HomeNewsകത്തുകൾ ഇല്ലാതായ ഈ കാലത്തും തീവ്രപ്രണയത്തിന്റെ ആ അക്ഷരകൂമ്പാരം അവർ സൂക്ഷിച്ചുവച്ചു: ഒരു ഭാര്യയുടെ പ്രണയത്തിന്റെ...

കത്തുകൾ ഇല്ലാതായ ഈ കാലത്തും തീവ്രപ്രണയത്തിന്റെ ആ അക്ഷരകൂമ്പാരം അവർ സൂക്ഷിച്ചുവച്ചു: ഒരു ഭാര്യയുടെ പ്രണയത്തിന്റെ സൂക്ഷിപ്പുകൾ !

തിരുവനന്തപുരം: ഒരുമിച്ച് ജീവിതം തുടങ്ങിയതിന്റെ പന്ത്രണ്ടാം വാര്‍ഷികത്തിലാണ് അനൂപ് ആ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഭാര്യ നിഷ ഒരു വ്യാഴവട്ടത്തിലേറെയായി സൂക്ഷിച്ചു പോന്ന അനേകം തപാല്‍ക്കവറുകളുടെ ഒരു ഫോട്ടോ. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും അഞ്ചു വര്‍ഷങ്ങളില്‍ അനൂപ് എഴുതിയയച്ച കത്തുകള്‍ അവളിലേക്ക് എത്തിയത് ആ കവറുകളിലാണ്. ആ ഫോട്ടോയ്‌ക്കൊപ്പം, ഒരു കുഞ്ഞു കുറിപ്പും പോസ്റ്റ് ചെയ്തു, അനൂപ്. കത്തുകള്‍ ഇല്ലാതായ ഒരു കാലത്ത് അങ്ങയേറ്റം അസാധാരണമായി തോന്നിക്കുന്ന ആ വിവാഹ വാര്‍ഷിക പോസ്റ്റ് പൊടുന്നനെ ശ്രദ്ധിക്കപ്പെട്ടു. അനേകം സുഹൃത്തുക്കള്‍ കമന്റിട്ടു. നിരവധി ലൈക്കുകള്‍ വന്നു. തീര്‍ച്ചയായും അതൊരു അസാധാരണ വിവാഹ വാര്‍ഷിക പോസ്റ്റ് തന്നെയായിരുന്നു. തങ്ങള്‍ ജീവിച്ച ജീവിതം എന്തെന്ന് വിളിച്ചു പറയുന്നതായിരുന്നു ആ ഫോട്ടോ. ആ വരികള്‍. അതിലെ തുളുമ്പുന്ന സ്‌നേഹം. എന്നാല്‍, അതിലുമപ്പുറം ഏറെ കഥകളുണ്ടായിരുന്നു ആ ഫോട്ടോയ്ക്ക് പറയാന്‍. അസാധാരണമായ ഒരു പ്രണയ കഥയിലേക്കുള്ള വാതിലായിരുന്നു അത്.1
ദുബൈയില്‍ സീമെന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന അനൂപ് കുമ്പനാട് ആണ് ആ ഫോട്ടോ പോസ്റ്റ് ചെയ്തത്. പഠിക്കുന്ന കാലത്ത് മാഗസിന്‍ എഡിറ്ററായിരുന്ന അനൂപ് അന്നേ നന്നായി എഴുതുമായിരുന്നു. എല്ലാ ജോലിത്തിരക്കുകള്‍ക്കുമിടയിലും ഇപ്പോഴും അനൂപ് എഴുതുന്നു, വായിക്കുന്നു. ഇതിനകം നിരവധി കഥകളും നോവലും എഴുതി. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രണയത്തില്‍നിന്ന് ജീവിതത്തിലേക്ക് നീണ്ട, നിഷയുടെ പിന്തുണയും സ്‌നേഹവും ഒപ്പമുണ്ടായിരുന്നു. എങ്ങനെയാണ് അവര്‍ കണ്ടുമുട്ടിയത്? ഉത്തരം അനൂപ് പറയും:

 

 

പഠിക്കുന്ന കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ യൂത്ത് എക്‌സ്പ്രസില്‍ ഒരു കുറിപ്പ് എഴുതി. അതിനു പിന്നാലെ വീട്ടില്‍ ഒരു പെണ്‍കുട്ടിയുടെ കത്ത് വന്നു. അമ്മ അത് വായിച്ച് ചുരുട്ടിക്കൂട്ടി പുറത്തേക്ക് എറിഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞ് കോളജില്‍നിന്ന് വീട്ടില്‍ എത്തിയപ്പോള്‍ ചേട്ടന്‍ എന്നോട് പറഞ്ഞു, നിനക്കൊരു പെണ്‍കുട്ടിയുടെ കത്തുണ്ടായിരുന്നു. അമ്മയോട് ചോദിച്ചപ്പോള്‍ അത് കളഞ്ഞെന്നു പറഞ്ഞു. ആവശ്യമില്ലാത്ത സാധനങ്ങള്‍ കളയുന്ന, തെങ്ങിന്‍ മൂട്ടില്‍ തിരഞ്ഞപ്പോള്‍ ആ കത്ത് കിട്ടി. അത് നിഷയുടെ കത്തായിരുന്നു. എന്റെ കുറിപ്പിനെ വിമര്‍ശിച്ചു കൊണ്ടുള്ള ആ കത്ത് എനിക്കിഷ്ടപ്പെട്ടു. ഞാനതിന് മറുപടി അയച്ചു. അതിന് പിന്നെയും മറുപടി വന്നു. പിന്നെ തുരുതുരാ കത്തുകളായി. കുറേ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പ്രണയത്തിലാണെന്ന് ബോധ്യമായി. അഞ്ചു വര്‍ഷത്തോളം തുടര്‍ന്ന ആ പ്രണയം നിറയെ കത്തുകളായിരുന്നു. എല്ലാ ദിവസവും കത്തെഴുതുമായിരുന്നു.

2കത്തെഴുത്തുകളുടെ തുടര്‍ച്ച പോലൊരു ദിവസം ഞങ്ങള്‍ വിവാഹിതരായി. അതിലെ യാദൃശ്ചികത: ആ കത്ത് തെങ്ങിന്‍ മൂട്ടിലായിരുന്നു. ഒരു മഴ പെയ്തിരുന്നെങ്കില്‍ അത് നനഞ്ഞ് വായിക്കാന്‍ പറ്റാതാവുമായിരുന്നു. അതെവിടെയെങ്കിലും പറന്നു പോവാനും സാദ്ധ്യതയേറെയായിരുന്നു.എന്നിട്ടും അതവിടെ എന്നെ കാത്തു നിന്നു. അത് കിട്ടിയില്ലായിരുന്നുവെങ്കില്‍ ഞാനവളെ അറിയാതെ പോയേനെ. പ്രണയത്തിന്റെ തീച്ചൂടിലും അവര്‍ പരസ്പരം കണ്ടിരുന്നില്ല. ഒരു ഫോട്ടോ പോലും അവള്‍എങ്ങിനെ, എന്ത് എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഞാന്‍ ചട്ടു കാലനാണോ വിരൂപനാണോ എന്നൊന്നും അവള്‍ക്കുമറിയില്ലായിരുന്നു. കാണുക എന്നത് അത്ര വലിയ കാര്യമേ അല്ലായിരുന്നു. വേണമെങ്കില്‍, ഫോട്ടോ ഒക്കെ ചോദിക്കാമായിരുന്നു. എങ്കിലും അത് ചോദിച്ചിട്ടില്ല. വാക്കുകളിലൂടെ ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. ആ അറിവിനേക്കാള്‍ വലുതല്ലായിരുന്നു കാഴ്ച.

 

എന്നിട്ടും തീരുന്നില്ല കഥ. അസാധാരണമായ ആ പ്രണയത്തിന്റെ കഥ എഴുതിക്കൊണ്ടിരിക്കുകയാണ് അനൂപ്.

”നീ”എന്ന പേരുള്ള ഒരു നോവല്‍. പ്രണയത്തിന്റെ തീച്ചൂടുള്ള ഒരു കാലമാണതില്‍. തങ്ങള്‍ അനുഭവിച്ച പ്രണയത്തിന്റെ യഥാര്‍ത്ഥ അനുഭവങ്ങളാണ് അതിലെന്ന് അനൂപ് പറയുന്നു. ക്ലൈമാക്‌സില്‍ ഒരു പക്ഷേ, ജീവിതത്തിലില്ലാത്ത മറ്റൊരു ഫിക്ഷന്‍ സാദ്ധ്യത പരീക്ഷിക്കും. എങ്കിലും അത് റിയല്‍ ജീവിതം തന്നെയാണ്’

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments