HomeNewsShortലോക കേരളസഭ വഴി പ്രവാസികളില്‍ നിന്ന് വിഭവസമാഹരണം നടത്താനൊരുങ്ങി മുഖ്യമന്ത്രി; ചുമതല മന്ത്രിമാർക്ക്

ലോക കേരളസഭ വഴി പ്രവാസികളില്‍ നിന്ന് വിഭവസമാഹരണം നടത്താനൊരുങ്ങി മുഖ്യമന്ത്രി; ചുമതല മന്ത്രിമാർക്ക്

പ്രവാസികളില്‍ നിന്നുള്ള വിഭവസമാഹരണം നടത്താന്‍ മന്ത്രിമാരെ ചുമതലപ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി. ലോക കേരളസഭ വഴി പ്രവാസികളില്‍ നിന്ന് വിഭവസമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഗള്‍ഫ് നാടുകളിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തും. ദുരിതാശ്വാസ തുക മന്ത്രിമാര്‍ നേരിട്ട് കൈപ്പറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളുടെയും കടകളുടെയും നാശനഷ്ടം ഡിജിറ്റലായി കണക്കെടുക്കും. ഇന്നലെ വരെ 1027 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് എത്തി. വിദ്യാലയങ്ങില്‍ നിന്നും സെപ്തംബര്‍ 11ന് ധനസമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ വിശദരൂപം:

കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയദുരന്തത്തെക്കുറിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നലെ വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി. ദുരിതാശ്വാസം പുനരധിവാസം പുനര്‍നിര്‍മാണം എന്നീ കാര്യങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന ആഹ്വാനമാണ് നിയമസഭ ഏകകണ്ഠമായി നല്‍കിയത്. കേരളത്തെ കൂടുതല്‍ മെച്ചപ്പെട്ടനിലയില്‍ പുനര്‍നിര്‍മിക്കണം എന്ന ആശയം തന്നെയാണ് നിയമസഭയും മുന്നോട്ടുവയ്ക്കുന്നത്. നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാണിക്കുന്നതുപോലെ അതിബൃഹത്തായ പുനരധിവാസ-പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് വിഭവ സമാഹരണം ഒരു വെല്ലുവിളിയാണ്. നാം ഒരുമിച്ചു നിന്നാല്‍ ഈ വെല്ലുവിളി തരണം ചെയ്യാനും വിജയകരമായി പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

നിയമസഭാസമ്മേളനം കഴിഞ്ഞശേഷം ഇന്നലെ രാത്രി ചേര്‍ന്ന മന്ത്രിസഭായോഗം ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നീ കാര്യങ്ങളില്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. വിഭവസമാഹരണത്തിന്‍റെ ഭാഗമായി പ്രവാസി മലയാളികള്‍ ഏറെയുളള വിദേശ രാജ്യങ്ങളില്‍ നിന്ന് ധനശേഖരണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ലോക കേരളസഭ അംഗങ്ങളെയും പ്രവാസി സംഘടനകളെയും സഹകരിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണം നടത്തും. ഇതിനുവേണ്ടി ഒരു മന്ത്രിയെയും ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിക്കും. യു.എ.ഇ., ഒമാന്‍, ബഹ്റിന്‍ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലന്റ്, യു.കെ, ജര്‍മ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനം.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ധനശേഖരണം നടത്താനും തീരുമാനിച്ചു. ഇതിനും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ചുമതല നല്‍കുന്നതാണ്.

എല്ലാ ജില്ലകളിലും പ്രാദേശിക കേന്ദ്രങ്ങള്‍ നിശ്ചയിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കാനും ഏറ്റുവാങ്ങുന്നതിന് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സപ്തംബര്‍ 10 മുതല്‍ 15 വരെ ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് ഫണ്ട് ശേഖരണം നടത്താന്‍ തീരുമാനിച്ചു. ഇതിനു മുന്നോടിയായി സപ്തംബര്‍ 3-ന് എല്ലാ ജില്ലകളിലും ധനസമാഹരണ പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ ജില്ലയിലെ വകുപ്പ് മേധാവികളുടെ യോഗം വിളിക്കുന്നതാണ്. ജില്ലകളിലെ ധനസമാഹരണത്തിന് മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

കാസര്‍ഗോഡ് – ഇ. ചന്ദ്രശേഖരന്‍
കണ്ണൂര്‍ – ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ
വയനാട് – രാമചന്ദ്രന്‍ കടന്നപ്പള്ളി
കോഴിക്കോട് – ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍
മലപ്പുറം – കെ.ടി. ജലീല്‍
പാലക്കാട് – എ.കെ. ബാലന്‍
തൃശ്ശൂര്‍ – സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍
എറണാകുളം – എ.സി. മൊയ്തീന്‍ ( ഇ.പി ജയരാജൻ സഹായിക്കും)
ഇടുക്കി – എം.എം. മണി
കോട്ടയം – തോമസ് ഐസക്, കെ. രാജു
ആലപ്പുഴ – ജി. സുധാകരന്‍, തിലോത്തമന്‍
പത്തനംതിട്ട – മാത്യു ടി തോമസ്
കൊല്ലം – മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം – കടകംപള്ളി സുരേന്ദ്രന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments