HomeMake It Modernഇടുക്കി അണക്കെട്ട്, ഒരു ശാപമോക്ഷത്തിന്റെ കഥ

ഇടുക്കി അണക്കെട്ട്, ഒരു ശാപമോക്ഷത്തിന്റെ കഥ

1992 ഒക്ടോബറിൽ ആണ് ചരിത്രം കണ്ട എറ്റവും വലിയ പേമാരികളിലൊന്നു കേരളത്തിൽ താണ്ഡവമാടിയത്. മിക്കവാറും എല്ലാ പുഴകളും കരകവിഞ്ഞു …ഞങ്ങളുടെ നാട്ടിലെ അച്ചൻകോവിലാറിലൂടെ ,മലമുകളിലെവിടെയോ കടപുഴകിയ വൻ മരങ്ങൾ ഘോഷയാത്ര തന്നെ നടത്തി….ഭീകരമായ പ്രളയത്തിന്റെ വാർത്തകളുമായി പത്രങ്ങളും ദൂരദർശനും നിറഞ്ഞു നിന്നു ..

അപ്പോഴാണ് ഒരു വാർത്ത ശ്രദ്ധയിൽ പെട്ടത് …പത്തുവർഷത്തെ ഇടവേളക്ക് ശേഷം ഇടുക്കി അണക്കെട്ട് തുറന്നേക്കും …ജലനിരപ്പ് 750 അടിയായിക്കഴിഞ്ഞു …പരമാവധി പരിധിയായ 753 അടിയായാൽ ഡാം തുറന്ന് വിടും ..ഡാമിന്റെയും ,പെരിയാറിന്റെയും പരിസരത്ത് 144 പ്രഖ്യാപിച്ചു ..ജില്ലാ കളക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിട്ടിറങ്ങി ജനങ്ങളുമായി സംസാരിച്ചു ..ഇടുക്കിയും പരിസരവും ഒരു അജ്ഞാതമായ ഒരു ഭീതിയിൽ വിറങ്ങലിച്ചു ..

പ്രായത്തിന്റെ ചോരത്തിളപ്പും , അടങ്ങാത്ത ജിജ്ഞാസയുടെ വേലിയേറ്റവും ഒരുമിച്ച് ചേർന്നപ്പോൾ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി …നേരെ ഇടുക്കിയിലേക്ക് …വഴിനീളെയുള്ള മഴക്കെടുതികളെയും ഉരുൽപോട്ടലുകളെയും കടന്ന് പിറ്റെദിവസം ഇടുക്കിയിലെത്തുക തന്നെ ചെയ്തു …എണ്ണൂറോളം മീറ്റർ ഉയരമുള്ള കുറവൻ കുറത്തി മലകളെ ബന്ധിപ്പിച്ച, ത്രികോണാകൃതിയിലുള്ള പടുകൂറ്റൻ അണക്കെട്ടിനു താഴെ അന്തം വിട്ടു നിന്നു …ആ മതിൽക്കെട്ടിനപ്പുറം ഒരു വലിയ കുന്നിന്റെ ആഴത്തിൽ ഭീമൻ ജലപ്പരപ്പുണ്ട് …അതിൽ നിന്നാണ് നമുക്കാവശ്യമുള്ള വൈദ്യുതി കറന്നെടുക്കുന്നത് …സാധാരണ ഡാമിനുള്ളത് പോലെ ഷട്ടറുകളോ സ്പിൽവെയോ ഒന്നും ഇല്ല … ഇത് പിന്നെ എവിടെയാണ് തുറക്കാൻ പോകുന്നത് ..അവിടെയുണ്ടായിരുന്ന പോലീസുകാരൻ സംശയം തീർത്ത് തന്നു …ഇടുക്കി ഡാം എന്ന് പറയുന്നത് മൂന്ന് ഡാമുകൾ ചേർന്നതാണ് ..ഇക്കാണുന്നതാണ് ആർച്ച് ഡാം …ഇതിനപ്പുറത്ത് ,കുളമാവ് ,ചെറുതോണി ഡാമുകൾ കൂടിയുണ്ട് …ചെറുതോണി ഡാമിന്റെ ഷട്ടറുകലാണ് ആവശ്യം വന്നാൽ തുറക്കുക .

ഒന്ന് നിർത്തി അയാൾ ചോദിച്ചു ..” അല്ല ഈ മഴയും ഉരുൾ പൊട്ടലുമൊക്കെയുള്ളപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നത് ?” …”ഒന്നൂല്ല സർ ഡാം തുറന്നാൽ ഒന്ന് കാണാൻ “…ഡാം തുറക്കുമെന്ന വാർത്ത പരന്നപ്പോഴെക്ക് പുറത്തുള്ള ആളുകൾ സ്ഥലം കാലിയാക്കികൊണ്ടിരിക്കുകയാണ് …അപ്പൊഴൊരുത്തൻ ഇങ്ങൊട്ട് …

അതങ്ങിനെയാണ് …തല പണ്ടേ തിരിഞ്ഞതാണ് …

പിറ്റേദിവസം നിരാശയായിരുന്നു ഫലം …കാത്തിരുപ്പിന്റെ ഒരു ദിവസം കൂടി ..അപ്പോഴേക്കും എന്നേപ്പോലെ ചില ഭ്രാന്തന്മാർ കൂടി മലകയറി വന്നിട്ടുണ്ട് ..പെട്ടന്ന് , ചെറുതോണി ടൗണിൽ കൂടി ഒരു പോലീസ് ജീപ്പ് ഉച്ചത്തിൽ മൈക് അനൗൺസ്മെന്റുമായി പോകുന്നു …” പൊതുജനങ്ങളുടെ ശ്രദ്ധക്ക് ..ഇടുക്കി ജലസംഭരണിയിൽ ജലനിരപ്പ് പരിധിയിലെത്തിയതിനാൽ ഏതാനും സമയത്തിനുള്ളിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതാണ്. ജനങ്ങൾ പുഴയുടെ കരയിൽ നിന്നും പരമാവധി അകലം പാലിക്കുക “…ജനങ്ങളുടെ മുഖത്ത് ഉത്ക്കണ്ഠയും , പരിഭ്രാന്തിയും , ആകാംക്ഷയും നിറഞ്ഞു …അക്കാണുന്ന മതിൽക്കെട്ടിനപ്പുറം പതിയിരിക്കുന്ന ഭൂതത്താൻ ഇപ്പോൾ കൂടുതുറന്നു വരും …
നോക്കി നിൽക്കെ മഴക്കാറ് കനത്ത് ഇരുൾ മൂടിയ അന്തരീക്ഷത്തിലൂടെ ആ കാഴ്ച കണ്ടു …മൂന്നു ഷട്ടറകുകളുടെ താഴെക്കൂടി വെള്ളിനിലാവിന്റെ പാൽക്കുടം ഇടിഞ്ഞു വീഴുന്നു …കുത്തിവീണ് പൊട്ടിച്ചിതറിയ ജലരാശി …പുഴയിലൂടെ അലറിയൊഴുകി ..ചെറുതോണി ടൗണിലെ ഒരു പാലം ചുള്ളിക്കമ്പു പോലെ ആ പ്രവാഹത്തിൽ ഒടിഞ്ഞു നുറുങ്ങിപ്പോയി …. ഭീതിയും കൗതുകവും തിങ്ങിനിറഞ്ഞ കാഴ്ച…നിമിഷങ്ങൾ കൊണ്ടു തന്നെ ഒഴുക്ക് സാധാരണ പോലെയായി …സംഹാരരൂപിണി രൂപം കൈവെടിഞ്ഞ പെരിയാർ ഇളവെയിലിൽ അലതല്ലിചിരിച്ചു …മൂന്ന് ദിവസങ്ങൾക്ക് ശേഷം ജലനിരപ്പ് താഴുകയും , വൃഷ്ടിപ്രദേശത്ത് മഴകുറയുകയും ചെയ്തതോടെ പെരിയാറിന് വീണ്ടും വിലങ്ങു വീണു …പിന്നീടിന്നു വരെ ഇടുക്കി അണക്കെട്ട് തുറന്നിട്ടില്ല …

ആ യാത്രയിൽ , ഡാമിന്റെ മുകളിലേക്ക് പോകാൻ കഴിഞ്ഞില്ല ..പിന്നീട് ഇടുക്കിയിൽ പോയത് 2008 ലാണ് ..കമ്പനിയുടെ ഒരു പ്ലഷർ ട്രിപ്പ് …അപ്പോഴും ഡാമിലേക്കുള്ള പ്രവേശനം തടയപ്പെട്ടിരിക്കുകയാണ് …ഓണത്തിനും ക്രിസ്തുമസ്സിനും മാത്രമേ പൊതുജനങ്ങൾക് പ്രവേശനമുള്ളൂ ..അല്ലങ്കിൽ തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അനുമതി വേണം ..പഠിച്ച എല്ലാ വിദ്യകളും , അത്യാവശ്യം കള്ളത്തരവും കാലുപിടിക്കലുമൊക്കെ ചേർന്നപ്പോൾ കാക്കി മാമന്മാരുടെ മനസ്സലിഞ്ഞു …ഫോട്ടോയെടുക്കരുത് , മൊബൈൽ കൊണ്ടുപോകരുത് , ശബ്ദമുണ്ടാക്കരുത് , ഇരിക്കരുത് , നിൽക്കരുത് ,ശ്വാസം വിടരുത് ..സുഗ്രീവാജ്ഞകൾ തലകുലുക്കി സമ്മതിച്ച് , വൈശാലിഗുഹയുടെ ഉള്ളിലൂടെ ഞങ്ങൾ ഡാമിലേക്ക് കടന്നു …ഡാമിന്റെ മുകളിലെത്തിയപ്പോൾ , ഒരു നിമിഷം കണ്ണു തള്ളിപ്പോയി …ഒരുവശത്ത് കടലോളം പോന്ന ജലാശയം ..മറുവശത്ത് പാതാളം പോലെയുള്ള അഗാധത …വേർതിരിച്ചുകൊണ്ട് , അപ്സരസ്സുകളുടെ പൊട്ടിവീണ വളക്കഷണം പോലെ വളഞ്ഞു നിൽക്കുന്ന ആർച്ച് ഡാം …

(എംടി -ഭരതൻ ടീമിന്റെ വിഖ്യാതമായ “വൈശാലി ” സിനിമയുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷനായിരുന്നു ഇടുക്കി ഡാം പരിസരം . അതിൽ , റുശ്യ ശ്രുംഗനും വൈശാലിയും തമ്മിലുള്ള സമാഗമ രംഗങ്ങൾ ഷൂട്ട് ചെയ്തത് ഡാമിലേക്ക് കടക്കുന്ന ഗുഹയിലാണ് …അന്നുമുതൽ ആ ഗുഹക്ക് വൈശാലി ഗുഹ എന്ന പേരുവീണു )

ഇറങ്ങി വന്നു , ഡാമിന്റെ താഴെ വരെ ചെന്നു ..താഴെ വെറും അഞ്ചടി മാത്രമേ നീളമുള്ളൂ …അവിടെയുള്ളവർ പറഞ്ഞത് , അതിനും താഴെ ഡാം തുടങ്ങുന്നത് ഒറ്റയൊരു കല്ലിൽ നിന്നാണ് …അടുത്ത് ചെല്ലുമ്പോഴാണ് , ജലാശയ ഭാഗത്തേക്ക് വളഞ്ഞിരിക്കുന്ന ആർച്ച് രൂപം വ്യക്തമാവുകയുള്ളു …അതേ …ഈ മതിലിനപ്പുറത്ത് , ഞങ്ങളുടെ തൊട്ടപ്പുറത്ത് , നൂറു മീറ്റർ ആഴമുള്ള ഒരു വമ്പൻ ജലാശയമാണ് …പത്തുപതിനഞ്ച് മിനിറ്റ് മാത്രമേ അവിടെ നിൽക്കാൻ സാധിച്ചുള്ളൂ എങ്കിലും , മലയിറങ്ങുമ്പോൾ ഉള്ളിൽ അനുഭൂതികളുടെ കോടമഞ്ഞു ചുരമിറങ്ങാൻ തുടങ്ങിയിരുന്നു …

ചരിത്രം

1919 ലാണ് , ഇടുക്കി വനാന്തരങ്ങളിൽ വേട്ടയാടി നടന്ന , മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ശ്രീ തോമസ് എർടാറ്റി , അവിടുത്തെ ഊരാളി മൂപ്പനായ കൊലുമ്പനെ കണ്ടുമുട്ടുന്നത്… വന്യസൗന്ദര്യങ്ങളിൽ ഒഴുകി നടന്ന തോമസിനു ,കുറവൻ കുറത്തി മലയുടെ ഐതിഹ്യം പറഞ്ഞു കൊടുക്കുന്നതും കൊലുമ്പനാണ് …പ്രണയാതുരതയിൽ ഒരുമിച്ച കുറവനും കുറത്തിയും ,ശാപഗ്രസ്തരായി ,രണ്ടു മലകളായി സ്ഥിതി ചെയ്യുന്നു …യുഗങ്ങൾക്കിപ്പുറം മനുഷ്യൻ അവരെ ചേർത്ത് കെട്ടും എന്ന ശാപമോക്ഷത്തിന്റെ ദിനം കാത്ത് ആ യുവമിഥുനങ്ങൾ , ഇടയിലൂടെ അരുവിയായൊഴുകുന്ന പെരിയാറിനെ ലാളിച്ച് കഴിഞ്ഞു കൂടുന്നു …ആദ്യ സന്ദർശനത്തിൽ തന്നെ , ഒരു വൻ സാധ്യത തിരിച്ചറിഞ്ഞ തോമസ് , ഇവിടെയൊരു അണകെട്ടി വൈദ്യുതോത്പാദനം നടത്താനുള്ള അവസരത്തെ പറ്റി ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു .

1947 ൽ , തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് ഇലെക്ട്രിക്കൽ എഞ്ചിനിയറായിരുന്ന ജോസഫ് ജോൺ ആണ് ആദ്യമായി വിശദമായ ഒരു റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നത് …പക്ഷെ, അതീവ ദുർഗ്ഗമമായ ആ മലമടക്കുകകളിൽ ഒരു കൂറ്റൻ അണക്കെട്ട് പണിയുന്നതിനുള്ള സാങ്കേതിക മികവ് അന്ന് നമുക്കുണ്ടായിരുന്നില്ല . അതുമല്ല അവിടെ വേണ്ടത് ഒരു ആർച്ച് ഡാമായിരിക്കണം എന്നത് മറ്റൊരു പ്രശ്നമായി ..ഡാമുകൾ പല തരമുണ്ട് …മണ്ണുകൊണ്ട് നിർമ്മിക്കുന്ന എർത് ഡാം , ഭാരം കരുത്തേകുന്ന ഗ്രാവിറ്റി ഡാം …ആർച് രൂപത്തിൽ ഉള്ളിലേക്കും വശത്തേക്കും വളഞ്ഞു നിൽക്കുന്ന ആർച്ച് ഡാം എന്നിങ്ങനെ പലതും …അണക്കെട്ട് നിർമ്മിക്കുന്ന ഭൂമിയുടെ പ്രത്യേകതകൾ , ഉൾക്കൊള്ളേണ്ട വെള്ളത്തിന്റെ അളവ് , താങ്ങാൻ കഴിയുന്ന മർദ്ദം …ഇതെല്ലാം കണക്കിലെടുത്താണ് ഏതു തരത്തിലുള്ള ഡാമാണ് വേണ്ടത് എന്ന് തീരുമാനിക്കുക …പണി തുടങ്ങുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം , അതുവഴി ഒഴുകുന്ന പുഴയെ വഴിതിരിച്ച് വിടുക എന്നതാണ് …ഹൃദയ ശസ്ത്രക്രിയ നടക്കുമ്പോൾ ഹൃദയം നിശ്ചലമാക്കി ,ആ ജോലി ഹാർട്ട് ലങ് മെഷീനെ ഏൽപ്പിക്കുന്നത് പോലെ …കൃത്രിമമായ ഒരു കനാലുണ്ടാക്കി വെള്ളം ആ വഴിക്ക് തിരിച്ച് വിടും ..

ഇടുക്കിയിൽ നിർദ്ദേശിക്കപ്പെട്ടത് മൂന്ന് അണക്കെട്ടുകളുടെ ഒരു കോമ്പിനേഷനാണ് …വെള്ളം രക്ഷപെട്ടു പോകാതിരിക്കാൻ തൊട്ടടുത്തുള്ള കുളമാവ് , ചെറുതോണി മലയിടുക്കുകളിൽ രണ്ട് സാധാരണ ഗ്രാവിറ്റി ഡാമും , കുറവൻ കുറത്തി മലകളെ ബന്ധിപ്പിച്ച് കൂറ്റൻ ആർച്ച് ഡാമും …സംഭരണിക്കു താഴെ ആറുമീറ്റർ വ്യാസത്തിലും , 6000 മീറ്റർ നീളത്തിലുമുള്ള തുരങ്കവും ..മൂലമറ്റത്ത് ഭൂഗർഭത്തിൽ സ്ഥിതിചെയ്യുന്ന 750 മെഗാവാട്ട് വൈദ്യുതി നിലയവും ചേർന്ന രീതിയിലാണ് , പദ്ധതി രൂപകല്പന ചെയ്യപ്പെട്ടത് …1963 കേന്ദ്രഗവൺമെന്റ് അനുമതിയും , പിന്നാലെ പാരിസ്ഥിതിക അനുമതിയും ലഭിച്ചതോടെ പെരിയാറിനെ പിടിച്ച് കെട്ടാനുള്ള നീക്കങ്ങൾക്ക് ശക്തിയേറി ..കാനഡയിലെ SNC കമ്പനിയുടെ സാങ്കേതിക , സാമ്പത്തിക സഹായം കൂടി ഉറപ്പാക്കിയപ്പോൾ , KSEB സൂപ്രണ്ടിങ് എഞ്ചിനിയർ പീലിപ്പോസിന്റെ നേതൃത്വത്തിൽ കേരളം കണ്ട ഏറ്റവും വലിയ വികസന പദ്ധതി ചിറകു വിരിച്ചു ….പടുകൂറ്റൻ യന്ത്രസാമഗ്രികളും ആയിരക്കണക്കിന് തൊഴിലാളികളും ഇടുക്കിയിലെ മലമടക്കുകളിൽ തമ്പടിച്ചു …

എഞ്ചിനീയർമാരും , സാങ്കേതിക വിദഗ്ദ്ധരും , തൊഴിലാളികളും ഉറക്കമൊഴിച്ച് , ഒരു അണക്കെട്ട് നിറക്കാനുള്ള വിയർപ്പൊഴുക്കിയപ്പോൾ , ജാലവിദ്യക്കാരന്റെ തൊപ്പിയിൽ നിന്നെന്നോണം ആ മഹാത്ഭുതം കുറവൻ കുറത്തി മലയിടുക്കിൽ മുളച്ച് പൊന്തി …സാധാരണ ഗ്രാവിറ്റി ഡാമുകൾ മാത്രം കണ്ടിട്ടുള്ള മലയാളി , അതിനേക്കാൾ ഒരുപാട് മെലിഞ്ഞു, ഒരു തളിക പോലെ വളഞ്ഞ ഈ കോൺക്രീറ്റു രൂപത്തെ ഭീതി കലർന്ന അത്ഭുതത്തോടെയാണ് കണ്ടത് …ഈ വിചിത്ര സൃഷ്ടിയാണോ ഒരു പടുകൂറ്റൻ ജലാശയത്തെ തടുത്ത് നിർത്താൻ പോകുന്നത് എന്നവർ ചിന്തിച്ചിട്ടുണ്ടാകും …1973 ൽ 169 മീറ്റർ ഉയരവും , 683 മീറ്റർ കൂടിയ നീളവുമുള്ള ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ടാം പൂർത്തിയായി …169 മീറ്റർ ഉയരമെന്നാൽ അറുപത് നില കെട്ടിടത്തിന്റെ ഉയരം …1974 ഫെബ്രുവരിയിൽ ഡാമിൽ വെള്ളം നിറച്ചു ..1975 ഒക്ടോബറിൽ മൂലമറ്റത്ത് നിന്നും ആദ്യമായി വൈദ്യുതി പുറത്തേക്കൊഴുക്കി പവർ ഹൗസിന്റെ ട്രയൽ റൺ ആരംഭിച്ചു …1976 ഫെബ്രുവരി 12 ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടുക്കി പദ്ധതി രാഷ്ട്രത്തിനു സമർപ്പിച്ചു …

അന്നുമുതൽ , ദേവഗംഗയെ ഭൂമിയിൽ പിടിച്ച് കെട്ടിയ മഹാദേവന്റെ ജടാമകുടം പോലെ വളഞ്ഞ് പുളഞ്ഞ ഇടുക്കി ഡാമും ജലാശയവും കേരളത്തിന്റെ ഹൃദയമായി …അവിടെനിന്നൊഴുകുന്ന വെള്ളം മലയാളിയുടെ രക്തമായി ..മൂലമറ്റത്തുനിന്ന് പ്രവഹിക്കുന്നത് വൈദ്യുതിയില്ല , ദൈവത്തിന്റെ സ്വന്തം നാടിന്റെ ഹൃദയത്തുടിപ്പുകൾ തന്നെയാണ് …ഇടുക്കിയിൽ വെള്ളം കുറയുമ്പോൾ ,നാം ഉറക്കം ഞെട്ടാൻ തുടങ്ങി ..സ്വന്തം നാട്ടിൽ പെയ്തില്ലങ്കിലും , ഇടുക്കിയിൽ തകർത്ത് പെയ്യാൻ മഴദൈവങ്ങളോട് നാം കണ്ണീരൊഴുക്കി..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments