HomeNewsLatest Newsബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട; ഉൽക്കമഴ കാണാൻ തയ്യാറായിക്കോളൂ !

ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട; ഉൽക്കമഴ കാണാൻ തയ്യാറായിക്കോളൂ !

ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട, ഗ്രഹണം കാണാനുള്ളതുപോലുള്ള പ്രത്യേക കണ്ണടയും വേണ്ട…നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഒരു ‘ശബ്ദരഹിത’ വെടിക്കെട്ടൊരുങ്ങുകയാണ് മാനത്ത്. വർഷം തോറും ആകാശവിസ്മയം തീർത്ത് എത്തുന്ന പഴ്സീയഡ് ഉൽക്കമഴ (Perseid meteor shower) ഇത്തവണ ഓഗസ്റ്റ് 12നാണ്. മിന്നിത്തിളങ്ങുന്ന ഉൽക്കകൾ തലയ്ക്കു മീതെ തലങ്ങും വിലങ്ങും പായുന്ന കാഴ്ച ഇത്തവണ ഇരുട്ടിൽ കൂടുതൽ വ്യക്തമായി കാണാമെന്ന പ്രത്യേകതയുമുണ്ട്. ആകാശത്ത് ചന്ദ്രനില്ലാതെ വരുന്ന ‘ന്യൂ മൂൺ’ സമയമായതിനാലാണിത്. ഇതിനു മുൻപ് 2007ലായിരുന്നു ഇത്തരമൊരു അവസരം. അതുമാത്രമല്ല ഉൽക്കമഴ അതിന്റെ പൂർണതയിൽ ഏറ്റവും ഭംഗിയായി കാണാവുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് നാസ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യ ഉൾപ്പെടെയുള്ള ഉത്തരാർധ ഗോളത്തിലെ മിക്ക പ്രദേശങ്ങളിലും ഉൽക്കമഴ ഭംഗിയായി കാണാം.

 

 

ഓരോ 130 വർഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ്–ടട്ട്ൽ എന്ന ഭീമൻ വാൽനക്ഷത്രം കടന്നു പോകാറുണ്ട്. ആ സമയം അതിൽ നിന്ന് തെറിച്ചു പോകുന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും സൗരയൂഥത്തിൽ തങ്ങി നിൽക്കും. വർഷത്തിലൊരിക്കൽ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങൾക്കിടയിലൂടെ കടന്നു പോകുമ്പോഴാണ് പഴ്സീയഡ് ഷവർ ഉണ്ടാകുന്നത്. വാൽനക്ഷത്രത്തിൽ നിന്നും തെറിച്ച ചെറുമണൽത്തരിയോളം പോന്ന ഭാഗങ്ങളും മഞ്ഞിൻകട്ടകളുമൊക്കെയാണ് വർഷങ്ങളായി സൗരയൂഥത്തിൽ ചുറ്റിക്കറങ്ങുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളവയായിരിക്കും ചിലപ്പോൾ ഇത്തവണ നാം കാണാൻ പോകുന്ന ഉൽക്കകൾ. സെക്കൻഡിൽ 60 കി.മീ. വേഗത്തിലാണ് ഉൽക്കകളുടെ വരവ്.

 

 

ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടക്കുന്നതോടെ ഇവയുടെ ചുറ്റുമുള്ള വായു ചൂടുപിടിക്കും. ചുറ്റിലും ചൂടോടു കൂടി ഇവ ഭൂമിയിലേക്കു ‘ പായുന്നതോടെ തിളങ്ങുന്ന ഒരു നീളൻ വര ആകാശത്തു പ്രത്യക്ഷപ്പെടും. ഇത് കൂട്ടത്തോടെ വരുമ്പോഴാണ് ഉൽക്കാവർഷമായി മാറുന്നത്. ആകാശത്ത് പഴ്സീയസ് നക്ഷത്രസമൂഹം നിലകൊള്ളുന്ന ദിശയിൽ നിന്നായിരിക്കും തുടരെത്തുടരെ ഉൽക്കകളുടെ വരവ്. അതുകൊണ്ടാണ് പഴ്സീയഡ് ഷവർ എന്ന പേരും ലഭിച്ചത്. എല്ലാവർഷവും ജൂലൈ 17 മുതൽ ഓഗസ്റ്റ് 24 വരെ പഴ്സീയഡ് ഉൽക്കമഴ ഉണ്ടാകാറുണ്ട്. പക്ഷേ ഇത് അതിന്റെ പാരമ്യത്തിലെത്തുന്നത് ഓഗസ്റ്റ് 12,13,14 സമയത്താണ്. എത്ര ഉൽക്ക പതിക്കുമെന്നത് പ്രവചിക്കാനാകില്ല, പക്ഷേ ഇത്തവണ ഓഗസ്റ്റ് 12ന് അർധരാത്രി മുതൽ 13 പുലർച്ചെ വരെയായിരിക്കും ഉൽക്കമഴയെന്നുറപ്പായിക്കഴിഞ്ഞു. . 13ന് പുലർച്ചെ 3–4 മണിയോടെയായിരിക്കും ഉൽക്കവർഷം അതിന്റെ പാരമ്യതയിലെത്തുകയെന്നാണ് നാസ നൽകുന്ന സൂചന.

 

 

ആ സമയം മിനിറ്റിൽ ഒന്നു വീതമെങ്കിലും ഉൽക്ക മാനത്തുകൂടെ മിന്നിപ്പായുമെന്നാണ് വാനനിരീക്ഷകരുടെ കണക്കുകൂട്ടൽ. മൂർധന്യാവസ്ഥയിൽ മണിക്കൂറിൽ നൂറു വീതമെങ്കിലും ഉൽക്കകൾ ഇത്തവണ പതിയ്ക്കുമെന്നും ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ലോകമെമ്പാടും ഉൽക്കമഴ കാണാനുള്ള സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ചിലപ്പോൾ 13ന് പുലർച്ചെ മൂന്നോ നാലോ മണിയാകേണ്ടി വരും തുടരെത്തുടരെയുള്ള ഉൽക്കമഴ പെയ്യാൻ. കണ്ണുചിമ്മിത്തുറക്കുന്ന നേരം കൊണ്ട് ഉൽക്കകൾ പാഞ്ഞുപോയേക്കാം. കൂടുതൽ തിളക്കമുള്ളവയാണെങ്കിലാകട്ടെ ഉൽക്കയുടെ വാൽ ആകാശത്ത് രണ്ടോ മൂന്നോ സെക്കൻഡ് കാണാം. ചുറ്റിലും മറ്റ് ലൈറ്റുകളൊന്നുമില്ലാത്ത ഒരിടത്ത്, കടൽത്തീരത്തോ മറ്റോ ആണെങ്കിൽ ബെസ്റ്റ്, കിടന്നോ അല്ലെങ്കിൽ ചാരുകസേരയിട്ടോ മാനത്തേക്കു കണ്ണും നട്ടിരിക്കുക. ഇന്ത്യയിലാണെങ്കിൽ ആകാശത്തെ വടക്കുകിഴക്കൻ ദിശയിലേക്കായിരിക്കണം നോട്ടം.

24 ആഴ്ചവരെ പ്രായമുള്ള ഭ്രൂണം അലസിപ്പിക്കാൻ സുപ്രീംകോടതിയുടെ അനുമതി

ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമായി മാറും ! പഠന റിപ്പോർട്ട്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments