HomeCinemaMovie Newsമണിയുടെ മരണത്തിൽ അന്വേഷണം ഭാര്യയുടെ കുടുംബത്തിലേക്കും; മണിയുടെ സമ്പാദ്യം എല്ലാം എവിടെ?

മണിയുടെ മരണത്തിൽ അന്വേഷണം ഭാര്യയുടെ കുടുംബത്തിലേക്കും; മണിയുടെ സമ്പാദ്യം എല്ലാം എവിടെ?

മണിയുടെ സ്വത്തുവകകള്‍ സംബന്ധിച്ച അന്വേഷണത്തിലേക്കും അന്വേഷണസംഘം നീങ്ങുന്നു. സ്വത്ത്‌ തട്ടിയെടുക്കാന്‍ ശ്രമം നടന്നോ എന്നറിയാനാണിത്‌. മണിയുടെ സഹായികളുടെ സ്വത്തുക്കളും ബാങ്ക്‌ അക്കൗണ്ടുകളും പരിശോധിക്കും. സ്‌റ്റേജ്‌ ഷോകളിലും മറ്റും താരത്തിന്‌ ലഭിച്ചിരുന്ന തുകയില്‍ സഹായികളായി ഉണ്ടായിരുന്നവര്‍ വെട്ടിപ്പ്‌ നടത്തുമായിരുന്നെന്ന്‌ നേരത്തേ മണിയുടെ സഹോദരന്‍ ആരോപിച്ചിരുന്നു. മണിക്ക് അടുത്ത കാലത്ത് സ്‌റ്റേജ് ഷോകളില്‍ നിന്നു ലഭിച്ച പണം നഷ്ടപ്പെട്ടത് എങ്ങനെയാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മണിയുടെ മുപ്പത് കോടിയോളം രൂപയുടെ സ്വത്തുക്കള്‍ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മണിക്ക് ബിനാമി നിക്ഷേപം ഉണ്ടായിരുന്നോ എന്നതും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

 
സ്‌റ്റേജ് ഷോകളില്‍ നിന്ന് മണിക്ക് ലഭിച്ചിരുന്ന പ്രതിഫലത്തെക്കുറിച്ച് ബന്ധുക്കള്‍ക്കോ ഭാര്യയ്‌ക്കോ കാര്യമായ വിവരമില്ല. കിട്ടുന്ന പണം പാഡിയിലും കാറിലുമായാണ് സൂക്ഷിച്ചിരുന്നത്. മരണത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ മണി ഒറ്റപ്പാലത്ത് ചെയ്ത സ്‌റ്റേജ് ഷോയുടെ പ്രതിഫലമായി മൂന്ന് ലക്ഷത്തിലേറെ രൂപ കിട്ടിയിരുന്നു. എന്നാല്‍ അസുഖബാധിതനായി ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ മാനേജരുടെ കൈവശം 25,000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തരത്തില്‍ പരിപാടികളില്‍ നിന്നും സിനിമകളില്‍ നിന്നും അടുത്തകാലത്ത് മണിക്ക് ലഭിച്ച പണം സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

 

 

അടുത്ത കാലത്ത് സീസണില്‍ മാസത്തില്‍ പതിനഞ്ചിലേറെ സ്‌റ്റേജ് ഷോകളില്‍ മണി പങ്കെടുത്തിരുന്നു. മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ഈ ഷോകള്‍ക്ക് പ്രതിഫലം ലഭിച്ചിരുന്നത്. പണം ലഭിച്ച ശേഷമേ മണി സ്‌റ്റേജില്‍ കയറിയിരുന്നുള്ളൂ. അതുകൊണ്ടു തന്നെ പണം ലഭിച്ചിട്ടില്ലെന്ന് കരുതാനാകില്ല. മണിയുമായും അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഭാര്യയുടെ ബന്ധുവിനെ ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

 
മണി മരിച്ചത്‌ വിഷം ഉള്ളില്‍ ചെന്നാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനിടയില്‍ കലാഭവന്‍ മണിയുടെ തറവാട്‌ വീടിന്‌ സമീപത്തെ പറമ്പില്‍ നിന്നും കീടനാശിനിയുടെ കുപ്പികള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതില്‍ ശരീരത്ത്‌ നിന്നും കണ്ടെത്തിയ ക്‌ളോര്‍ പെറിഫോസ്‌ കീടനാശിനിയുടെ കുപ്പിയും ഉണ്ടായിരുന്നു. ഏഴ്‌ കുപ്പികള്‍ കണ്ടെത്തിയതില്‍ രണ്ടെണ്ണം ഉപയോഗിച്ചിട്ടില്ല. ഒരെണ്ണത്തില്‍ പകുതി ദ്രാവകം ഉണ്ടായിരുന്നു. ഇത്‌ ഇവിടെ നിന്നും അകലെയുള്ള പാടിയില്‍ എങ്ങിനെ എത്തി എന്നതാണ്‌ പോലീസ്‌ സംശയിക്കുന്നത്‌.

 

 

മണിയോ സുഹൃത്തുക്കളോ കടയില്‍ നിന്നും കീടനാശിനി വാങ്ങിയിട്ടുണ്ടോയെന്ന്‌ സമീപത്തെ കടകളില്‍ പോലീസ്‌ അന്വേഷണം നടക്കും. സമീപത്ത്‌ നാലു കടകളില്‍ ഇത്‌ വില്‍പ്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. മണിയുടെ ഔട്ട്‌ഹൗസായ പാടിയിലെ സെപ്‌ടിക്‌ ടാങ്കില്‍ നിന്നും കണ്ടെത്തിയ വസ്‌തുക്കളില്‍ ഈ കീടനാശിനിയുടെ കുപ്പിയും ഉണ്ടായിരുന്നതായി സൂചനയുണ്ട്‌. ഇതില്‍ മിശ്രിതം ഉണ്ടായിരുന്നതായും അത്‌ കീടനാശിനിയാണോ എന്ന്‌ പരിശോധന നടത്തേണ്ടതുണ്ടെന്നും പോലീസ്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌.

 

 

അതിനിടയിൽ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആശുപത്രിയിലേക്കും നീളുന്നു. മണിയുടെ അവസാന നാളുകളില്‍ ചികിത്സിച്ച അമൃത ആശുപത്രിയിലേക്കാണ് അന്വേഷണം നീളുന്നത്. മണിക്ക് നല്‍കിയ ചികിത്സയില്‍ പിഴവുണ്ടായോ എന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അന്വേഷണത്തിനായി കൊച്ചി പൊലീസിന് പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്. അമൃത ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ പരിശോധിക്കാനും തീരുമാനിച്ചു.

 

 

അതേസമയം, കലാഭവന്‍ മണിയുടെ ഔട്ട് ഹൗസായ പാഡിക്ക് സമീപത്ത് നിന്ന് കീടനാശിനിയുടെ സാന്നിധ്യം ഉള്ള കുപ്പി കണ്ടെത്തിയ സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ക്ലോര്‍ പൈറിഫോസിന്റെ അളവ് അറിയണമെന്ന് ഫോറന്‍സിക്ക് വിഭാഗത്തോട് അന്വേഷണസംഘം ആവശ്യപ്പെട്ടു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments