HomeCinemaMovie Newsതന്നെ ആദ്യമെടുത്ത ഡോക്ടറും മഞ്ജു വാര്യരുമായുള്ള ഒരു അപൂർവ്വബന്ധത്തിന്റെ കഥ !

തന്നെ ആദ്യമെടുത്ത ഡോക്ടറും മഞ്ജു വാര്യരുമായുള്ള ഒരു അപൂർവ്വബന്ധത്തിന്റെ കഥ !

കൈക്കുഞ്ഞായ തന്നെ ആദ്യമെടുത്ത ഡോക്ടറും താനുമായുള്ള അപൂർവ്വബന്ധം പങ്കു വച്ച് പ്രശസ്ത നടി മഞ്ജു വാര്യർ. ഫേസ് ബുക്കിലാണ് മഞ്ജു തന്നെ ആദ്യമെടുത്ത ഡോക്ടരുമായുള്ള തന്റെ ദീർഘകാല ബന്ധത്തിന്റെ ഓർമ്മകൾ പങ്കു വയ്ക്കുന്നത്. ഈ ഭൂമിയുടെ പ്രകാശവും പ്രഭാതവും ആദ്യം കാണിച്ചുതന്ന ഡോക്ടറെ ഒരിക്കലും മറക്കാനാകില്ലെന്നു മഞ്ജു പറയുന്നു.

 

മഞ്ജുവിന്റെ ഫേസ് ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം :
”ഇന്ദിര ആന്റി യാത്രപറയുമ്പോൾ ജീവിതത്തിന് വെളിച്ചം പകർന്നിരുന്ന ഒരു സൂര്യൻ അസ്തമിക്കുന്നതുപോലെ തോന്നുന്നു. നാഗർകോവിലിനരികെയായതുകൊണ്ടായിരിക്കാം ആന്റിയുടെ പൊട്ട് കന്യാകുമാരിയിലെ സൂര്യനെപ്പോലെയായിരുന്നു. ആദ്യം ചേട്ടനും പിന്നെ എനിക്കും ഈ ഭൂമിയുടെ പ്രകാശവും പ്രഭാതവും ആദ്യം കാണിച്ചുതന്നത് പില്കാലം ഞാൻ ആന്റിയെന്നുവിളിച്ച ഡോ.ഇന്ദിരയാണ്. അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് വെളുത്തുനീണ്ടവിരലുകൾകൊണ്ട് ഞങ്ങളെ പൂവിനെയെന്നോണം മെല്ലെ അടർത്തിയെടുത്ത് സമ്മാനിച്ചയാൾ. അന്ന് അവർ നാഗർകോവിലിലെ ഡോ.ഗോപാലപിള്ള ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്. ആദ്യമായി കരഞ്ഞപ്പോൾ ആശ്വസിപ്പിച്ചയാളായതിനാലാകാം ആന്റി പിന്നീടെന്നും ജീവിതത്തിനുമേൽ തണൽമരമായി. ആശിക്കാൻ അധികമൊന്നും ഇല്ലാതിരുന്ന ആ നാളുകളിൽ ഞങ്ങൾക്കു വരുന്ന ചെറിയ പനി പോലും അച്ഛനെ പൊള്ളിക്കുന്നുണ്ടായിരുന്നു. ഒരു ചിട്ടിക്കമ്പനി ജീവനക്കാരന്റെ കണക്കുകൂട്ടലുകൾക്കുമപ്പുറമായിരുന്നു അപ്രതീക്ഷിതമായ ഏത് ചെലവും. പക്ഷേ ആന്റിയുടെ കൈത്തലങ്ങൾ ഞങ്ങളുടെ എല്ലാച്ചൂടുകൾക്കും മീതേ തണുത്തതുണിപോലെ പതിഞ്ഞു. കുത്തിവയ്പുകൾ പേടിയായിരുന്ന എന്നെ ഉറുമ്പുകടിക്കുന്നതിന്റെ വേദനമാത്രം തന്ന് ആന്റി ആശ്വസിപ്പിച്ചു. നൃത്തം പഠിച്ചുതുടങ്ങിയപ്പോൾ മകളുടെ ആഭരണസെറ്റ് സമ്മാനമായി തന്നു. ചിലങ്കകൾ പോലും വലിയൊരു സ്വപ്നമായിരുന്ന അക്കാലത്ത് അതെനിക്ക് കിട്ടിയ നിധിയായി. കാലമെത്രകഴിഞ്ഞിട്ടും,ഒരുപാട് ആടയാഭരണങ്ങൾ മാറിയണിഞ്ഞിട്ടും ഹൃദയത്തിൽ പതിഞ്ഞുകിടക്കുന്നുണ്ട്,അതിന്റെ മാത്രം നിറം. ചെറിയ വീടിന്റെ ചതുരംമാത്രം കണ്ടുശീലിച്ച ഞങ്ങൾക്ക് ആന്റി ഒരു അത്ഭുതമായിരുന്നു. ആന്റിയുടെ വീടിന്റെ ഗേറ്റുതുറന്നപ്പോൾ ഞാൻ അത്ഭുതലോകത്തെത്തിയ ആലീസായി. സ്ലീവ് ലെസ് ബ്ലൗസ് കണ്ടപ്പോൾ വലിയൊരു കൗതുകത്തിൽ കണ്ണുവിടർന്നു. അതേ ആന്റി തന്നെയാണ് നാഗർകോവിലെ തെരുവുകളിൽ കസ്തൂർബ സേവാശ്രമ പ്രവർത്തനങ്ങളുമായി രാപകലില്ലാതെ ഇറങ്ങിനടന്നത്. പദവിയോ പണമോ നോക്കാതെ വേദനയുള്ളിടത്തൊക്കെ ആശ്വാസമായത്. നാഗർകോവിൽ വിട്ടുപോന്നതിനുശേഷവും ഇടയ്ക്കൊക്കെ അങ്ങോട്ടുള്ള അവധിക്കാലയാത്രകളിൽ ആന്റിയെ കാണാൻ പോകുമായിരുന്നു. എപ്പോൾ കാണുമ്പോഴും ഞാൻ ആന്റിയുടെ വിരലുകളിലേക്ക് നോക്കുമോയിരുന്നു. എന്നെ ആദ്യംതൊട്ടവിരലുകൾ. അവസാനമായി കണ്ടത് കഴിഞ്ഞവർഷമാണ്. ആ മരത്തിൽ നിന്ന് ഓർമകൾ ഇലകൾ പോലെ കൊഴിഞ്ഞുപോയിരുന്നു. പക്ഷേ ബാക്കി നിന്ന ഏതോ ഒരിലപോലെ എന്റെ മുഖമുണ്ടായിരുന്നിരിക്കണം. നീണ്ടവിരലുകൾകൊണ്ട് ആന്റി എന്റെ കൈകൾ ചേർത്തുപിടിച്ചു ഉമ്മവച്ചു. ഞാൻ ഒരിക്കൽക്കൂടി അതിലേക്ക് നോക്കി. ഭൂമിയിലേക്ക് എന്നെ പിച്ചനടത്തിയ ആ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
അപ്പോൾ ഞാൻ വീണ്ടും പനിക്കിടക്കയിലെ കുട്ടിയായി..
ആന്റി പോകുമ്പോൾ ഉള്ളിലിരുന്ന് ആ കുട്ടി കരയുന്നു..
അന്ന് ആ ആശുപത്രിമുറിയിൽ വച്ച് ആദ്യമായി കരഞ്ഞപോലെ..”

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments