HomeNewsLatest Newsശുഹൈബ് വധം: പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി; സര്‍ക്കാരിന് നോട്ടീസ് അയച്ചു

ശുഹൈബ് വധം: പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി; സര്‍ക്കാരിന് നോട്ടീസ് അയച്ചു

മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ഉടനില്ല. കേസില്‍ പൊലീസ് അന്വേഷണം തുടരാന്‍ സുപ്രിം കോടതി അനുമതി നല്‍കി. പൊലീസിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കളായ സിപി മുഹമ്മദും റസിയയും സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. കേസില്‍ പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എസ്‌എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് കൂടുതല്‍ വാദത്തിനായി ജൂലെ 16 ലേക്ക് മാറ്റി. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ വിഡ്ഢികളാണെന്ന് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ കുറ്റപ്പെടുത്തി.

ഫെബ്രുവരി 12 നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. കേസില്‍ ആകാശ് തിലങ്കേരിയടക്കം 11 സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു. കേസ് വേനല്‍ അവധിക്ക് ശേഷം പരിഗണിക്കുമെന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയത്. ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിന് എതിരെയാണ് ശുഹൈബിന്റെ മാതാപിതാക്കളാ സിപി മുഹമ്മദ്, എസ്പി റസിയ എന്നിവര്‍ സുപ്രിം കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments