ചാംപ്യന്‍സ് ട്രോഫി ഫൈനലിലെ പരാജയത്തിന് ഇന്ത്യയുടെ മധുര പ്രതികാരം. ഏഷ്യാ കപ്പ് ഗ്രൂപ്പ് എ ലീഗ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ വിജയം. കരുത്ത് വീണ്ടെടുത്ത ഇന്ത്യന്‍ ബോളിംഗ് നിരയ്ക്കുമുന്നില്‍ 43.1 ഓവറില്‍ 162 റണ്‍സിന് പാക്കിസ്ഥാന്‍ന്റെ റണ്‍സ് വേട്ട അവസാനിച്ചു. രോഹിത് ശര്‍മയുടെയും (52), ശിഖര്‍ ധവാന്റെയും (46) കരുത്തില്‍ 29 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.
അംബാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും 31 റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു. മൂന്നുവിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് മാന്‍ ഓഫ് ദ് മാച്ച്. കേദാര്‍ ജാദവും 3 വിക്കറ്റ് നേടി.കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനോട് 180 റണ്‍സിനു പരാജയപ്പെട്ടിരുന്നു. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തിലെ ഈ വിജയം ഇന്ത്യന്‍ ആരാധകര്‍ക്ക് ശരിക്കും ആഘോഷിക്കാനുള്ള വക തന്നെയാണ്. സൂപ്പര്‍ ഫോറില്‍ ബംഗ്ലദേശുമായി നാളെയാണ് ഇന്ത്യയുടെ അടുത്ത കളി. 23നു പാക്കിസ്ഥാനെ വീണ്ടും നേരിടും.