HomeNewsLatest Newsബീഹാർ തെരഞ്ഞെടുപ്പ്; മഹാവിജയം ആഘോഷിച്ച് മഹാസഖ്യം

ബീഹാർ തെരഞ്ഞെടുപ്പ്; മഹാവിജയം ആഘോഷിച്ച് മഹാസഖ്യം

പട്‌ന:  രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ചേര്‍ന്ന മഹാസഖ്യം സകല കണക്കുകൂട്ടലുകളും കാറ്റില്‍പ്പറത്തിക്കൊണ്ട് ഉജ്വല വിജയത്തോടെ അധികാരത്തിലെത്തി.

243 അംഗ നിയമസഭയില്‍ 157 സീറ്റ് സ്വന്തമാക്കിയാണ് മഹാസഖ്യം അധികാരം പിടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്വല വിജയം നിയമസഭയിലും ആവര്‍ത്തിക്കാമെന്ന് കരുതിയിരുന്ന ബി.ജെ.പി.ക്ക് വന്‍ തിരിച്ചടി നേരിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി നയിച്ച തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് 74 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ബി.ജെ.പി.ക്ക് 58 സീറ്റാണ് തനിച്ച് ലഭിച്ചത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും വലിയ തിരിച്ചടിയായി.

ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി.യാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 233 സീറ്റിലെ ലീഡ് നില പുറത്തുവന്നപ്പോള്‍ 74 സീറ്റോടെയാണ് ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കഴിഞ്ഞ തവണ തനിച്ച് മത്സരിച്ച ആര്‍.ജെ.ഡി.യുവിന് 22 സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ജെ.ഡി.യു 70 സീറ്റുമായി രണ്ടാമതെത്തി. കഴിഞ്ഞ തവണ 115 സീറ്റായിരുന്നു ജെ.ഡി.യുവിന് ഉണ്ടായിരുന്നത്.

കഴിഞ്ഞ തവണ ജെ.ഡി.യുവിന്റെ സഖ്യകക്ഷിയായി മത്സരിച്ച് 91 സീറ്റ് നേടിയിരുന്ന ബി.ജെ.പിക്ക് ഇക്കുറി 58 സീറ്റുമായി ബി.ജെ.പിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ തീര്‍ത്തും അപ്രസക്തമായിപ്പോയിരുന്ന കോണ്‍ഗ്രസ് ജെ.ഡി.യുവിന്റെയും ആര്‍.ജെ.ഡിയുവിന്റെയും തണലില്‍ മികച്ച തിരിച്ചുവരവ് നടത്തി. തിരഞ്ഞെടുപ്പിന് മുന്‍പ് വലിയ അവകാശവാദം ഉന്നയിച്ചിരുന്ന ബി.ജെ.പി.യുടെ സഖ്യകക്ഷികളുടെ നിലയും അതീവ പരുങ്ങലിലായി. കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് നാലും ഉപേന്ദ്ര കുശ്‌വാഹയും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിക്കും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും (സെക്യുലര്‍) രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പേടേണ്ടിവന്നു. സ്വതന്ത്രര്‍ക്ക് അഞ്ചു സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റ് ലഭിച്ച സി.പി.ഐയ്ക്ക് ഇക്കുറി ഒരു സീറ്റും ലഭിച്ചില്ല. സി.പി.എമ്മിനും സാന്നിധ്യം അറിയിക്കാനായില്ല.

ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും നിതീഷ്‌കുമാര്‍ തന്നെയായിരിക്കും ബിഹാര്‍ മുഖ്യമന്ത്രി. ഇത് മൂന്നാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments