HomeCinemaMovie Newsരതീഷിന്‌ മലയാളസിനിമയില്‍ ക്രൂരനായ ഒരു ശത്രുവുണ്ടായിരുന്നു; ക്യാപ്റ്റൻ രാജു പറയുന്നു

രതീഷിന്‌ മലയാളസിനിമയില്‍ ക്രൂരനായ ഒരു ശത്രുവുണ്ടായിരുന്നു; ക്യാപ്റ്റൻ രാജു പറയുന്നു

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞു നിന്ന വില്ലനായിരുന്നു ക്യാപ്റ്റൻ രാജു. പിന്നീട കോമഡി വേഷങ്ങളിലേക്ക് മാറിയപ്പോളും മലയാളി ക്യാപ്റ്റൻ രാജുവിനെ സ്നേഹിച്ചു. ഈയിടെ ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഐ വി ശശിയും രതീഷുമൊത്തുള്ള പഴയകാല ഷൂട്ടിംഗ് വിശേഷങ്ങൾ ക്യാപ്റ്റൻ പങ്കു വച്ചു.

ക്യാപ്റ്റൻ രാജു പറയുന്നു:
”ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെക്‌നീഷ്യന്‍മാരില്‍ ഒരാളാണ്‌ ശശിയേട്ടന്‍. ജനക്കൂട്ടത്തിന്റെ സംവിധായകന്‍ എന്നു വിശേഷിപ്പിക്കാം. ആയിരം പേരെ ഒന്നിച്ചുനിര്‍ത്തി വര്‍ക്ക്‌ ചെയ്യാനുള്ള കഴിവ്‌ മലയാളത്തില്‍ ഐ.വി.ശശി എന്ന സംവിധായകന്‌ മാത്രം സ്വന്തം. ശശിയേട്ടന്റെ കൂടെ ഇരുപതു സിനിമകള്‍ ചെയ്‌തു. ദേഷ്യംവന്നാല്‍ ശശിയേട്ടന്‍ പരമാവധി വിളിക്കുന്നത്‌ കഴുതക്കുട്ടി എന്നാണ്‌. ”ആ കഴുതക്കുട്ടിയോട്‌ നേരെ നോക്കാന്‍ പറ.” എടുത്ത സീന്‍ ഇഷ്‌ടമായില്ലെങ്കില്‍ വലതു കൈ വച്ച്‌ ചെവിയുടെ താഴെ ചൊറിയും. ആ ചൊറിച്ചില്‍ കണ്ടാല്‍ ഞാന്‍ പറയും-ശശിയേട്ടാ ഒന്നു കൂടി എടുക്കണേ.. അതുകേള്‍ക്കേണ്ട താമസം ശശിയേട്ടന്‍ വീണ്ടും ആക്ഷന്‍ പറയും. നല്ലതാണെങ്കില്‍ കൈ തെറുത്തുകയറ്റി ചിരിക്കും. എത്ര റീടേയ്‌ക്ക് വേണമെങ്കിലുമെടുക്കും. ദേഷ്യം വരില്ല”
”പ്രേംനാഥ്‌ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ‘ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ്‌ മദ്രാസിലെ പനീര്‍ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്‌. രതീഷും മാധവിയുമാണ്‌ പ്രധാനവേഷത്തില്‍. ഞാന്‍ വില്ലനും. മാധവിയെ ഞാന്‍ കാറില്‍ തട്ടിക്കൊണ്ടുപോകുന്നതാണ്‌ സീന്‍. ഷോട്ട്‌ റെഡിയെന്ന്‌ വിളിച്ചുപറഞ്ഞപ്പോള്‍ ഒരു പ്രശ്‌നം. എന്റെ ഷര്‍ട്ടും പാന്റ്‌സും റെഡിയായില്ല. അര മണിക്കൂര്‍ കൂടി താമസിക്കും.
”അത്രയും സമയം വെറുതെ നില്‍ക്കേണ്ട. നമുക്ക്‌ മാധവിയുടെ ക്ലോസപ്പ്‌ ഷോട്ടുകളെടുക്കാം.”ശശിയേട്ടന്‍ ക്യാമറാമാനോട്‌ പറഞ്ഞു. സീനെടുക്കാനായി ശശിയേട്ടനും ക്യാമറാമാനും മാധവിയുമടക്കമുള്ളവര്‍ ഒരു അംബാസിഡര്‍ കാറില്‍ കയറി കുറച്ചകലേക്ക്‌ പോയി. ബ്രേക്ക്‌ സമയമായതിനാല്‍ ഞാനും രതീഷും സംസാരിച്ചുകൊണ്ടിരുന്നു. പത്തുമിനുട്ടു കഴിഞ്ഞുകാണും. ഒരു തമിഴന്‍ ബുള്ളറ്റില്‍ വന്ന്‌ ഞങ്ങള്‍ക്കരികില്‍ ബ്രേക്കിട്ടു.”തൊട്ടടുത്ത റോഡില്‍ ഒരപകടം നടന്നിട്ടുണ്ട്‌. നിങ്ങളുടെ ഗ്രൂപ്പില്‍പെട്ട ആളാണെന്നു തോന്നുന്നു. ഒരാള്‍ വണ്ടിക്കകത്തുപെട്ടിരിക്കുകയാണ്‌.”

കേള്‍ക്കേണ്ട താമസം ഷൂട്ടിംഗിന്‌ കൊണ്ടുവന്ന ബൈക്ക്‌ രതീഷ്‌ സ്‌റ്റാര്‍ട്ട്‌ ചെയ്‌തു. പിന്നില്‍ ഞാനും കയറി. മാധവിയുടെ ക്ലോസപ്പ്‌ഷോട്ടുകളെടുക്കാന്‍ കാറിന്റെ ബോണറ്റില്‍ വാക്വം ക്യാമറ ഘടിപ്പിച്ചശേഷം സീനുകള്‍ പകര്‍ത്തവെയാണ്‌ അപകടമുണ്ടായത്‌. ശശിയേട്ടന്‍ കാറിലിരുന്ന്‌ മാധവിക്ക്‌ ഷോട്ടിനെക്കുറിച്ച്‌ നിര്‍ദ്ദേശം നല്‍കുന്നു. തമിഴനായ ക്യാമറാമാന്‍ അതെല്ലാം പകര്‍ത്തുമ്പോഴാണ്‌ പെട്ടെന്ന്‌ ബോണറ്റിലെ ചൂടുകൊണ്ട്‌ ക്യാമറയിളകി താഴേക്കുപോയത്‌. ഒപ്പം ക്യാമറാമാനും. ഡ്രൈവര്‍ വണ്ടി ബ്രേക്കിട്ടപ്പോഴേക്കും ക്യാമറാമാന്‍ തലയിടിച്ച്‌ വീണ്‌ കാറിന്റെ എന്‍ജിന്‌ കീഴിലായി.
ഞങ്ങള്‍ ചെല്ലുമ്പോള്‍ ശശിയേട്ടന്‍ നിന്നു വിറയ്‌ക്കുകയാണ്‌. ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്‌ഥ. കാറിനു പുറത്തേക്ക്‌ രണ്ടുകാലുകള്‍ കാണാം. ഞാനും രതീഷും മുട്ടിലിരുന്ന്‌ കാല്‍ പതുക്കെ വലിച്ചു.തല ചോരയില്‍ കുളിച്ചിരിക്കുന്നു. ക്യാമറാമാനെ കൈയിലെടുത്ത്‌ ഞങ്ങള്‍ കാറില്‍ കയറ്റി. വണ്ടി സ്‌റ്റാര്‍ട്ട്‌ ചെയ്യാന്‍ ഡ്രൈവറോട്‌ പറയുമ്പോള്‍ പടത്തിന്റെ നിര്‍മ്മാതാക്കള്‍ അടുത്തേക്കുവന്നു.”ക്യാപ്‌റ്റനും രതീഷും ഷൂട്ടിംഗിന്‌ ചെല്ല്‌. ബാക്കി പോര്‍ഷന്‍ ശശിയേട്ടന്റെ അസോസിയേറ്റ്‌സ് എടുത്തോളും. ഇവന്റെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം.” എനിക്കു ദേഷ്യം വന്നു. ഒരാള്‍ ജീവനുവേണ്ടി പിടയുമ്പോഴാണ്‌ അവരുടെയൊരു ഷൂട്ടിംഗ്‌. ഞാനും രതീഷും നിര്‍മ്മാതാക്കളോട്‌ തട്ടിക്കയറി. പക്ഷേ അവര്‍ വാശി കാണിച്ചു. ഒടുവില്‍ ശശിയേട്ടന്‍ ഇടപെട്ട്‌ സമാധാനിപ്പിച്ചു.

പരുക്കേറ്റ ക്യാമറാമാനൊപ്പം ശശിയേട്ടനും നിര്‍മ്മാതാക്കളും കാറില്‍ കയറി. രാംനാഥ്‌ ഗോയങ്ക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്‌ക്ക് ക്ഷതമേറ്റതിനാല്‍ ആ സ്‌പോട്ടില്‍ തന്നെ മരിച്ചുവെന്നാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌. ഷൂട്ടിംഗ്‌ പായ്‌ക്കപ്പായി”. അന്ന്‌ വൈകിട്ട്‌ ഞങ്ങളെല്ലാവരും ക്യാമാറാമാന്റെ വീട്ടിലെത്തി. പെട്ടിയില്‍ കിടത്തിയ മൃതദേഹത്തിനു മുമ്പില്‍ പൊട്ടിക്കരയുകയാണ്‌ രണ്ടു പെണ്‍കുട്ടികളും ഭാര്യയും. മൂത്ത പെണ്‍കുട്ടിക്ക്‌ പതിനാറുവയസ്സുണ്ടാകും. ചെറിയൊരു വീട്ടിലാണ്‌ താമസം. അവരുടെ കുടുംബത്തിന്റെ ഇനിയുള്ള അവസ്‌ഥ ആലോചിച്ചപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. അധികനേരം അവിടെ നില്‍ക്കാന്‍ എനിക്കും രതീഷിനും കഴിഞ്ഞില്ല. ഞങ്ങള്‍ മുറിയിലേക്ക്‌ മടങ്ങി.

അന്നത്തെ ലീഡിംഗ്‌ ഹീറോയാണ്‌ രതീഷ്‌. എന്നെ വലിയ കാര്യമാണ്‌. അണ്ണാ എന്നേ വിളിക്കുകയുള്ളൂ. പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്‌ത ‘തീരെ പ്രതീക്ഷിക്കാതെ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്‌ ഞങ്ങള്‍ തമ്മില്‍ അടുത്തത്‌. അതിലെ രണ്ടു നായകന്മാരായിരുന്നു ഞാനും രതീഷും. ഞങ്ങള്‍ തമ്മിലുള്ള മല്‍പ്പിടുത്തം ചിത്രീകരിക്കുമ്പോഴാണ്‌ പെട്ടെന്ന്‌ രതീഷിന്റെ കത്തി അറിയാതെ എന്റെ കൈയിലേക്ക്‌ തുളച്ചുകയറുന്നത്‌. ഞാന്‍ വേദനകൊണ്ട്‌ പിടഞ്ഞു. അന്ന്‌ കുറെ ചോരയൊഴുകി. ഇതുകണ്ടപ്പോള്‍ രതീഷാകെ അസ്വസ്‌ഥനായി. രതീഷും പ്ര?ഡ്യൂസര്‍ രാജാചെറിയാനും സംവിധായകന്‍ ചന്ദ്രകുമാറും ചേര്‍ന്നാണ്‌ എന്നെ ആശുപത്രിയിലെത്തിച്ചത്‌. സ്‌റ്റിച്ചൊക്കെയിട്ട്‌ തിരിച്ചുവരുമ്പോഴും രതീഷ്‌ ഒന്നും മിണ്ടുന്നില്ല.

”എന്തുപറ്റിയെടാ നിനക്ക്‌?”

ഞാന്‍ ചോദിച്ചു.

”അണ്ണാ, അറിഞ്ഞുകൊണ്ട്‌ ചെയ്‌തതല്ല. ആദ്യമായാണ്‌ ഇത്തരമൊരു….”

രതീഷിന്റെ വാക്കുകളിടറി. ഞാന്‍ സമാധാനിപ്പിച്ചു.

”ഇത്രയും ചെറിയൊരു പ്രശ്‌നത്തിന്‌ മലയാളത്തിലെ സൂപ്പര്‍താരം കരയുകയോ? പട്ടാളക്കാരനായിരുന്ന എനിക്ക്‌ ഇതൊന്നും ഒരു മുറിവേയല്ല.” പാവമായിരുന്നു രതീഷ്‌. പെട്ടെന്ന്‌ ഫീലാവും. എന്തു സങ്കടം കണ്ടാലും അലിയുന്ന മനസ്സാണ്‌. ആരെങ്കിലും കാശ്‌ ചോദിച്ചാല്‍ അപ്പോള്‍ത്തന്നെ എടുത്തുകൊടുക്കും.

രതീഷിന്‌ മലയാളസിനിമയില്‍ ക്രൂരനായ ഒരു ശത്രുവുണ്ടായിരുന്നു. അത്‌ മറ്റാരുമല്ല, രതീഷ്‌ തന്നെ. ഇക്കാര്യം രതീഷിനോടുതന്നെ ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്‌. മദ്യപാനം കൂടിയപ്പോള്‍ ഒരുപാടുതവണ ഉപദേശിച്ചു. അപ്പോഴെല്ലാം ഒരു കള്ളച്ചിരി മാത്രമായിരുന്നു മറുപടി. മുന്‍മന്ത്രിഎം.കെ.ഹേമചന്ദ്രന്റെ മകള്‍ ഡയാനയെയാണ്‌ രതീഷ്‌ വിവാഹം കഴിച്ചത്‌. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമായിരുന്നു അവരുടേത്‌. മദ്രാസിലെ വിജയാ ഗാര്‍ഡന്‍സില്‍ ഏതോ സിനിമയുടെ ഷൂട്ടിംഗ്‌ നടക്കുന്നു. രാവിലെ എട്ടുമണിക്ക്‌ എന്റെയും രതീഷിന്റെയും സംഘട്ടന സീനുണ്ട്‌. ആ സീനില്‍ കുതിര, പശു, ആട്‌, കോഴി, മുയല്‍ എന്നിവ വേണം. രാവിലെ ആറുമണിക്കുതന്നെ മൂന്നുനാലു ലോറിയില്‍ മൃഗങ്ങളെ കൊണ്ടുവന്നു. ഒപ്പം നൂറ്റമ്പതിലധികം ഫൈറ്റേഴ്‌സും. കൃത്യസമയത്ത്‌ ഞാന്‍ ലൊക്കേഷനിലെത്തി മേക്കപ്പ്‌മാന്റെ മുമ്പിലിരുന്നു. എട്ടുമണിയായിട്ടും രതീഷ്‌ വന്നില്ല. അര മണിക്കൂര്‍ കഴിഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞു. രക്ഷയില്ല. ഹോട്ടലിലേക്ക്‌ വിളിച്ചപ്പോള്‍ അവിടെനിന്നും പുറപ്പെട്ടിട്ട്‌ മണിക്കൂറുകള്‍ കഴിഞ്ഞു എന്ന വിവരമാണ്‌ കിട്ടിയത്‌. എവിടെപ്പോയെന്ന്‌ ആര്‍ക്കുമറിയില്ല. വൈകിട്ട്‌ നാലുമണി വരെ എല്ലാവരും വെറുതെയിരുന്നു.

സംവിധായകന്‌ ദേഷ്യം വന്ന്‌ പായ്‌ക്കപ്പ്‌ പറഞ്ഞു. ഞാന്‍ മേക്കപ്പൊക്കെ കഴുകി മുറിയിലേക്ക്‌ പോയി. ഹോട്ടലിലെ റിസപ്‌ഷനിസ്‌റ്റിനോട്‌ വിവരം തിരക്കി.
”രാവിലെ ഏഴരയ്‌ക്ക് രതീഷ്‌ സാറിനെ കാണാന്‍ ഒരു സീനിയര്‍ നടന്‍ വന്നിരുന്നു. എട്ടുമണിയായപ്പോള്‍ അദ്ദേഹത്തിന്റെ കാറില്‍ കയറി പോകുന്നതും കണ്ടു.”

റിസപ്‌ഷനിസ്‌റ്റ് പറഞ്ഞപ്പോള്‍ കാര്യം പിടികിട്ടി. ആ നടനൊപ്പം മദ്യപിക്കാന്‍ പോയതാവുമെന്ന്‌ ഞാനൂഹിച്ചു. രാത്രി പത്തുമണിയായിക്കാണും. മുറിയിലാരോ മുട്ടിക്കൊണ്ടിരിക്കുന്നു. ഡോര്‍ തുറന്നു. രതീഷാണ്‌. കണ്ണുകള്‍ ചുവന്ന്‌ കലങ്ങിയിട്ടുണ്ട്‌. നേരെ നില്‍ക്കാന്‍ പോലും കഴിയുന്നില്ല. ”അളിയാ, മാപ്പ്‌. നിങ്ങളെയെല്ലാവരെയും പറ്റിച്ചതിന്‌. എന്നോട്‌ ക്ഷമിക്കണം. ഇനി ഇതുണ്ടാവില്ല.” രതീഷ്‌ കൈകൂപ്പി. ഞാന്‍ രതീഷിനെ മുറിയിലെത്തിച്ചു. പിറ്റേ ദിവസം രാവിലെ ഞാന്‍ ലൊക്കേഷനിലെത്തുമ്പോള്‍ രതീഷ്‌ മേക്കപ്പ്‌ ചെയ്‌ത് റെഡിയായിരിക്കുകയാണ്‌. തലേ ദിവസം സംഭവിച്ചതിന്റെ ഒരു ജാള്യതയും ആ മുഖത്തില്ല. എന്നെ കണ്ടപ്പോള്‍ ഒന്നു കണ്ണിറുക്കി.

”എന്തായാലും രതീഷ്‌ ചെയ്‌തത്‌ ശരിയായില്ല. എത്രപേരാണ്‌ രതീഷിനുവേണ്ടി കാത്തിരുന്നതെന്നറിയോ?”

”അറിയാം അണ്ണാ, സോറി. ഇനിയുണ്ടാവില്ല.”

രതീഷ്‌ ഒരു ദിവസം വൈകിയതുകൊണ്ട്‌ നിര്‍മ്മാതാവിന്‌ ആയിരക്കണക്കിന്‌ രൂപയാണ്‌ നഷ്‌ടം വന്നത്‌. അന്നത്തെ ആയിരത്തിന്‌ ഇന്ന്‌ ലക്ഷങ്ങള്‍ വിലയുണ്ടെന്നോര്‍ക്കണം. മൃഗങ്ങള്‍ക്കും കോഴിക്കും ഫൈറ്റേഴ്‌സിനുമൊക്കെ ഒരു ദിവസത്തെ പേയ്‌മെന്റ്‌ കൂടി നല്‍കേണ്ടിവന്നു. അക്കാലത്ത്‌ രതീഷ്‌ നയിച്ചത്‌ രാജകീയ ജീവിതമാണ്‌. അന്ന്‌ നാല്‍പ്പതിനായിരം രൂപയാണ്‌ വാങ്ങിക്കുന്നത്‌. റോവര്‍ എന്ന സ്‌റ്റാന്‍ഡേര്‍ഡ്‌ കമ്പനിയുടെ കാര്‍ കേരളത്തില്‍ത്തന്നെ ആദ്യം വാങ്ങിക്കുന്നത്‌ രതീഷാണ്‌.

മലയാളസിനിമയില്‍ ഇത്രയും വലിയ കാര്‍ ഭ്രാന്തനില്ല. ഏത്‌ ടോപ്പ്‌ വണ്ടി റോഡിലിറങ്ങിയാലും രതീഷ്‌ അത്‌ വാങ്ങിച്ചിരിക്കും. തിരുവനന്തപുരത്ത്‌ താമസിക്കുമ്പോള്‍ ഇടയ്‌ക്കൊക്കെ വീട്ടിലേക്ക്‌ വരും. കാണുമ്പോള്‍ സ്‌നേഹം കൊണ്ട്‌ വീര്‍പ്പുമുട്ടിക്കും.
ഒരിക്കല്‍ ‘അമ്മ’യുടെ മീറ്റിംഗ്‌ നടക്കുമ്പോള്‍ രതീഷിന്റെ ലൈഫ്‌ മെമ്പര്‍ഷിപ്പ്‌ വിഷയം ചര്‍ച്ചയായി. രതീഷ്‌ കൊടുത്ത ചെക്ക്‌ മടങ്ങിയതാണ്‌ പ്രശ്‌നം. അങ്ങനെയാണെങ്കില്‍ മെമ്പര്‍ഷിപ്പ്‌ കൊടുക്കേണ്ടെന്ന്‌ ചിലരൊക്കെ വാദിച്ചു. ഇതുകേട്ടപ്പോള്‍ എനിക്ക്‌ വല്ലായ്‌ക തോന്നി. ഞാന്‍ മീറ്റിംഗ്‌ തീരുന്നതിന്‌ മുമ്പ്‌ പുറത്തേക്കിറങ്ങി. വീട്ടില്‍ പോയി പതിനായിരം രൂപയുമെടുത്ത്‌ രതീഷിന്റെ പേരില്‍ ഡെപ്പോസിറ്റ്‌ ചെയ്‌തു.ഇക്കാര്യം രതീഷ്‌ അറിയുന്നത്‌ ഒരുമാസം കഴിഞ്ഞാണ്‌. അപ്പോള്‍ത്തന്നെ രതീഷ്‌ കാറില്‍ക്കയറി എന്റെ വീട്ടിലെത്തി. ബാഗില്‍നിന്നും ഒരു കെട്ട്‌ നോട്ടെടുത്ത്‌ കൈയില്‍ത്തന്നു.

”അളിയാ എങ്ങനെയാ നന്ദി പറയേണ്ടതെന്നറിയില്ല. വെരി വെരി താങ്ക്‌സ്. 15,000 രൂപയുണ്ടിതില്‍. പതിനായിരവും പലിശയും.” പലിശയെന്നു കേട്ടപ്പോള്‍ ഞാന്‍ ചൂടായി. അയ്യായിരം രൂപ തിരിച്ചുകൊടുത്തു. ഏറ്റവുമൊടുവില്‍ കണ്ടത്‌ അന്നാണ്‌. ഇടയ്‌ക്ക് കൃഷിയും സിനിമാനിര്‍മ്മാണത്തിലും ഒരുകൈനോക്കിയെങ്കിലും സാമ്പത്തികമായി ഒരുപാടു നഷ്‌ടം വന്നു. രതീഷ്‌ ആര്‍ഭാടജീവിതം നയിച്ചതുകൊണ്ട്‌ കഷ്‌ടപ്പെട്ടത്‌ ഭാര്യ ഡയാനയും മക്കളുമാണ്‌. ശോഭാ മേനോനാണ്‌ ആ കുടുംബത്തെ ഏറ്റവും കൂടുതല്‍ സഹായിച്ചത്‌. മറ്റു രണ്ടുപേര്‍ സുരേഷ്‌ഗോപിയും നിര്‍മ്മാതാവ്‌ സുരേഷ്‌കുമാറു(മേനക)മാണ്‌. മക്കളിപ്പോള്‍ സിനിമയിലെത്തിയിട്ടുണ്ട്‌. അവര്‍ക്ക്‌ നല്ല ഭാവിയുണ്ടാകട്ടെ എന്നാശംസിക്കുന്നു. ക്യാപ്റ്റൻ രാജു പറഞ്ഞു നിർത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments