HomeNewsLatest Newsകേരളഹൗസിലെ റെയ്ഡ്; വിവാദം പുകയുന്നു

കേരളഹൗസിലെ റെയ്ഡ്; വിവാദം പുകയുന്നു

ന്യൂഡൽഹി: കേരളഹൗസിലെ പരിശോധനയെച്ചൊല്ലി വിവാദം കത്തിപ്പടരുന്നു. അതിക്രമിച്ചു  കടക്കുകയും അനുവാദമില്ലാതെ റെയ്ഡ്  നടത്തുകയും ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  പ്രധാനമന്ത്രി നരേന്ദ്ദ്ര മോഡിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാധ് സിങ്ങിനും കത്തയച്ചു. അനുമതിയില്ലാതെ റെയ്ഡ് നടത്തിയ പൊലീസ് നടപടിക്കെതിരെ കേരള ഹൗസ് റസിഡന്റ് കമ്മിഷണർ ഗ്യാനേഷ് കുമാർ പൊലീസ് കമ്മിഷണർക്കു പരാതി നൽകി.

അനുവാദമില്ലാതെയാണ് പോലീസ് കേരള ഹൗസിന്റെ അകത്തു കടന്നത്. പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യ മന്ത്രി പറഞ്ഞു.  കേരള ഹൌസില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി പോലീസ് നടപടി തെറ്റാണ്. പൊലീസ് മിതത്വം പാലിക്കണമായിരുന്നെന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

കേരള ഹൌസ് സ്വകാര്യ ഹോട്ടലല്ല, സര്‍ക്കാര്‍ സ്ഥാപനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  കേരള ഹൗസിലെ റസ്റ്ററന്റിൽ നിർത്തിവച്ച ബീഫ് വിൽപന മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഇന്നു പുനരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതേസമയം, കേരള ഹൗസിൽ ഒരിക്കൽ പോലും പശുവിറച്ചി വിളമ്പിയിട്ടില്ലെന്നും ബീഫ് എന്നപേരിൽ വിൽക്കുന്നതു പോത്തിറച്ചിയാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ വ്യക്തമാക്കി.

ഗോമാംസം വിളമ്പുന്നുവെന്ന തെറ്റായവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും അജ്ഞാതർ, ഡൽ‌ഹി പൊലീസിനൊപ്പം കേരള ഹൗസിലെ സ്റ്റാഫ് കന്റീനിൽ റെയ്ഡ് നടത്തുകയും കന്റീൻ പ്രവർത്തനം തടസ്സപ്പെടുത്തുകയുമായിരുന്നുവെന്നു പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റസിഡന്റ് കമ്മിഷണറുടെയോ, കേരള ഹൗസ് കൺട്രോളറുടെയോ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു റെയ്ഡ്.

ബിജെപിയുടെ സേന പോലെയാണു പൊലീസ് പ്രവർത്തിക്കുന്നതെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കാനാണു കേന്ദ്രസർക്കാർ ശ്രമമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ആരോപിച്ചു. ബിജെപിക്കോ നരേന്ദ്ര മോദിക്കോ ഇഷ്ടമില്ലാത്ത ഭക്ഷണം ഏതെങ്കിലും മുഖ്യമന്ത്രി ഡൽഹിയിലെ സംസ്ഥാന ഭവനുകളിലൊന്നിൽ ഇരുന്നു കഴിച്ചാൽ ഡൽഹി പൊലീസ് അവിടെയെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്നും കേജ്‍രിവാൾ ചോദിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ചു കേരള ഹൗസിനു മുന്നിൽ ഇന്നലെ നടന്ന പ്രക്ഷോഭങ്ങൾ രാജ്യാന്തര മാധ്യമങ്ങളിലും വാർത്തയായി. സിപിഎം പിബി അംഗം പിണറായി വിജയനും ഇടത് എംപിമാരും കേരള ഹൗസിനു മുന്നിൽ ധർണനടത്തി. കേരളത്തിന്റെ ആത്മാഭിമാനത്തെയും ഭക്ഷണശീലത്തെയും ചോദ്യംചെയ്യുന്നതാണു പൊലീസ് നടപടിയെന്നു പിണറായി കുറ്റപ്പെടുത്തി. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്ന് ഇടത് എംപിമാരായ എ. സമ്പത്ത്, പി.കെ. ശ്രീമതി, സി.പി. നാരായണൻ എന്നിവർ വ്യക്തമാക്കി. ആം ആദ്മി പാർട്ടി നേതാക്കളും ധർണയ്ക്ക് ഐക്യദാർഢ്യവുമായി എത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments