HomeSportsഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസില്‍ വമ്പന്‍ അട്ടിമറി; ജോക്കോവിച്ചിനെ ഡൊമിനിക്‌ തിം അട്ടിമറിച്ചു

ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസില്‍ വമ്പന്‍ അട്ടിമറി; ജോക്കോവിച്ചിനെ ഡൊമിനിക്‌ തിം അട്ടിമറിച്ചു

ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസില്‍ വമ്പന്‍ അട്ടിമറി. മുന്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക്‌ ജോക്കോവിച്ചിനെ പുരുഷ സിംഗിള്‍സ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രിയയുടെ ഡൊമിനിക്‌ തിം ആണ്‌ അട്ടിമറിച്ചത്‌. സ്‌കോര്‍: 7-6 (5), 6-3, 6-0. ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- കാനഡയുടെ ഗബ്രിയേല ബാബ്രോവ്‌സ്കി മിക്‌സഡ്‌ ഡബിള്‍സ്‌ ഫൈനലില്‍ കടന്നു. ഫ്രഞ്ച്‌ ഓപ്പണില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ സാന്നിധ്യമാണ്‌.

മൂന്നാം സീഡ്‌ ആന്‍ഡ്രിയ ഹ്‌ളാദ്‌കോവ- എഡ്വേഡോ റോജര്‍ വാസലിന്‍ ജോഡിയെയാണ്‌ അവര്‍ സെമിയില്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 7-5, 6-3. കരിയറില്‍ രണ്ടാംതവണയാണ്‌ ബൊപ്പണ്ണ ഒരു ഗ്രാന്‍സ്ലാം ഫൈനലില്‍ കളിക്കുന്നത്‌. കഴിഞ്ഞ വര്‍ഷമാണ്‌ ജോക്കോവിച്ച്‌ ഫ്രഞ്ച്‌ ഓപ്പണ്‍ നേടി കരിയര്‍ ഗ്രാന്‍സ്ലാം കുറിച്ചത്‌. തുടര്‍ന്നു ഫോം നിലനിര്‍ത്താന്‍ അദ്ദേഹത്തിനായില്ല.

ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ ജോക്കോവിച്ച്‌ റൊളാങ്‌ ഗാരോസില്‍ ക്വാര്‍ട്ടറില്‍ തോല്‍ക്കുന്നത്‌. ആദ്യമായാണ്‌ തിം ജോക്കോവിച്ചിനെ തോല്‍പ്പിക്കുന്നത്‌. അതുവരെ നടന്ന ആറ്‌ മത്സരങ്ങളിലും ജോക്കോവിച്ചാണു ജയിച്ചത്‌. ഒന്‍പതുവട്ടം ചാമ്പ്യനും മുന്‍ ലോക ഒന്നാംനമ്പറുമായ സ്‌പെയിന്റെ റാഫേല്‍ നദാലാണ്‌ സെമി ഫൈനലില്‍ ഡൊമിനിക്‌ തിമിനെ നേരിടുക. ലോക രണ്ടാം നമ്പര്‍ താരമായ ജോക്കോവിച്ച ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായിരുന്നു.

നാലു വര്‍ഷത്തിനു ശേഷമാണ്‌ ജോക്കോവിച്ച്‌ ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍ക്കുന്നത്‌. 2005 ലെ യു.എസ്‌. ഓപ്പണിനു ശേഷം ആദ്യമായാണ്‌ ജോക്കോ 6-0 ത്തിന്‌ ഒരു സെറ്റ്‌ തോല്‍ക്കുന്നതും. ഫ്രഞ്ച്‌ ഓപ്പണിലെ തോല്‍വിയോടെ അദ്ദേഹം ലോക റാങ്കിങ്ങില്‍ ആദ്യ നാലില്‍നിന്നു പിന്തള്ളപ്പെടുമെന്ന്‌ ഉറപ്പായി. 2016 ലെ ഫ്രഞ്ച്‌ ഓപ്പണ്‍ സെമിയില്‍ ജോക്കോവിച്ച്‌ തിമിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചിരുന്നു. റൊളാങ്‌ ഗാരോസില്‍ ജോക്കോവിച്ചിനെ തോല്‍പ്പിച്ച്‌ സെമിയില്‍ കളിക്കാനാകുന്നത്‌ സ്വപ്‌ന സാഫല്യമാണെന്ന്‌ മത്സരത്തിനു ശേഷം തിം പറഞ്ഞു. പത്താം കിരീടം തേടുന്ന നദാല്‍ ക്വാര്‍ട്ടറില്‍ ജയിക്കാതെയാണു സെമിയിലെത്തിയത്‌. സ്‌പെയിന്റെ തന്നെ പാബ്ലോ കാരേനോ ബസ്‌റ്റ പരുക്കിനെ തുടര്‍ന്നു പകുതി വഴിക്കു മത്സരം ഉപേക്ഷിച്ചതോടെയാണു നദാല്‍ മുന്നേറിയത്‌.fb-copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments