയ്യാറാക്കിയെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്ബ് നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്ന് ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ക്കെതിരെ നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ ഇതിന് അനുബന്ധമായാണ് കുറ്റപത്രം നല്‍കുക.

യുവനടി ഉപദ്രവിക്കപ്പെട്ട് എട്ടു മാസം തികയുന്ന ദിവസം കുറ്റപത്രം നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അത് മാറ്റിവയ്ക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണു പോലീസിന്റെ ശ്രമം. നിയമവിദഗ്ധരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments